ബേസിലിന്റെ ബുബ്ക, കേരളത്തിന്റെയും‘
ബേസിലിന്റെ ബുബ്ക, കേരളത്തിന്റെയും‘
Monday, December 5, 2016 2:22 PM IST
തേഞ്ഞിപ്പലം: കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ സെർജി ബുബ്കയായി അനീഷ് മധു. ലോകപ്രസിദ്ധ പോൾവോൾട്ട് താരം യുക്രെയ്നിന്റെ സെർജി ബുബ്ക ഉയരങ്ങൾ കീഴടക്കിയ നിമിഷങ്ങൾ കായികലോകത്തു നിറഞ്ഞുനിൽക്കുമ്പോൾ വെറുമൊരു സ്കൂൾ താരമായ അനീഷ് മധു കായികകേരളത്തിന് അഭിമാനമായി പുത്തൻ ഉയരങ്ങൾ കീഴടക്കുകയാണ്. പത്താംക്ലാസ് വിദ്യാർഥിയായ അനീഷ് മധു 4.05 മീറ്റർ ഉയരമാണ് ചാടിക്കടന്നത്. അതാകട്ടെ പുതിയ റിക്കാർഡും.

38 പേർ പങ്കെടുത്ത ജൂണിയർ വിഭാഗം പോൾവോൾട്ടിൽ പാലക്കാട് കല്ലടി സ്കൂളിലെ വിനീതിനെ പിന്തള്ളിയാണ് അനീഷ് സ്വർണമണിഞ്ഞത്. കഴിഞ്ഞവർഷവും ഇവർ തന്നെയാണ് അവസാനറൗണ്ടിൽ ഏറ്റുമുട്ടിയത്. അതുകൊണ്ടു തന്നെ വാശിയേറിയ പോരാട്ടമാണ് ജൂണിയർ വിഭാഗത്തിൽ ഇക്കുറി നടന്നത്. ഒടുവിൽ കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ വിഷ്ണു ഉണ്ണിയുടെ പേരിലുള്ള 3.90 മീറ്റർ അനീഷ് ഭേദിക്കുകയായിരുന്നു.

ഈ വിഭാഗത്തിൽ 4.20 ആണ് ദേശീയ റിക്കാർഡ്. കഴിഞ്ഞവർഷം 3.90 മീറ്ററോടെ സ്വർണമെഡൽ നേടിയിരുന്നു അനീഷ്. ഒക്ടോബറിൽ എറണാകുളത്ത് നടന്ന സംസ്‌ഥാന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4.10 മീറ്റർ ചാടി സ്വർണം കരസ്‌ഥമാക്കി. ഇടുക്കി കൊച്ചറ ചേറ്റുകുഴി പുത്തൻപുരയ്ക്കൽ മധുവിന്റെയും സ്വപ്നയുടെയും മകനാണ് അനീഷ്. ഇടത്തരം കുടുംബാംഗമായ അനീഷിന്റെ കഠിനപ്രയത്നം മൂലമാണ് പോൾവോൾട്ടിൽ ഉന്നതിയിലെത്തിയത്.


ഇന്നലെ ഓരോ ചാട്ടം കഴിഞ്ഞും പരിശീലകൻ ചാൾസിന്റെ അടുത്തുപോയി നിർദേശങ്ങൾ സ്വീകരിച്ചാണ് അനീഷ് ഉയരങ്ങളിലെത്തിയത്. ഇടയ്ക്ക് ഫൗളുകൾ വന്നിട്ടും നിരാശനാകാതെ അനീഷ് ധൈര്യത്തോടെ മുന്നേറി. ഈയിനത്തിൽ സീനിയർ പെൺകുട്ടികളുടെയും ജൂണിയർ ആൺകുട്ടികളുടെയും സ്വർണം മാർ ബേസിലിനാണ്. കഠിനാധ്വാനമാണ് അനീഷിന്റെ വിജയത്തിന്റെ കാരണമെന്നു ചാൾസ് പറയുന്നു. നേരത്തെ ഹൈജംപിൽ അനീഷ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും പിന്നീട് പോൾവോൾട്ടിലേക്കു മാറുകയായിരുന്നു. മറ്റ് അത്ലറ്റിക്സ് ഇനങ്ങളിൽ നിന്നു വിഭിന്നമായി സാങ്കേതികത നിറഞ്ഞയിനമാണ് പോൾവോൾട്ട്. കാറ്റിന്റെ ഗതി, അന്തരീക്ഷം എന്നിവ അനുകൂലമായാൽ മാത്രമേ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയൂ. വിദേശരാജ്യങ്ങളിലെല്ലാം പലപ്പോഴും ഇൻഡോറിലാണ് ഇതിന്റെ പരിശീലനം നടക്കാറ്. മലപ്പുറത്തെ കായികമേളയിൽ എല്ലാം ഒത്തുവന്നു. അഞ്ചാംക്ലാസ് മുതൽ അനീഷ് മാർ ബേസിലിലുണ്ട്. രണ്ടു സഹോദരികളുണ്ട് അനീഷിന്. അഞ്ജലിയും അമൃതയും.

വി. മനോജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.