പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തെ വെട്ടി
പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തെ വെട്ടി
Sunday, October 23, 2016 1:00 PM IST
കായംകുളം: വെട്ടുകേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ പ്രതിയുടെ അച്ഛൻ വെട്ടി. എഎസ്ഐ അടക്കം മൂന്നു പോലീസുകാർക്കാണു വെട്ടേറ്റത്. ഒരാളെ മർദിക്കുകയും ചെയ്തു. എഎസ്ഐയുടെ നില ഗുരുതരം. പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. കരീലക്കുളങ്ങര സ്റ്റേഷനിലെ എഎസ്ഐ സിയാദ്, സിപിഒമാരായ ഇക്ബാൽ, സതീഷ് എന്നിവർക്കാണു വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സിയാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ഇക്ബാൽ, സതീഷ് എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മർദനമേറ്റ രാജേഷിനെ കായംകുളം താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം അഞ്ചോടെ കുറ്റിത്തെരുവ് ദേശത്തിനകത്തായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി ഒന്നാംകുറ്റി ജംഗ്ഷനിൽ കടത്തിണ്ണയിൽ നിന്ന രണ്ടുപേരെ കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിലെ പ്രധാന പ്രതിയായ ദേശത്തിനകം കാട്ടിരേത്ത് തെക്കതിൽനിന്നു പുള്ളിക്കണക്ക് ചാലക്കൽ വാടകയ്ക്കു താമസിക്കുന്ന ഉണ്ണിക്കൃഷ്ണൻ ദേശത്തിനകത്ത് എത്തിയതറിഞ്ഞു പോലീസ്സംഘം കാറിലെത്തുകയായിരുന്നു. ഉണ്ണിക്കൃഷ്ണനെ പിടികൂടി കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു. പിന്നാലെ എത്തിയ പോലീസിനെ ഒരു സംഘം ആളുകൾ തടഞ്ഞതു പ്രതിക്കു രക്ഷപ്പെടാൻ അവസരമൊരുക്കി.


എന്നാൽ, പിന്നീട് പിടികൂടിയ ഇയാളെ കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ അച്ഛൻ ഗോപാലകൃഷ്ണൻ സ്കൂട്ടറിൽ സ്‌ഥലത്തെത്തി. കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ടു പോലീസുകാരനായ ഇക്ബാലിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ഇതു കണ്ടു തടയാനെത്തിയ എഎസ്ഐ സിയാദിനെ ചെത്താനുപയോഗിക്കുന്ന തേർകൊണ്ടു വെട്ടി. വെട്ടുകത്തികൊണ്ടു സതീഷിനെയും വെട്ടി.<യൃ><യൃ>വാഹനത്തിനു സമീപം നിന്നിരുന്ന രാജേഷിനെ കമ്പിവടികൊണ്ട് അടിച്ചിട്ടതോടെ പ്രതി വിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പോലീസുകാർ സമീപവീടുകളിൽ അഭയം തേടി. ഇതിനിടെ, ഗോപാലകൃഷ്ണനും സ്കൂട്ടറിൽ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് എസ്ഐ ഡി. രജീഷ്കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്‌ഥലത്തെത്തി.പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.