കേരളത്തിലെ സഹകരണ പ്രസ്‌ഥാനം ലോകത്തിനു മാതൃക: കടകംപള്ളി
കേരളത്തിലെ സഹകരണ പ്രസ്‌ഥാനം ലോകത്തിനു മാതൃക: കടകംപള്ളി
Tuesday, December 6, 2016 3:42 PM IST
കൊച്ചി: കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ സഹകരണപ്രസ്‌ഥാനങ്ങൾ ലോകത്തിനു മാതൃകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . കാക്കനാട് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സഹകരണ മേഖലാ സംസ്‌ഥാനതല സംരക്ഷണ കാംപയിനിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കറൻസിയിൽ 86 ശതമാനം വരുന്ന 500 രൂപ, 1000 രൂപ നോട്ടുകൾ നിരോധിച്ചതിലൂടെ കള്ളപ്പണക്കാരെ കണ്ടെത്താൻ കേന്ദ്രസർക്കാരിനു സാധിച്ചിട്ടില്ല. ലോകത്തിലെ ഭൂരിഭാഗം സാമ്പത്തികവിദഗ്ധരും ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ല. നിക്ഷേപം സ്വീകരിക്കുന്നതിൽനിന്ന് സഹകരണമേഖലയെ വിലക്കിയതിലൂടെ കാർഷികമേഖലയെ കൊളളപ്പലിശക്കാരിൽ നിന്ന് രക്ഷിക്കാൻ സഹായിച്ച കേരളത്തിലെ സഹകരണ പ്രസ്‌ഥാനത്തെ ഇല്ലായ്മ ചെയ്യാനുളള ശ്രമമാണെന്നും മന്ത്രി പറഞ്ഞു.

സംസ്‌ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. ആർബിഐ. നിയന്ത്രണത്തിലെത്തുമ്പോൾ മരണസഹായം, വിദ്യാഭ്യാസ സാമ്പത്തികസഹായം, വിലക്കയറ്റ നിയന്ത്രണ പരിപാടികൾ തുടങ്ങി സഹകരണ സംഘങ്ങൾ ഏറ്റെടുത്തു നടത്തുന്ന പല ജനോപകാര പ്രവർത്തനങ്ങൾക്കും വിഘാതമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സ്വാഗതസംഘം രൂപീകരണയോഗത്തിൽ സംസ്‌ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യൻ ജോയി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സഹകരണ യൂണിയൻ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ ബാങ്ക് പ്രസിഡന്റ് എൻ.പി. പൗലോസ്, സഹകരണസംഘം രജിസ്ട്രാർ എസ്. ലളിതാംബിക, കോട്ടയം ജില്ലാ ബാങ്ക് പ്രസിഡന്റ്് ഫിലിപ്പ് കുഴിക്കുളം, കണ്ണൂർ ജില്ലാ ബാങ്ക് പ്രസിഡന്റ് എം.കെ. ബാലകൃഷ്ണൻ, ജില്ലാ ബാങ്ക് ഡയറക്ടർ പി.ആർ. മുരളീധരൻ, കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ്, നാഫ്സ്കോബ് ഡയറക്ടർ കെ.പി. ബേബി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.