മൊബൈലുമായി വീണ്ടും നിസാം; വധഭീഷണി മുഴക്കിയെന്നു പരാതി
മൊബൈലുമായി വീണ്ടും നിസാം; വധഭീഷണി മുഴക്കിയെന്നു പരാതി
Saturday, October 22, 2016 12:27 PM IST
തൃശൂർ: കോളിളക്കം സൃഷ്‌ടിച്ച ചന്ദ്രബോസ് കൊലക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി മുഹമ്മദ് നിസാം സഹോദരങ്ങൾക്കെതിരേ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ അന്വേഷണം. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. ഇയാൾ മൊബൈൽ ഫോൺ വഴി വിളിച്ചു ഭീഷണി മുഴക്കിയെന്നാണ് ആരോപണം.

നിസാം ജയിലിൽ ഫോൺ ഉപയോഗിക്കുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. സഹോദരങ്ങളെ എവിടെനിന്നാണ് നിസാം വിളിച്ചതെന്നും ആരുടെ ഫോണിൽനിന്നാണിതെന്നും പരിശോധിച്ചുവരുന്നു.

കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ബന്ധുക്കൾ ഇക്കാര്യം ഒരാഴ്ച മുമ്പുതന്നെ തൃശൂർ റൂറൽ എസ്പി നിശാന്തിനിയെ കണ്ടു പരാതിപ്പെട്ടിരുന്നു. പോലീസിന്റെയും ജയിൽ അധികൃതരുടെയും വഴിവിട്ട സഹായം നിസാമിനു കണ്ണൂരിൽ ലഭിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും.

തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണു നിസാം ഇപ്പോൾ. നിസാം തങ്ങൾക്കെതിരേ വധഭീഷണി മുഴക്കിയെന്നു സഹോദരങ്ങളാണു തൃശൂർ റൂറൽ എസ്പി നിശാന്തിനിക്കു പരാതി നൽകിയത്.

എവിടെ നിന്നാണ്, എപ്പോ ഴാണു ഭീഷണി മുഴക്കിയതെന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല. ബംഗളൂരുവിൽ മറ്റൊരു കേസിന്റെ വിചാരണയ്ക്കായി കൊണ്ടുപോകുമ്പോഴാണു നിസാം ബന്ധുക്കളെ വിളിച്ചു വധഭീഷണി മുഴക്കിയതെന്നാണു സൂചന. വിചാരണയ്ക്കു കൊണ്ടുപോയ ബസിൽ നിസാമിന്റെ സുഹൃത്തുക്കളും ഓഫീസ് ജീവനക്കാരും യാത്ര ചെയ്തിരുന്നുവെന്നും പരാതിയുയർന്നിട്ടുണ്ട്. നിസാമിന്റെ ചെലവിലായിരുന്നു ബംഗളൂരു യാത്രയെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കും.

ഇരട്ട ജീവപര്യന്തത്തിനു തടവിലായതോടെ നിസാമിന്റെ കോടിക്കണക്കിനു രൂപയുടെ ആസ്തികൾ സംബന്ധിച്ചും ബിസിനസ് സാമ്രാജ്യം സംബന്ധിച്ചും അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതേച്ചൊല്ലി നിസാമും സഹോദരങ്ങളും തമ്മിൽ തർക്കമുണ്ടായിട്ടുണ്ടെന്നാണു സൂചന. ബിസിനസ് കാര്യത്തിൽ താൻ ചതിക്കപ്പെട്ടതായി നിസാം കരുതുന്നുണ്ടെന്നു സഹോദരനുമായുള്ള സംഭാഷണത്തിൽനിന്നു സൂചന ലഭിക്കുന്നുണ്ട്. സഹോദരനെ നിസാം കടുത്ത ഭാഷയിൽ ശകാരിക്കുന്നുണ്ട്. ഇതിന്റെ രേഖകളെല്ലാം റൂറൽ എസ്പിക്കു നിസാമിന്റെ ബന്ധുക്കൾ കൈമാറി.ജയിലിൽ എല്ലാ സൗകര്യങ്ങളും നിസാമിനു ലഭിക്കുന്നുണ്ടെന്ന സംശയമുണർന്നതോടെ ഐജിക്കും ജയിൽ സൂപ്രണ്ടിനും ഇതു സംബന്ധിച്ചു പരാതി നൽകാൻ ചന്ദ്രബോസിന്റെ ബന്ധുക്കൾ തയാറെടുക്കുകയാണ്. കെ.രാജൻ എംഎൽഎ മുഖാന്തിരം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടുനീക്കുന്നുണ്ടെന്നു ചന്ദ്രബോസിന്റെ ബന്ധുക്കൾ പറഞ്ഞു.


ജയിലിൽ നിസാമിന്റെ മൊബൈൽ ഉപയോഗത്തിനു തെളിവ്

തൃശൂർ: ഇരട്ടജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂർ ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാം ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നു. ജയിൽ അധികൃതരുടെ ഒത്താശയോടെയാണു ഫോൺവിളി നടക്കുന്നതെന്നാണ് ആരോപണം.

രണ്ടു നമ്പറുകളാണു നിസാം ഉപയോഗിക്കുന്നതെന്നും എല്ലാ ദിവസവും ഫോൺ വിളിക്കാറുണ്ടെന്നുമുള്ള വിവരങ്ങൾ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു.97465 76553, 87697 31302 എന്നീ നമ്പരുകൾ രണ്ടും കണ്ണൂർ ജയിൽ ടവർ പരിധിയിലാണുള്ളതെന്നും രണ്ടു തടവുകാരുടെ പേരിലാണു നമ്പറുകളെന്നും പറയുന്നു. രാജസ്‌ഥാൻ സ്വദേശിയായ ഒരു തടവുകാരന്റെ പേരിലാണ് ഒരു നമ്പർ. മറ്റേതു കാസർഗോഡ് മുതൂർ പഞ്ചായത്തിലെ ഒരു തടവുകാരന്റെ പേരിലും. വൈകിട്ട് അഞ്ചിനും ആറരയ്ക്കും ഇടയിലാണു ഭാര്യയുമായുള്ള ഫോൺവിളികൾ. ബാക്കിയുള്ള സമയങ്ങളിൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഭാര്യയും ബന്ധുക്കളുമായും ബിസിനസ് കാര്യങ്ങൾ ഉൾപ്പെടെയുള്ളവ സംസാരിക്കുന്നതായി ഫോൺവിളിയിൽനിന്നു വ്യക്‌തമായിട്ടുണ്ട്.

<ആ>നിസാമിന്റെ ഫോൺവിളി: ജയിൽ വകുപ്പിനു വീഴ്ചയില്ലെന്നു ഡിഐജി

കണ്ണൂർ: ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാം മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ ജയിൽവകുപ്പിനു വീഴ്ച പറ്റിയിട്ടില്ലെന്ന് ഉത്തരമേഖലാ ജയിൽ ഡിഐജി ശിവദാസൻ തൈപ്പറമ്പിൽ. കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ മുഹമ്മദ് നിസാം മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല. ബംഗളൂരു യാത്രയ്ക്കിടയിലാണു ഫോൺ വിളിച്ചതെന്നു നിസാം തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാനാണ് ഇയാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഇതിന്റെ ഉത്തരവാദിത്വം ജയിൽ വകുപ്പിനല്ല, പോലീസിനാണ്. ഈ യാത്രയ്ക്കിടെ അനുജനെ മാത്രമാണു വിളിച്ചതെന്നാണു നിസാം പറഞ്ഞത്. ഭീഷണിപ്പെടുത്തിയെന്ന രൂപത്തിൽ പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്ന് നിസാം പറഞ്ഞിട്ടുണ്ടെന്നും ഡിഐജി വ്യക്‌തമാക്കി. ജയിലിൽനിന്നും ഫോൺ ഉപയോഗിക്കാറുണ്ടെന്ന വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ഇക്കാര്യം അന്വേഷിക്കുന്നതിനായി കണ്ണൂർ സെൻട്രൽ ജയിലിലെത്തിയതായിരുന്നു ഡിഐജി.


നിസാമിന് അനർഹമായ സൗകര്യങ്ങളും പരിഗണനയും ലഭിക്കുണ്ടെന്ന വാർത്തയിൽ ജയിൽവകുപ്പ് മേധാവിയോടു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയിരുന്നു.


നിസാം ജയിലിൽ സുഖജീവിതം നയിക്കുകയാണെന്നു സഹോദരൻ

തൃശൂർ: ഇരട്ടജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ കഴിയുന്ന മുഹമ്മദ് നിസാം ജയിൽ ജീവനക്കാരെ പണം കൊടുത്തു വരുതിയിലാക്കി സുഖജീവിതം നയിക്കുകയാണെന്നു നിസാമിന്റെ സഹോദരൻ.

ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണു നിസാമിന്റെ സഹോദരനായ പടിയം മുറ്റിച്ചൂർ അടയ്ക്കാപറമ്പിൽ എ.എ. റസാക്കിന്റെ ആരോപണം. തമിഴ്നാട് തിരുനൽവേലിയിലുള്ള കിംഗ് ബീഡി കമ്പനിയുടെ പാർട്ണറാണ് റസാക്ക്. നിസാമും കമ്പനിയുടെ പാർട്ണറാണ്.

നിസാം ജയിലിൽനിന്നു മൊബൈൽ ഫോൺ ഉപയോഗിച്ചു കമ്പനിയിലെ തൊഴിലാളികളെ വിളിച്ചു ബിസിനസിൽ തടസങ്ങൾ ഉണ്ടാക്കുന്നതായും റസാക്ക് പരാതിപ്പെട്ടിട്ടുണ്ട്. നിസാം ഉപയോഗിക്കുന്ന നമ്പറുകൾ 9746576553, 8769731302 എന്നിവയാണെന്നും ബിസിനസിലെ മറ്റു പാർട്ണർമാരെ നിസാം ശല്യം ചെയ്യുന്നതായും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് മറ്റൊരു സഹോദരനായ എ.എ. അബ്ദുൾ നിസാറിനൊപ്പം താൻ നിസാമിനെ കണ്ണൂർ ജയിലിൽ പോയി കണ്ടെന്നും അവിടെ വച്ചു തങ്ങളെ ബിസിനസിലെ ലാഭവിഹിതം സംബന്ധിച്ചു തർക്കങ്ങൾ ഉന്നയിച്ചു നിസാം ഭീഷണിപ്പെടുത്തിയെന്നും റസാക്ക് പറയുന്നു.

ബിസിനസിൽനിന്നുള്ള പണം തന്റെ കേസിനുവേണ്ടി മാറ്റിവയ്ക്കണമെന്നു നിസാം ആവശ്യപ്പെട്ടത്രെ. പണം കേസിനു വേണ്ടി മാറ്റിവയ്ക്കാത്ത പക്ഷം റസാക്കിന്റെ കൈയും കാലും വെട്ടിക്കളയുമെന്നും തന്റെ കൈയിൽ അതിനു പറ്റിയ തടവുകാരുണ്ടെന്നും ഭീഷണിപ്പെടുത്തി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുമായി നിസാമിനു ബന്ധമുണ്ടെന്നും തടവിൽ കഴിയുന്ന ഇവരെ ഉപയോഗപ്പെടുത്തി തന്നെയും സഹോദരനെയും ഇല്ലാതാക്കുമെന്നു നിസാം ഭീഷണിപ്പെടുത്തിയെന്നും റസാക്ക് ആരോപിക്കുന്നു.

തങ്ങൾ മരണഭയത്തിലാണെന്നും കുടുബ സ്‌ഥാപനത്തിലെ വരുമാനം ഭീഷണിയിലൂടെ അപഹരിച്ചെടുത്തു കേസിനുവേണ്ടി ധൂർത്തടിക്കാനുള്ള നിസാമിന്റെ ശ്രമം തടയണമെന്നും ആവശ്യപ്പെട്ടാണു റസാക്ക്പരാതി നൽകിയിരി ക്കുന്നത്.


കമ്പനി സെയിൽസ് മാനേജർ ജയിലിലെ സഹായി

തൃശൂർ: കിംഗ് ബീഡി കമ്പനിയുടെ സെയിൽസ് മാനേജർ രതീഷാണു തടവിൽ കഴിയുന്ന നിസാമിനു പണപരമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതെന്നു നിസാമിന്റെ സഹോദരൻ റസാക്ക് പരാതിയിൽ ആരോപിക്കുന്നു. ഇക്കഴിഞ്ഞ 21നു നിസാമിനെ ബംഗളൂരുവിലേക്കു വധശ്രമക്കേസിന്റെ വിചാരണയ്ക്കായി കണ്ണൂർ പോലീസ് കൊണ്ടുപോകുമ്പോൾ രതീഷ് ഇവരെ അനുഗമിച്ചിരുന്നത്രെ. നിസാമിന്റെ സുഹൃത്ത് ഷിബിനും ഇവർക്കൊപ്പമുണ്ടായിരുന്നതായി റസാക്ക് പറയുന്നു.

ഇരുപതാം തീയതി നിസാമിനെ ബംഗളൂരുവിലേക്കു കണ്ണൂരിൽനിന്നു കൊണ്ടുപോകുമ്പോൾ രണ്ടു തവണ റസാക്കിനെ നിസാം ഫോണിൽ വിളിച്ചിരുന്നു. റസാഖിന്റെ 8086077777 എന്ന നമ്പറിലേക്ക് ഇരുപതാം തീയതി വൈകിട്ട് 7.58നും 7.59നുമാണ് 9526987425 എന്ന നമ്പറിൽനിന്നു നിസാം വിളിച്ചത്. ചിമ്പുട്ടൻ എന്നറിയപ്പെടുന്ന ഷിബിൻ ഉപയോഗിച്ചിരുന്ന നമ്പറാണിതെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി റസാക്ക് കൂട്ടിച്ചേർത്തു. നിസാം ബീഡി കമ്പനിയിലെ വിഷയങ്ങൾ സംബന്ധിച്ചു സംസാരിച്ചു ഭീഷണിപ്പെടുത്തി, അസഭ്യം വിളിച്ചു, തന്നെയും എന്റെ കുടുംബത്തെയും ഇല്ലായ്മ ചെയ്യുമെന്നു പറഞ്ഞു– റസാക്ക് പരാതിയിൽ പറയുന്നു. ഈ സംഭാഷണം ഫോണിൽ റിക്കാർഡ് ചെയ്തിട്ടുണ്ട്.

തന്റെ അഭാവത്തിൽ കുടുംബസ്‌ഥാപനം നടത്താനാവില്ലെന്നു കാണിച്ചു മുഹമ്മദ് നിസാം പരോളിനും ജാമ്യത്തിനും ശ്രമിക്കുന്നതായും പരാതിയിലുണ്ട്.

തടവുപുള്ളികളെ ഉപയോഗിച്ചു തന്നെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമെന്നും പോലീസ് സംരക്ഷണം നൽകണമെന്നും നിസാമിന്റെ സഹോദരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.