ഡൽഹിയിൽ മലയാളിവിദ്യാർഥിയെ മർദിച്ചു കൊന്നു
ഡൽഹിയിൽ മലയാളിവിദ്യാർഥിയെ മർദിച്ചു കൊന്നു
Thursday, June 30, 2016 1:36 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മലയാളിവിദ്യാർഥിയെ ഡൽഹിയിൽ പാൻമസാല വില്പനക്കാർ മർദിച്ചു കൊന്നു. മയൂർ വിഹാർ ഫേസ് മൂന്നിൽ പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ ഒൻപതാം ക്ലാസ് വിദ്യാർഥിയായ രജത്ത് (14) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം ട്യൂഷൻ ക്ലാസ് കഴിഞ്ഞെത്തിയ രജത്തിനെയും മൂന്നു സുഹൃത്തുക്കളെയും പാൻമസാല വില്പനക്കാരനും സംഘവും ചേർന്നു സമീപത്തുള്ള ഒഴിഞ്ഞ സ്‌ഥലത്തേക്കു കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നെന്നു നാട്ടുകാർ പറയുന്നു. മർദനത്തെത്തുടർന്ന് അബോധാവസ്‌ഥയിലായ രജത്തിനെ മർദിച്ചവർ തന്നെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ, വിദ്യാർഥി മരിച്ചെന്നു വ്യക്‌തമായതോടെ ഇവർ സ്‌ഥലം വിട്ടു. സംഭവത്തിൽ പാൻ വില്പനക്കാരനായ അലോക് പണ്ഡിറ്റും മക്കളും അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണു സംഭവം. നേരത്തേയുണ്ടായ തർക്കത്തിന്റെ ഭാഗമായി പാൻ മസാല വില്പനക്കാരനും സംഘവും ട്യൂഷൻ കഴിഞ്ഞെത്തിയ വിദ്യാർഥികളെ പിടികൂടി മർദിക്കുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. രജത്തിനൊപ്പം രണ്ടു മലയാളി വിദ്യാർഥികളും ഒരു ഹിന്ദിക്കാരനായ വിദ്യാർഥിയുമാണുണ്ടായിരുന്നത്.

കടയിൽനിന്നു മോഷണം നടത്തിയെന്നാരോപിച്ചു സമീപത്തെ ഒഴിഞ്ഞ സ്‌ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നെന്നു വിദ്യാർഥികൾ മൊഴി നൽകി. അബോധാവസ്‌ഥയിലായ രജത്തിനെ രണ്ടു പേർ ചേർന്നു താങ്ങിയെടുത്ത് ബൈക്കിലിരുത്തി ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയെ നടുവിലിരുത്തി മറ്റു രണ്ടു പേർ മുന്നിലും പിന്നിലുമായി ഇരുന്ന് ബൈക്കിൽ കൊണ്ടുപോകുകയായിരുന്നു.

രജത്തിനെ ആദ്യം മൂന്നു ക്ലിനിക്കുകളിൽ എത്തിച്ചെങ്കിലും ചികിത്സ നൽകാത്തതിനെത്തുടർന്ന് നാലാമതായി ലാൽബഹദൂർ ആശുപത്രിയിൽ എത്തിക്കുകയായികുന്നു. ബൈക്കിലെത്തിയവർ വിദ്യാർഥിയെ എടുത്തുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ ലാൽബഹദൂർ ആശുപത്രിയുടെ സിസി ടിവി വീഡിയോയിലുമുണ്ട്. ഒരു മണിക്കൂറിനു ശേഷമാണു മാതാപിതാക്കൾ സംഭവമറിയുന്നത്. അവർ പല ആശുപത്രികളിൽ കയറിയിറങ്ങിയതിനു ശേഷമാണ് രജത്തിനെ കണ്ടെത്തിയത്. അതിനു ശേഷമാണു പോലീസിനെ വിവരമറിയിച്ചത്.


രജത്തിനൊപ്പമുണ്ടായിരുന്ന വിദ്യാർഥികൾക്കും സാരമായി മർദനമേറ്റു. ഇവരും ആശുപത്രിയിലെത്തി ചികിത്സ തേടിയതിനു ശേഷമാണു പോലീസിനു മൊഴി നൽകിയത്. എന്നാൽ, സംഭവം നടന്നു മണിക്കൂറുകൾ കഴിഞ്ഞിട്ടും നടപടിയെടുക്കാൻ ന്യൂ അശോക് നഗർ പോലീസ് തയാറായില്ല. മർദിച്ച പാൻമസാല വില്പനക്കാരൻ ഇന്നലെ രാവിലെ കട തുറന്നിരുന്നു. ഇതേത്തുടർന്ന് വിവിധ മലയാളി സംഘടനകളും മാധ്യമ പ്രവർത്തകരും നാട്ടുകാരും പ്രതിഷേധം ഉയർത്തിയതോടെയാണ് പോലീസ് ഇയാളെയും രണ്ടു കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, രജത്തിന്റെ മരണകാരണമെന്തെന്നു വ്യക്‌തമായതിനുശേഷം മാത്രമേ നടപടിയെടുക്കാനാവൂയെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മർദനം മൂലമാണു മരണമുണ്ടായതെന്നു കണ്ടെത്താനായിട്ടില്ല. മൃതദേഹത്തിൽ പരിക്കുകളും കാണുന്നില്ല. ആന്തരിക അവയവങ്ങൾ വിശദമായി പരിശോധിച്ചാലേ അതു കണ്ടെത്താനാകൂയെന്നും മരണകാരണം അതിനുശേഷം മാത്രമേ വ്യക്‌തമാകൂയെന്നും പോലീസ് പറയുന്നു.

അതേസമയം, നടപടിയെടുക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നു വീട്ടുകാരും മലയാളി സംഘടനകളും നിലപാട് സ്വീകരിച്ചതോടെയാണ് അലോക് പണ്ഡിറ്റിനെയും രണ്ടു മക്കളെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായത്. തുടർന്ന്, കൊലപാതകം അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് മൂന്നു പേരുടെയും അറസ്റ്റും രേഖപ്പെടുത്തി.

ഇതിനുശേഷം മൃതദേഹം ഗാസിപുർ ശ്മശാനത്തിൽ സംസ്കരിച്ചു. കൃഷ്ണകുമാരിയാണ് രജത്തിന്റെ അമ്മ. രാജീവ് മേനോൻ സഹോദരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.