കാറിനുമുകളിൽ ലോറി മറിഞ്ഞ് മൂന്നു യുവാക്കൾ മരിച്ചു
കാറിനുമുകളിൽ ലോറി മറിഞ്ഞ് മൂന്നു യുവാക്കൾ മരിച്ചു
Thursday, May 26, 2016 1:02 PM IST
ഇരിട്ടി: കോളജ് വിദ്യാർഥികളടങ്ങിയ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ടവേര കാറിനു മുകളിലേക്കു ചരക്കുലോറി പാഞ്ഞുകയറി മറിഞ്ഞു വടകര സ്വദേശികളായ മൂന്നുപേർ മരിച്ചു. ഏഴുപേർക്കു പരിക്കേറ്റു.

മണിയൂർ ചെരണ്ടത്തൂരിലെ വടകര എംഎച്ച്ഇഎസ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർഥി മേപ്പയൂർ ഇരിങ്ങത്ത് പുത്തൻ പുരയിൽ മുഹമ്മദ് യാസിൻ(19), മേമുണ്ട ചല്ലിവയൽ ചാത്തൻ പുളിഞ്ഞോളി മുഹമ്മദ് മിൻഹാജ്(20), പതിയാരക്കര താഴെ പാറേമ്മൽ ആഷിക്(19) എന്നിവരാണു മരിച്ചത്. സാരമായി പരിക്കേറ്റ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥികളായ വടകര കസ്റ്റം സ് റോഡ് റഹ്മയിൽ ഷഹബാസ് (20), ചെമ്മരത്തൂർ ആര്യന്നൂർ കിഴക്കെ പറമ്പത്ത് ഷാജഹാൻ(19) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മേമുണ്ട പാലോ ത്ത് ജൗഹർ, പാലോത്ത് സുഫൈദ്, മൂരാട് സ്വദേശി സഫീർ എന്നിവരെ കണ്ണൂർ എകെജി ആശുപത്രിയിലും ലോറി ഡ്രൈവർ രാജീവനെ(32) ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയി ലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന തിക്കോടി സ്വദേശി നാദിർ, ആയഞ്ചേരി പൈങ്ങോട്ടായി സ്വദേശി ബിലാൽ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇരിട്ടി–വിരാജ്പേട്ട അന്തർസംസ്‌ഥാന പാതയിൽ മാക്കൂട്ടം ചുരത്തി ലെ പെരുമ്പാടി ചെക്ക്പോസ്റ്റിനു സമീപം ഇന്നലെ പുലർച്ചെ മൂന്നേകാലോടെയായിരുന്നു അപകടം.

ബംഗളൂരുവിലേക്കു വിനോദയാത്രയ്ക്കുപോകുകയായിരുന്ന വടകര ചെരണ്ടത്തൂരിലെ എംഎച്ച്ഇഎസ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥികളും ഇവരുടെ സുഹൃ ത്തുക്കളുമാണ് അപകടത്തിൽപ്പെട്ടത്.

വിരാജ്പേട്ടയിൽനിന്നു ചുക്ക് കയറ്റി ഇരിട്ടി ഭാഗത്തേക്കു വരികയായിരുന്ന ലോറി പെരുമ്പാടി ചെക്ക്പോസ്റ്റിൽ കൈകാണിച്ചിട്ടും നിർത്തിയിരുന്നില്ല. ചെക്ക്പോസ്റ്റ് കഴിഞ്ഞ് നൂറുമീറ്റർ ചെന്നപ്പോഴേക്കും ലോറി നിയന്ത്രണംവിട്ടു പെരുമ്പാടി വളവിൽ നിർത്തിയിട്ട രണ്ടു നാഷണൽ പെർമിറ്റ് ലോറികളിലിടിച്ചശേഷം എതിരേവരികയായിരുന്ന കാറിനു മുകളിലേക്കു മറിയുകയായിരുന്നു.

കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ സംഭവസ്‌ഥലത്തുണ്ടായിരുന്നവർ നടത്തിയ ശ്രമം വിജയിച്ചില്ല. ഒന്നരമണിക്കൂർ കഴിഞ്ഞു വിരാജ്പേട്ടയിൽനിന്നെത്തിയ അഗ്നിശമനസേനയുടെ പക്കൽ ആയു ധങ്ങൾ ഉണ്ടായിരുന്നില്ല. ക്രെയിൻകൊണ്ടു ലോറി ഉയർത്താനുള്ള ശ്രമത്തിനിടെ വടംപൊട്ടി ലോറി കാറിനു മുകളിലേക്കു പതിച്ചു.

ഇരിട്ടിയിൽനിന്നു രാവിലെ ഏഴോടെ അഗ്നിശമന സേനയെത്തി ലോറി മുറിച്ചു മാറ്റിയാണു മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ഇരിട്ടി–ബംഗളൂരു പാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

വടകര ഇരിങ്ങത്തെ പുത്തൻപുരയിൽ നാസർ–സീനത്ത് ദമ്പതികളുടെ മകനാണ് മരിച്ച മുഹമ്മദ് യാസിൻ. സഹോദരൻ: ഷാഹിൻ. വടകര ടൗണിലെ ക്ലാസിക് സ്റ്റേഷന റിയിൽ സെയിൽസ്മാനാണു മരിച്ച ആഷിഖ്. പാറമേൽ അബ്ദുൾറഹ്മാ ൻ (കുവൈത്ത്)–സാജിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജന്നത്തുൽ ഫർമീന, മുനവീർ. അബ്ദുൾകരീം–ഹാജറ ദമ്പതികളുടെ മകനാണു മരിച്ച മിൻഹാജ്. സഹോദരങ്ങൾ: നജ്മ, അജ്മല, നാജിയ.

മൃതദേഹങ്ങൾ വീരാജ്പേട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.