മന്ത്രിസഭായോഗത്തിൽ കേന്ദ്രമന്ത്രിമാർക്കു മൊബൈൽഫോൺ വിലക്ക്
മന്ത്രിസഭായോഗത്തിൽ കേന്ദ്രമന്ത്രിമാർക്കു മൊബൈൽഫോൺ വിലക്ക്
Saturday, October 22, 2016 12:28 PM IST
ന്യൂഡൽഹി: കാബനിറ്റ് യോഗത്തിനെത്തുന്ന കേന്ദ്രമന്ത്രിമാർക്കു മൊബൈൽ ഫോണുകൾ വിലക്കി സർക്കാർ. മന്ത്രിസഭാ യോഗത്തിനെത്തു ന്ന മന്ത്രിമാർ ആധുനിക മൊബൈൽ ഫോണുകൾ കൊണ്ടുവരരുതെന്നാണു നിർദേശം. സൈബർ സുരക്ഷാഭീഷണി സംബന്ധിച്ച വാർത്തകൾ ലോകമെങ്ങും തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിലാണു നിർദേശം. ഒക്ടോബർ 17നു കാബിനറ്റ് സെക്രട്ടേറിയറ്റ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്രമന്ത്രിസഭാ, കേന്ദ്രമന്ത്രിസഭാ കമ്മിറ്റി യോഗങ്ങളിൽ സ്മാർട്ട് ഫോണുകളും മൊബൈൽ ഫോണുകളും കൊണ്ടുവരുന്നത് ഇനിമുതൽ അനുവദനീയമല്ലെന്നാണ് അറിയിപ്പ്. ഇക്കാര്യം മന്ത്രിമാരെ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. സൈബർ ഭീഷണി ഭയന്ന് ഇന്ത്യൻ സൈന്യം പാക് അധീന കാഷ്മീരിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുന്ന സമയത്ത് താൻ സ്മാർട്ട് ഫോൺ അകറ്റിവച്ചുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞിരു ന്നു. പ്രധാന യോഗങ്ങളിൽ താൻ സ്മാർട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയാണു പതിവ്. ഫോൺ ബാറ്ററിയിലൂടെയും സംഭാഷണങ്ങൾ ചോർത്താൻ കഴിയുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിനെതിരേ കോൺഗ്രസ് രംഗത്തെത്തി. ഉത്തരവ് സ്വേച്ഛാധിപത്യപരവും ഫാസിസ്റ്റ് നടപടിയുമാണെന്നു കോൺഗ്രസ് പറയുന്നു. ഇത്തരത്തിലൊരു ഉത്തരവ് ഇതാദ്യമാണ്. ആർഎസ്എസും ബിജെപിയും യാതൊരുവിധ സുതാര്യതയും ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇതെന്നും കോൺഗ്രസ് വക്‌താവ് അജോയ് കുമാർ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.