ഇദയക്കനി, പുരട്ചി തലൈവി
ഇദയക്കനി, പുരട്ചി തലൈവി
Monday, December 5, 2016 3:23 PM IST
ശ്രീലങ്കയിലെ കാണ്ഡിയിൽനിന്നെത്തിയ പാലക്കാട്ടുകാരനായ രാമചന്ദ്രനും മൈസൂരുവിൽനിന്നെത്തിയ ജയലളിതയും ബംഗളൂരുവിൽനിന്നെത്തിയ രജനീകാന്തും തമിഴകത്തും രാഷ്ട്രീയത്തിലും സിനിമയിലും വേരുറപ്പിച്ചു പടർന്നു പന്തലിച്ചത് അത്ഭുതകരമെന്നേ പറയേണ്ടൂ. ഭാഷയോടും സംസ്കാരത്തോടും ഏറെ ആഭിമുഖ്യം പുലർത്തുന്ന തമിഴ് ജനതയുടെ മനസിൽ കുടിയേറാൻ ഈ മറുനാട്ടുകാർക്കു കഴിഞ്ഞതെങ്ങനെ എന്നതൊരു സമസ്യതന്നെ.

എംജിആറും ജയലളിതയും സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും ഒന്നാംനിരയിലെത്തി. രജനി രാഷ്ട്രീയത്തിൽ സജീവമായില്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് എന്നും തമിഴകത്ത് ഏറെ പ്രസക്‌തിയുണ്ട്.

പഠനത്തിൽ അതിസമർഥ. സുന്ദരി. പതിനഞ്ചാം വയസിൽ ജയലളിത സിനിമാരംഗത്തേക്കു കടന്നില്ലായിരുന്നെങ്കിൽ അവരുടെ തലേവര മറ്റൊന്നാകുമായിരുന്നു. എംജിആറിന്റെ ഇദയക്കനി ആയിരുന്നുവെങ്കിലും അവരുടെ ജീവിതത്തിൽ അദ്ദേഹം ആരായിരുന്നുവെന്ന കാര്യം ജയലളിതതന്നെ മുഴുവൻ തുറന്നുപറഞ്ഞിട്ടില്ല. എങ്കിലും തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്‌തി ആരാണെന്ന ചോദ്യത്തിന് ജയലളിതക്ക് ഒറ്റ ഉത്തരമേയുള്ളൂ–എംജിആർ. തമിഴ് ജനത ജയലളിതയെ അമ്മാ എന്നും പുരട്ചി തലൈവി (വിപ്ലവനേതാവ്) എന്നും വിളിക്കുമ്പോൾ എംജിആറിന് അവർ അമ്മു ആയിരുന്നു. ആ അമ്മുവിനെ തമിഴരുടെ അമ്മാ ആക്കി മാറ്റിയതിനു പിന്നിൽ എംജിആറിന്റെ അനുഗ്രഹമുണ്ടായിരുന്നു.

എംജിആർ കഴിഞ്ഞാൽ ജയയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന വ്യക്‌തി അമ്മ സന്ധ്യയായിരുന്നു. തന്നെ താനാക്കിയതിൽ പ്രധാന പങ്കുവഹിച്ചതും തന്നെ ഏറ്റവുമധികം സ്വാധീനിച്ചതുമായ മൂന്നാമത്തെ വ്യക്‌തി താൻ പഠിച്ച കോൺവെന്റ് സ്കൂളിലെ മദർ സെലിൻ ആയിരുന്നുവെന്ന് ജയ ഒരിക്കൽ പറയുകയുണ്ടായി. കോൺവെന്റ് വിദ്യാഭ്യാസം അവർക്ക് ഇംഗ്ലീഷിൽ നല്ല അടിത്തറ നല്കി. മറ്റു വിഷയങ്ങളിലും ജയ മിടുമിടുക്കിയായിരുന്നു. ഹിന്ദി, കന്നട, മലയാളം, തമിഴ് ഭാഷകളും അവർക്കു വശമുണ്ട്. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ ജയലളിതയെ കോളജിലേക്കയയ്ക്കുന്നതിനുപകരം സിനിമാഭിനയത്തിനു വിടാൻ അമ്മ സന്ധ്യ തീരുമാനിച്ചതിനു പിന്നിൽ അന്നത്തെ അവരുടെ ജീവിതസാഹചര്യമായിരുന്നു.

മൈസൂർ സംസ്‌ഥാനത്തെ (ഇപ്പോൾ കർണാടക) മാണ്ഡ്യ ജില്ലയിൽ പാണ്ഡവപുരത്തുള്ള മേലുക്കോട്ടെയിൽ ജനിച്ച ജയലളിതയുടെ മുത്തച്ഛൻ മൈസൂർ രാജകൊട്ടാരത്തിലെ വൈദ്യനായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ ജയറാമിന്റെ മകളാണു ജയലളിത. മുത്തച്ഛനുണ്ടാക്കിയ സമ്പത്തൊക്കെ പിതാവ് ജയറാം ധൂർത്തടിച്ചു നശിപ്പിച്ചു. ജയലളിതയ്ക്കു രണ്ടു വയസുള്ളപ്പോൾ അച്ഛൻ ജയറാം മരിച്ചു. ജയയുമായി അമ്മ സന്ധ്യ പിന്നീട് ബംഗളൂരുവിലെ അവരുടെ വീട്ടിലേക്കു പോന്നു. പിന്നീട് സന്ധ്യ തമിഴ് സിനിമയിലേക്കു കടന്നപ്പോൾ ചെന്നൈയിലായി താമസം. അമ്മ സന്ധ്യയുടെ തണലിലായിരുന്നു എന്നും ജയ. പതിനഞ്ചാം വയസിൽ പഠനം നിർത്തി സിനിമയിലേക്കിറങ്ങിയതും അമ്മയുടെ നിർദേശമനുസരിച്ചായിരുന്നു.

പഠിച്ച് അഭിഭാഷകയാകണമെന്നും സമ്പന്നയാകണമെന്നും ചെറുപ്പത്തിൽ ജയലളിത ആഗ്രഹിച്ചിരുന്നു. പിതാവിന്റെ മരണശേഷം കുടുംബം നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളും അമ്മയുടെ വിഷമജീവിതവും ചേട്ടൻ ജയരാമന്റെ മരണവുമൊക്കെ ജയയെ ഉലച്ചു. അഭിഭാഷകയായില്ലെങ്കിലും പണക്കാരിയാകണമെന്ന മോഹം ജയ സഫലീകരിച്ചു. ഒരു അഭിഭാഷകയ്ക്കെന്നല്ല ഒരു സാധാരണ സ്ത്രീക്ക് എത്താവുന്നതിലുമപ്പുറം നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു.

‘വെണ്ണിറ ആടൈ’ എന്ന സിനിമയിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം. നായികമാരുടെ വസ്ത്ര സങ്കല്പത്തിൽ ജയലളിത വിപ്ലവകരമായൊരു മാറ്റമുണ്ടാക്കി. സാരിമാത്രം ധരിച്ചെത്തിയിരുന്ന നായികമാരിൽനിന്നു ഫ്രോക്കണിഞ്ഞ നായികയിലേക്കുള്ള മാറ്റം തമിഴ് സിനിമാ പ്രേക്ഷകരെ ഇളക്കിമറിച്ചു. എംജിആറിന്റെ നായികയായി 28 സിനിമകളിൽ അഭിനയിച്ചു.

രാഷ്ട്രീയത്തിലും എന്നും താരപരിവേഷത്തിലായിരുന്നു ജയലളിത. ആർഭാടജീവിതത്തെക്കുറിച്ചും നിരവധി കഥകളുണ്ട്. ആയിരക്കണക്കിനു സാരികളും നൂറുകണക്കിനു ചെരിപ്പുകളുമാണ് അവരുടെ ശേഖരത്തിലുള്ളത്. വളർത്തുമകൻ സുധാകരന്റെ വിവാഹം അന്ന് പത്തുകോടി രൂപ മുടക്കി പൊടിപൊടിച്ചത് വൻ വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഡിഎംകെ സർക്കാർ കേസുമെടുത്തു. എന്നാൽ 5.99 കോടിയേ ചെലവാക്കിയുളളുവെന്നും ഇതെല്ലാം പെൺവീട്ടുകാരുടെ ചെലവായിരുന്നുവെന്നുമായിരുന്നു ജയയുടെ വിശദീകരണം.

പരാജയങ്ങൾ ജയയെ ഒരിക്കലും തളർത്തിയില്ല. ഏതു തകർച്ചയിൽനിന്നും ഉയിർത്തെഴുന്നേല്ക്കാനുള്ള അസാമാന്യമായൊരു കരുത്ത് അവർക്കുണ്ടായിരുന്നു, ഭരണനൈപുണ്യത്തിലും ഉറച്ച തീരുമാനങ്ങളെടുക്കാനുള്ള കഴിവിലും അവരൊരു ആൺകുട്ടിതന്നെയായിരുന്നു.

ജയലളിതയുടെ നിയമ യുദ്ധങ്ങൾ

ചെന്നൈ: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയെ പ്രത്യേക കോടതി ശിക്ഷിച്ചെങ്കിലും നിരവധി കേസുകളിൽ കോടതി അവരെ വെറുതെ വിട്ടിട്ടുണ്ട്.

ടിഎഎൻഎസ്ഐ (താൻസി) ഭൂമി ഇടപാട് കേസിൽ 2000 ഒക്ടോബർ ഒമ്പതിനു ചെന്നൈ പ്രത്യേക കോടതി ശിക്ഷിച്ചതിനെത്തുടർന്ന് 2001 ലെ തെരഞ്ഞെടുപ്പിൽ ജയലളിത മത്സരിച്ചിരുന്നില്ല. ഇതു പരിഗണിക്കാതെ അന്നത്തെ ഗവർണർ എം. ഫാത്തിമ ബീവി ഇവരെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചു. കുറ്റക്കാരിയാണെന്നു സുപ്രീംകോടതി കണ്ടെത്തിയതിനെത്തുടർന്ന് 2001 സെപ്റ്റംബർ 21 ന് ജയലളിത മുഖ്യമന്ത്രിസ്‌ഥാനം രാജിവയ്ക്കേണ്ടിവന്നു. ജനപ്രാതിനിധ്യനിയമം അനുസരിച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യയാക്കി.

പിന്നീട്, മദ്രാസ് ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്‌തയാക്കി. 2003 നവംബറിൽ സുപ്രീംകോടതി ഇതു ശരിവച്ചു. താൻസി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ജയ പബ്ലിക്കേഷൻ കേസിൽ ജയലളിതയെയും തോഴി ശശികലയെയും മൂന്നുവർഷം തടവിനും ശശി എന്റർപ്രൈസിസ് കേസിൽ രണ്ടു വർഷം തടവിനും ശിക്ഷിച്ചു. 2001 നിയമസഭാ തെരഞ്ഞെടുപ്പിൽ ആണ്ടിപ്പട്ടി ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ പത്രിക സമർപ്പിച്ചെങ്കിലും ഈ കേസുകൾ കാരണം പത്രിക തള്ളി.

1996 മുതൽ 2001 വരെയുള്ള ഡിഎംകെ ഭരണകാലത്തു ജയലളിതയ്ക്കെതിരേ 14 കേസുകൾ ഫയൽ ചെയ്തു. ഇതിൽ പല കേസുകളിൽനിന്നും പിന്നീട് അവരെ കുറ്റവിമുക്‌തയാക്കി. പ്ലസന്റ് സ്റ്റേ ഹോട്ടൽ കേസിൽ പ്രത്യേക കോടതി രണ്ടുവർഷം തടവിനു ശിക്ഷിച്ചെങ്കിലും 2001 ഡിസംബർ നാലിന് മദ്രാസ് കോടതി ഇവരെ വെറുതേ വിട്ടു. സർക്കാർ നിയമങ്ങൾ കാറ്റിൽപ്പറത്തി പരിസ്‌ഥിതി പ്രാധാന്യമുള്ള കൊടൈക്കനാലിൽ ഹോട്ടൽ നിർമിക്കാൻ അനുമതി നൽകിയെന്നാണു കേസ്.

1996ൽ ജയലളിത അറസ്റ്റിലായ കളർ ടിവി കേസിൽ 2000 മേയ് 30ന് മദ്രാസ് കോടതി വെറുതെ വിട്ടു. 2009 ഓഗസ്റ്റ് 21 ന് സുപ്രീംകോടതി ഇതു ശരിവച്ചു.

28.28 കോടി രൂപയ്ക്കു സ്പിക് കമ്പനിയുടെ ഓഹരി വിറ്റകേസിൽ 2004 ജനുവരി 23ന് വെറുതെ വിട്ടു. കൽക്കരി ഇറക്കുമതി ചെയ്ത കേസിൽ 1999 പ്രത്യേക കോടതിയും മദ്രാസ് കോടതിയും വെറുതെ വിട്ടു. സുപ്രീംകോടതി പുനർവിചാരണയ്ക്കു നിർദേശിച്ചെങ്കിലും 2001 ഡിസംബർ 27 ജയയെ വിചാരണക്കോടതി വീണ്ടും കുറ്റവിമുക്‌തയാക്കി.

മൂന്നുലക്ഷം യുഎസ് ഡോളർ കോഴ വാങ്ങിയ ലണ്ടൻ ഹോട്ടൽക്കേസിൽ 2001 സെപ്റ്റംബർ 30 ന് മദ്രാസ് ഹൈക്കോടതി വെറുതെ വിട്ടു.

വാഗ്ദാനങ്ങൾ നടപ്പാക്കി തുടർഭരണം

500 മദ്യവില്പനശാലകൾ അടച്ചും മദ്യവില്പനസമയം കുറച്ചുമാണു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 2016ൽ തുടർച്ചയായ രണ്ടാംഭരണത്തിനു തുടക്കമിട്ടത്. കർഷകരുടെ വായ്പകളും എഴുതിത്തള്ളി. ഗാർഹിക ഉപയോക്‌താക്കൾക്കു രണ്ടുമാസം കൂടുമ്പോൾ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി കിട്ടും. അഞ്ഞൂറു മദ്യഷാപ്പുകൾ പൂട്ടിയപ്പോൾ സംസ്‌ഥാനത്ത് മദ്യവില്പനശാലകളുടെ എണ്ണം 6220 ആയി കുറഞ്ഞു. മദ്യക്കടകളുടെ പ്രവർത്തനസമയം ഉച്ചയ്ക്കു 12 മുതൽ രാത്രി പത്തുവരെയാക്കി.

ചെറുകിട– ഇടത്തരം കർഷകർ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും നിന്നെടുത്ത വിള വായ്പകളും ഹ്രസ്വ– ദീർഘകാല വായ്പകളും എഴുതിത്തള്ളി. നൂറു യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുന്നതിന് 1607 കോടി രൂപ ചെലവാകും. കർഷകർക്കും പവർലൂം നെയ്ത്തുകാർക്കും നൽകുന്ന സബ്സിഡി കൂടുമ്പോൾ മൊത്തം വൈദ്യുതി സബ്സിഡി 6500 കോടിക്കു മുകളിലാകും.

ദരിദ്ര പെൺകുട്ടികൾക്കു വിവാഹാവസരത്തിൽ നാലുഗ്രാം സ്വർണം നൽകുന്ന പദ്ധതി എട്ടു ഗ്രാമായി വർധിപ്പിച്ചു. സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനവും നടപ്പാക്കാൻ ഉത്തരവിറക്കി.



സിനിമാതാരത്തിൽനിന്നു രാഷ്ട്രീയ സിംഹാസനത്തിലേക്ക്

ചെന്നൈ: കാമറയ്ക്കു മുന്നിൽ ശങ്കിച്ചുനിന്ന കൗമാരക്കാരി പെൺകുട്ടിയിൽനിന്ന് അണ്ണാ ഡിഎംകെയുടെ സ്‌ഥാപകൻ എം.ജി. രാമചന്ദ്രൻ എന്ന എംജിആറിന്റെ ഇദയക്കനി ആയതോടെയാണു കുമാരി ജയലളിത എന്ന ജയലളിത ജയറാമിന്റെ രാഷ്ട്രീയ പ്രവേശനം.

തമിഴ്നാട് മുഖ്യമന്ത്രിസ്‌ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടതടക്കം ഉയർച്ചതാഴ്ചകൾ നിറഞ്ഞതായിരുന്നു അവരുടെ നാല്പതു വർഷം നീണ്ട രാഷ്ട്രീയ ജീവിതം.

പതിനഞ്ചാം വയസിൽ സിനിമാജീവിതം ആരംഭിച്ചു. വിദ്യാർഥിനി എന്ന നിലയിൽ പഠനത്തെ ഒരുപാട് സ്നേഹിച്ചു. സിനിമയോടുള്ള കമ്പം അവരെ താരറാണിയാക്കി.

ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച രാഷ്ട്രീയ പ്രവർത്തകരിലൊരാൾകൂടിയായ എംജിആറിന്റെ ജോടിയായി 28 സിനിമകളിൽ അഭിനയിച്ചു. ഈ കൂട്ടുകെട്ടാണു ജയലളിതയുടെ രാഷ്ട്രീയ പ്രവർത്തനത്തിനു വഴിതെളിച്ചത്.

കരുണാനിധിയുടെ ഡിഎംകെയിൽനിന്നു പിരിഞ്ഞ് 1972ൽ എംജിആർ എഡിഎംകെ രൂപീകരിച്ച് പത്തുവർഷം കഴിഞ്ഞ് പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ സെക്രട്ടറിയായി ജയലളിത നിയമിക്കപ്പെട്ടു. ഇംഗ്ലീഷിലുള്ള പരിജ്‌ഞാനം ജയലളിതയെ രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യുന്നതിനു കാരണമായി.

1984ൽ എംജിആർ അമേരിക്കയിൽ ചികിത്സയിലായിരുന്നപ്പോൾ പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങൾ ജയ ഏറ്റെടുത്തു. 1987 ഡിസംബറിൽ എംജിആർ മരിച്ചു. സംസ്കാര ചടങ്ങിനിടയിൽ അദ്ദേഹത്തിന്റെ ‘ഭാര്യ ജാനകിയുടെ സഹായികൾ ജയയെ അപമാനിച്ചു. ഇതു പാർട്ടിയിലെ ‘ഭിന്നതയ്ക്കു വഴിതെളിച്ചു.

1989ൽ ജയലളിത ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അന്നു പ്രതിപക്ഷ സ്‌ഥാനത്തിരുന്ന അവർ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെയുണ്ടായ സഹതാപതരംഗം മുതലെടുത്തു കോൺഗ്രസുമായി സഖ്യമുണ്ടാക്കി 1991ൽ മുഖ്യമന്ത്രിയായി. എന്നാൽ, 1991–96 കാലഘട്ടത്തിലാണു ജയയുടെ അപരാജിത മുന്നേറ്റത്തിനു തടസമുണ്ടാക്കി ആരോപണങ്ങൾ ഉടലെടുത്തത്. ജയയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരി ശശികല, ദത്തുപുത്രൻ സുധാകരൻ എന്നിവരുടെ പേരിലാണു ജയ പ്രതിരോധത്തിലായത്. സുധാകരന്റെ വിവാഹത്തിന് പത്തു കോടി രൂപ ചെലവഴിച്ചു എന്നുള്ളതാണ് ഒരു ആരോപണം.

ഈ അഴിമതി ആരോപണങ്ങൾ എഡിഎംകെയെ നിലംപരിശാക്കിയെന്നു 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഡിഎംകെ– ടിഎംസി സംഖ്യം സീറ്റുകൾ തൂത്തുവാരി. 1996ൽ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദന കേസടക്കം ചില കേസുകളിൽ ജയ അറസ്റ്റ് ചെയ്യപ്പെട്ടു.

എന്നാൽ, പോരാട്ടവീര്യത്തിനു പേരുകേട്ട ജയ ബിജെപിയുമായി കൈകോർത്ത് എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഭാഗമായി. എന്നാൽ, 1999ലെ വിശ്വാസ വോട്ടെടുപ്പിൽ പിന്തുണ പിൻവലിച്ചതോടെ വാജ്പേയി സർക്കാർ താഴെവീണു.

സംസ്‌ഥാന തലത്തിൽ 2001ലെ തെരഞ്ഞടുപ്പിൽ ജയയുടെ പാർട്ടി വീണ്ടും അധികാരത്തിൽവന്നു. മത്സരിക്കാതെ മുഖ്യമന്ത്രിയാകാൻ നടത്തിയ ശ്രമം താൻസി ‘ഭൂമിയിടപാടു കേസിൽ പങ്കുള്ളതിനാൽ സുപ്രീംകോടതി തടഞ്ഞു. അതിനാൽ തന്റെ വിശ്വസ്തനായ ഒ. പന്നീർശെൽവത്തെ മുഖ്യമന്ത്രിയായി നിയമിച്ചു.

എന്നാൽ, ‘ഭരണം ജയയുടെ കൈകളിലായിരുന്നു. പിന്നീട് താൻസി കേസിൽ കുറ്റക്കാരിയല്ലെന്നു വിധി വന്നതോടെ 2001 ഡിസംബറിൽ മുഖ്യമന്ത്രിസ്‌ഥാനം ഏറ്റെടുത്തു. 2006ൽ പ്രതിപക്ഷ സ്‌ഥാനത്തായിരുന്ന ജയലളിത 2011ൽ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2014 സെപ്റ്റംബർ 27 നു ജയലളിത, തോഴി ശശികല, ജെ. ഇളവരശി, വി.എൻ. സുധാകരൻ എന്നിവരെ പ്രത്യേക കോടതി ജഡ്ജി മൈക്കിൾ ഡി കുൻഹ നാലു വർഷം തടവിനു ശിക്ഷിച്ചു.

ജയലളിതയ്ക്ക് നൂറുകോടി രൂപയും മറ്റുള്ളവർക്കു പത്തു കോടിരൂപ വീതവും പിഴ വിധിച്ചു. ജയലളിതയെയും മൂന്നുപേരെയും ബംഗളൂരുവിലെ പരപ്പന ആഗ്രഹാര ജയിലിലടച്ചു.

2014 ഒക്ടോബർ ഏഴിനു ജയലളിതയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. 2014 ഒക്ടോബർ 17 നു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2015 മേയ് 11നു കർണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്‌തയാക്കി.

2015 മേയ് 27നു ജയലളിത വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായി. തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ഉജ്വല വിജയം നേടിയതിനെത്തുടർന്നു 2016 മേയ് 16നു വീണ്ടും ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തു.


പിൻഗാമിയെച്ചൊല്ലി പോരിനു സാധ്യത

സി.കെ. കുര്യാച്ചൻ


നാലര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ പ്രസ്‌ഥാനം വീണ്ടുമൊരു കടുത്ത പ്രതിസന്ധിക്കു മുന്നിലെത്തിയിരിക്കുന്നു. തമിഴ് സിനിമാ രംഗത്തു മുടിചൂടാ മന്നനായിരുന്ന എം.ജി. രാമചന്ദ്രൻ സ്‌ഥാപിച്ച പാർട്ടിക്ക് അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നാണ് ആദ്യം വെല്ലുവിളിയുണ്ടായത്. 1987ലാണ് എംജിആർ വിടവാങ്ങിയത്. പിൻഗാമിയെച്ചൊല്ലി അന്നുണ്ടായ തർക്കത്തിനു സമാനമാണ് ഇപ്പോൾ പാർട്ടിയിൽ ഉരുണ്ടുകൂടുന്ന പ്രശ്നങ്ങൾ.

അന്നു പാർട്ടിയിൽ കരുത്തയായിരുന്ന ജയലളിതയ്ക്കു പക്ഷേ പിൻഗാമിയാകാൻ കഴിഞ്ഞില്ല. എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രൻ ജയയെ പുറത്താക്കി മുഖ്യമന്ത്രിയായി. പാർട്ടി രണ്ടായി പിളർന്നു. ഏറെ അപമാനം സഹിക്കേണ്ടിവന്ന ജയ രണ്ടു വർഷത്തിനകം സമർഥമായ നീക്കത്തിലൂടെ പാർട്ടിയെ കൈപ്പിടിയലൊതുക്കുകയും മുഖ്യമന്ത്രിപദത്തിലെത്തുകയുമായിരുന്നു. 1989ൽ ഇരു ഗ്രൂപ്പുകളും ഒന്നിച്ചു. ജാനകി രാമചന്ദ്രൻ രാഷ്ട്രീയത്തിൽ അപ്രസക്‌തയാവുകയും ചെയ്തു.


പിന്നീടിങ്ങോട്ട് എഡിഎംകെയ്ക്ക് ഒറ്റ നേതാവേ ഉള്ളൂ– ജെ. ജയലളിത. അഴിമതി ആരോപണങ്ങളും കോടതിവിധികളും പലവട്ടം തളർത്തിയിട്ടും ജയ ശക്‌തമായ തിരിച്ചുവരവു നടത്തി അത്ഭുതം കാട്ടുകയും ചെയ്തു. ഒടുവിൽ ഇക്കഴിഞ്ഞ മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ ഭരണത്തുടർച്ച നേടിയ പാർട്ടിയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 22നു മുഖ്യമന്ത്രി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ നാഥനില്ലാത്ത പാർട്ടിയായി എഡിഎംകെ മാറിക്കഴിഞ്ഞു. ലോക്സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയായ എഡിഎംകെയുടെ ഭാവി ദേശീയ രാഷ്ട്രീയത്തിലും പ്രസക്‌തമാണ്.

1987 ഡിസംബർ 24ന് എംജിആർ മരിക്കുമ്പോൾ പാർട്ടിക്കു ജയലളിതയടക്കം രണ്ടാംനിര നേതാക്കൾ ഏറെയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ജയലളിതയുടെ പിന്നിൽ അത്തരത്തിൽ എടുത്തു പറയാവുന്ന നേതാക്കൾ ഇല്ല എന്നതാണ് എഡിഎംകെ നേരിടുന്ന പ്രധാന വെല്ലുവിളി. ഒ. പനീർശെൽവമാണ് ജയയുടെ പിൻഗാമിയാകാൻ ഇപ്പോൾ സാധ്യത. എന്നാൽ, ജയയുടെ ഉറ്റ തോഴിയും പാർട്ടിയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ തക്കം പാർത്തിരിക്കുന്ന നേതാവുമായ ശശികലയുടെ നീക്കങ്ങൾ പനീർശെൽവത്തിന് എതിരാണെന്നു വിലയിരുത്തപ്പെടുന്നു. ഇടപ്പാടി കെ. പഴനിസ്വാമി, നത്തം വിശ്വനാഥൻ, പൺറൂത്തി രാമചന്ദ്രൻ, സി. പൊന്നയ്യൻ, ഡി. ജയകുമാർ തുടങ്ങിയ നേതാക്കൾ ഏതു പക്ഷത്തേക്കു ചായുമെന്നു പറയാറായിട്ടില്ല.

ലോക്സഭയിൽ പാർട്ടിക്ക് 37 അംഗങ്ങളുണ്ട്. നവനീത് കൃഷ്ണനെപ്പോലെ മികച്ച രാജ്യസഭ അംഗങ്ങൾ വേറെയും. ജയലളിതയുടെ പ്രഭാവത്തിൽ നിഷ്പ്രഭരായ ഇവരെല്ലാം ജയയുടെ അഭാവത്തിൽ എങ്ങനെ ചിന്തിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പാർട്ടിയുടെ ഭാവി.

വർഷങ്ങൾക്കു മുമ്പ് ജയയെക്കുറിച്ചു വീഡിയോ ഫിലിം നിർമിക്കാൻ എത്തിയ ശശികല നടരാജനാണ് ഇപ്പോൾ പാർട്ടിലെ ഒരു പ്രധാന അധികാരകേന്ദ്രം. ശശികലയും ഭർത്താവ് നടരാജനും ബന്ധുക്കളും ചേർന്ന് ജയയെ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന ആരോപണം തമിഴ് രാഷ്ട്രീയത്തിൽ ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. 1991ൽ ജയ മുഖ്യമന്ത്രിയായപ്പോഴാണ് ശശികലയും കൂട്ടരും അതിശക്‌തരായത്. മന്നാർഗുഡിയിൽ നിന്നുള്ള 40 അംഗസംഘവുമായാണ് ശശികല അക്കാലത്ത് പോയസ് ഗാർഡനിൽ താമസമാക്കിയത്. മന്നാർഗുഡി മാഫിയ എന്നാണ് എതിരാളികൾ ശശികലയേയും പരിവാരങ്ങളേയും വിമർശിച്ചിരുന്നത്.

ഭരണരംഗത്ത് അനധികൃതമായി ഇടപെട്ട് അഴിമതി നടത്തുന്നുവെന്ന ആരോപണം ഇവർക്കെതിരേ ശക്‌തമായി. 1996ലെ ജയയുടെ പരാജയത്തിനു പ്രധാന കാരണം ഇതാണെന്നു വിലയിരുത്തുന്നവർ ഏറെയാണ്. 2011ൽ വീണ്ടും ജയ അധികാരത്തിലെത്തിയപ്പോൾ മന്നാർഗുഡി സംഘം സജീവമായി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയ രാജിവയ്ക്കേണ്ടി വന്നാൽ ശശികലയെ മുഖ്യമന്ത്രിയാക്കാൻ വരെ ഇവർ കരുക്കൾ നീക്കി. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രയായിരുന്ന നരേന്ദ്ര മോദി വരെ മന്നാർഗുഡി മാഫിയയെ കരുതിയിരിക്കാൻ ജയയെ ഉപദേശിച്ചിരുന്നുവെന്നു പ്രചാരണമുണ്ടായിരുന്നു.

ഒടുവിൽ ജയയെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നുള്ള കടുത്ത വിമർശനങ്ങൾ ശശികലയ്ക്കും ബന്ധുക്കൾക്കുമെതിരേ ശക്‌തമായതിനെത്തുടർന്ന് 2011 ഡിസംബർ 17ന് മന്നാർഗുഡി പരിവാരങ്ങളോട് വീട്ടിൽ നിന്നിറങ്ങാൻ ജയ ആജ്‌ഞാപിച്ചു. ശശികലയെ അടക്കം എല്ലാ ബന്ധുക്കളേയും പാർട്ടിയിൽ നിന്നു പുറത്താക്കുകയും ചെയ്തു.

എന്നാൽ, 2012 മാർച്ചിൽ ശശികലയെ ജയ വീണ്ടും കൂടെക്കൂട്ടി. ബന്ധുക്കളെയെല്ലാം ഒഴിവാക്കിയ ശശികല തുടർന്നു ജയയുടെ വിശ്വസ്തയായി വീണ്ടും മാറി. ഇപ്പോൾ ശശികലയുടെ നീക്കങ്ങൾ എന്താകുമെന്നു പ്രവചിക്കാൻ പ്രയാസമായിരിക്കും. നേതാവാകാൻ ശശികല ശ്രമിച്ചാൽ പാർട്ടിയിൽ പിളർപ്പ് ഉറപ്പാണ്.

അതിനിടെ സിനിമാരംഗത്തുനിന്നു പാർട്ടിക്കു നേതാവുണ്ടാകണമെന്ന അഭിപ്രായത്തിനും പ്രസക്‌തിയുണ്ട്. സിനിമാ രംഗത്ത് നിന്നല്ലാതെ ഒരു പിൻഗാമി ജയലളിതയ്ക്കുണ്ടായാൽ തമിഴകത്തു പാർട്ടിക്കു പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് ഇക്കൂട്ടർ വിശ്വസിക്കുന്നത്.

സിനിമാരംഗത്തു വളരെ വിശാലമായ സൗഹൃദമൊന്നും ഇല്ലെങ്കിലും യുവതാരം അജിത്തുമായി വളരെ അടുത്ത ബന്ധം ജയലളിതയ്ക്കുണ്ട്. അജിത്തിന്റെ ആരാധകരിൽ വലിയ വിഭാഗം എഡിഎംകെ അനുഭാവികളാണുതാനും. അജിത്തിനെ പിൻഗാമിയാക്കാനാണു ജയലളിത ആഗ്രഹിച്ചതെന്ന പ്രചാരണവും ഇപ്പോൾ ശക്‌തമാണ്.

ഇപ്പോൾ താത്കാലികമായി ആർക്കു ചുമതല നൽകിയാലും കരുത്തുറ്റ ഒരു നേതാവ് ഇല്ലെങ്കിൽ എഡിഎംകെയുടെ അസ്തമയമായിരിക്കും ഉണ്ടാവുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അധികാര തർക്കം പാർട്ടിക്കുള്ളിൽ മൂർച്ഛിച്ചാൽ പിളർപ്പിനുള്ള സാധ്യതയും രാഷ്ട്രീയനിരീക്ഷകർ കാണുന്നുണ്ട്. ഇപ്പോൾ തെരഞ്ഞെടുപ്പൊന്നും ഇല്ലാത്തതിനാൽ പ്രതിസന്ധി പെട്ടെന്നുണ്ടാകാൻ സാധ്യതയില്ലെന്നു വിലയിരുത്തുന്നവരുമുണ്ട്.

എന്നാൽ, രാഷ്ട്ര തന്ത്രജ്‌ഞനായ ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ നീക്കങ്ങൾ എഡിഎംകെയ്ക്കു വിനയാകുമെന്നാണ് പലരും കരുതുന്നത്. ബിജെപിയുടെ കരുനീക്കങ്ങളും കാത്തിരുന്നു കാണേണ്ടിവരും.

ജീവിതരേഖ

1948 ഫെബ്രുവരി 24:

മൈസൂർ സംസ്‌ഥാനത്തെ മേലുകോട്ടിൽ ( ഇപ്പോൾ കർണാടകയിൽ) ജയറാമിന്റെയും വേദവല്ലിയുടെയും മകളായി ജനനം. മതാചാരപ്രകാരം ജനനശേഷം മുത്തൾി കോമളവല്ലി എന്ന പേര് നല്കി. മുത്തച്ഛനും മുത്തൾിക്കുമൊപ്പം കോമളവല്ലിയും കുടുംബവും ജീവിച്ചിരുന്ന വീടുകളുടെ പേരിൽനിന്ന് (ജയനിവാസ്, ലളിതനിവാസ്) ഒന്നാം വയസിൽ ജയലളിത എന്ന പേരു നല്കി.

1950

രണ്ടാം വയസിൽ അഭിഭാഷകനായ പിതാവ് ജയരാമൻ അന്തരിച്ചു. അനുജൻ ജയകുമാറിനും അമ്മ വേദവല്ലിക്കുമൊപ്പം ബംഗളൂരുവിലെ അമ്മയുടെ വീട്ടിലേക്കു താമസം മാറി.

1952

വേദവല്ലി ജോലിക്കായി മദ്രാസിലേക്കു പോയി. ടൈപ്പിംഗും ഷോർട്ട് ഹാൻഡും പഠിച്ച വേദവല്ലി ചെറിയ ജോലിക്കു ചേർന്നെങ്കിലും പിന്നീട്, സന്ധ്യ എന്ന പേര് സ്വീകരിച്ച് സിനിമയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും അഭിനേത്രിയായും പ്രവർത്തിച്ചു. ജയയും സഹോദരനും അമ്മയുടെ അനുജത്തി ആനന്ദവല്ലിക്കൊപ്പം ബംഗളൂരുവിൽ. ജയ ബിഷപ് കോട്ടൺ ഗേൾ സ്കൂളിൽ ചേർന്നു.

1958

ആനന്ദവല്ലി വിവാഹിതയായതിനെത്തുടർന്ന് ജയലളിതയെയും അനുജനെയും അമ്മ മദ്രാസിലേക്കു കൊണ്ടുവന്നു. ചർച്ച് പാർക്ക് എന്ന് അറിയപ്പെടുന്ന പ്രശസ്തമായ സേക്രഡ് ഹാർട്ട് പ്രസന്റേഷൻ കോൺവെന്റിൽ ജയ പഠനത്തിനായി ചേർന്നു. കർണാടക സംഗീതം, ഭരതനാട്യം, കഥക് എന്നിവ അഭ്യസിച്ചു.

1964

കന്നഡചിത്രം ചിന്നതാ ഗംബേയിൽ നായികയായി സിനിമാ ലോകത്തേക്ക് അരങ്ങേറ്റം. അഭിഭാഷകയാകണമെന്ന മോഹം ഉപേക്ഷിച്ചാണു കുടുംബത്തിലെ സാമ്പത്തിക പരാധീനതകൾ തീർക്കാൻ ജയലളിത വെള്ളിത്തിരയിലെത്തിയത്.

1965

വെണ്ണിറാടൈ എന്ന ഹിറ്റ് ചിത്രത്തിലൂടെ തമിഴിൽ. ഇതേവർഷം എംജിആറിനൊപ്പം ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിൽ നായികയായി. ഇതോടെ എംജിആർ–ജയലളിത ഭാഡ്യജോഡി പിറന്നു.



1965– 1980

തെന്നിന്ത്യൻ ചലച്ചിത്രലോകത്തിലെ ഏറ്റവും തിരക്കുള്ള നടി. അഭിനയിച്ച 140 ചിത്രങ്ങളിൽ 120 ഉം സൂപ്പർ ഹിറ്റ്.

1970

എംജിആറുമായി തെറ്റിപ്പിരിഞ്ഞു, മറ്റു നായകന്മാർക്കൊപ്പം അഭിനയം ആരംഭിച്ചു.

1973

എംജിആർ ഡിഎംകെയിൽനിന്ന് വിട്ട് അണ്ണാ ഡിഎംകെ രൂപവത്കരിച്ചശേഷം അഭിനയിച്ച പട്ടിക്കാട്ടു പൊന്നയ്യ എന്ന ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം.

1977

സിനിമാ അഭിനയത്തിൽനിന്നു പതിയെ പിൻമാറ്റം.

1980

നദിയെ തേടിവന്ത കാതൽ അവസാന തമിഴ്ചിത്രം, അവസാന നായികചിത്രം നയകുഡു വിനയകുഡു.

1981

എംജിആറുമായി വീണ്ടും സൗഹൃദത്തിൽ.

1982

എംജിആറിന്റെ അണ്ണാ ഡിഎംകെയിൽ ചേർന്നു.

1983

അണ്ണാ ഡിഎംകെയുടെ പ്രചാരണ സെക്രട്ടറി.

1984

എംജിആറിന്റെ നിർദേശത്തെത്തുടർന്ന് രാജ്യസഭയിലേക്ക്. 1989 വരെ രാജ്യസഭാംഗം. ജയലളിതയുടെ ബഹുഭാഷാ പാണ്ഡ്യത്വവും ഇംഗ്ലീഷിലുള്ള പ്രാഗത്ഭ്യവും നിമിത്തമായി. ജലളിത മുഖ്യപ്രചാരകയായ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്കു ചരിത്രവിജയം. എംജിആർ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ. ഇടക്കാല മുഖ്യമന്ത്രിയാകാൻ ജലളിത നീക്കം നടത്തുന്നു.



1986

സമാന്തര നേതൃത്വമുണ്ടാക്കാൻ ജയലളിത ശ്രമിച്ചതിനാൽ പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് എംജിആർ ഒഴിവാക്കുന്നു. എങ്കിലും അണ്ണാ ഡിഎംകെ രാജ്യസഭാംഗം.

1987

എംജിആറിന്റെ മരണം. അന്തരാവകാശിയെ പ്രഖ്യാപിക്കാത്തതിനാൽ പാർട്ടിയിൽ കലഹം. എംജിആറിന്റെ വിധവ ജാനികയും ജലളതിയും നേർക്കുനേർ. ഇരുവരുടെയും നേതൃത്വത്തിൽ അണ്ണാഡിഎംകെ രണ്ടായി പിളർന്നു. ജാനകി മുഖ്യമന്ത്രിയായെങ്കിലും മന്ത്രിസഭ പിരിച്ചുവിട്ടു.

1989

തെരഞ്ഞെടുപ്പ്, ജയലളിത നേതൃത്വം നല്കുന്ന പാർട്ടിക്ക് 27 സീറ്റ്. ജാനകിയുടെ പാർട്ടിക്കു രണ്ടു സീറ്റ്. ജയലളിതയുടെ നേതൃത്വം അംഗീകരിച്ചു കൊണ്ട് ജാനകിയുടെ പിൻമാറ്റം. ജയലളിത തമിഴ്നാട്ടിലെ ആദ്യ വനിതാ പ്രതിപക്ഷനേതാവ്. ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിൽ ജയലളിതക്കു നേരേ ആക്രമണം. ഭരണകക്ഷിയായ ഡിഎംകെയിലെ അംഗങ്ങൾ വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചു. മുഖ്യമന്ത്രിയാകാതെ പിൻമാറില്ലെന്നു ജയയുടെ ശപഥം.

1991

രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിന്റെ സഹതാപ തരംഗത്തിൽ കോൺഗ്രസ്–അണ്ണാ ഡിഎംകെ സഖ്യത്തിനു തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് വിജയം. ജയലളിത തമിഴ്നാട് മുഖ്യമന്ത്രി.

1991– 1996

ജയലളിതയ്ക്കെതിരേ അഴിമതിയാരോപണം. തോഴി ശശികലയുടെ അനന്തരവനും ജയലളിതയുടെ വളർത്തുമകനുമായ സുധാകന്റെ ആർഭാടം വിവാഹം തുടങ്ങിയ നിരവധി ആരോപണങ്ങൾ.

1996

അണ്ണാ ഡിഎംകെയ്ക്കു തെരഞ്ഞെടുപ്പ് പരാജയം. അധികാരത്തിലെത്തിയ ഡിഎംകെ സർക്കാർ ജയയ്ക്കെതിരേ നിരവധി കേസുകൾ ഫയൽ ചെയ്തു. അറസ്റ്റും റിമാൻഡും. 2000ൽ കുറ്റവിമുക്‌തയായി. 2000 ഓഗസ്റ്റിൽ അന്നത്തെ ജനതാപാർട്ടി നേതാവ് സുബ്രഹ്മണ്യൻ സ്വാമിജയലളിതയ്ക്കെതിരേ അനധികൃത സ്വത്ത് സമ്പാദ്യക്കേസ് ഫയൽ ചെയ്തു.

1998

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിൽ അണ്ണാ ഡിഎംകെ 18 സീറ്റിൽ വിജയിച്ചു വാജ്പേയ് മന്ത്രിസഭയിൽ.

1999 ഏപ്രിൽ

അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അണ്ണാഡിഎംകെ എൻഡിഎയിൽനിന്നു പുറത്തേക്ക്.

1999 ഒക്ടോബർ

അണ്ണാ ഡിഎംകെ കോൺഗ്രസിനൊപ്പം, ഡിഎംകെ എൻഡിഎക്കൊപ്പം.

2000

പ്ലസന്റ് സ്റ്റേ ഹോട്ടൽ കേസ്, താൻസി ഭൂമി ഏറ്റെടുക്കൽ കേസ് എന്നിവയിൽ ജയലളിത കുറ്റക്കാരി. മേൽക്കോടതിയിൽ അപ്പീലിനു പോയെങ്കിലും അടുത്ത വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു വിലക്ക്.

2001 മേയ്

നിയമസഭാ തെരഞ്ഞെടുപ്പിൽ 234 സീറ്റിൽ 196 ഉം നേടി അണ്ണാ ഡിഎംകെയ്ക്കു ചരിത്രവിജയം. കേസുകൾ നിലനിൽക്കുന്നുണ്ടെങ്കിലും ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തു.

2001 സെപ്റ്റംബർ

ജയലളിതയുടെ മുഖ്യമന്ത്രി സ്‌ഥാനം സുപ്രീംകോടതി റദ്ദാക്കുന്നു. വിശ്വസ്തൻ പനീർശെൽവത്തെ മുഖ്യമന്ത്രിയാക്കി ജയയുടെ പിൻസീറ്റ് ഭരണം. സംഖ്യാശാസ്ത്ര പ്രകാരം പേരിനൊപ്പം എ എന്ന ഇംഗ്ലീഷ് അക്ഷരംകൂടി ജയ കൂട്ടിച്ചേർത്തു.

2001 ഡിസംബർ

രണ്ടു കേസുകളിൽനിന്ന് കോടതി ജയലളിതയെ കുറ്റവിമുക്‌തയാക്കി.

2002 മാർച്ച്

ജയലളതി വീണ്ടും തമിഴ്നാട് മുഖ്യമന്ത്രി.

2003 ഓഗസ്റ്റ്

തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാരുടെ സമരം തമിഴ്നാട് എസെൻഷ്യൽ സർവീസ് മെയിന്റനൻസ് ആക്ട് (ടെസ്മ) പ്രയോഗിച്ച് നേരിട്ടു. ജീവനക്കാരെ പിരിച്ചു വിട്ടതിലും സസ്പെൻഡ് ചെയ്തതിലും ജനരോക്ഷം.

2003 നവംബർ

ജയലളിതയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രീംകോടതി കർണാടകത്തിലേക്കു മാറ്റി.

2004 മേയ്

അണ്ണാ ഡിഎംകെയ്ക്കു ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയം.

2006 മേയ്

നിയമസഭാ തെരഞ്ഞെപ്പിൽ അണ്ണാ ഡിഎംകെയ്ക്കു 61 സീറ്റ്. ഡിഎംകെ സഖ്യം അധികാരത്തിൽ.

2009 മേയ്

മൂന്നാം മുന്നണിയുടെ ഭാഗമായി ജയലളിത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസ്–ഡിഎംകെ സഖ്യത്തെ തകർക്കാൻ സാധിച്ചില്ല.

2011 മേയ്

നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സഖ്യത്തിനു വിജയം. 234 ൽ 203 സീറ്റ് നേടി. അണ്ണാ ഡിഎംകെയ്ക്കു 150 സീറ്റ്. ജയലളിത മുഖ്യമന്ത്രി. അമ്മ എന്ന പേര് ചേർത്തു നിരവധി ജനക്ഷേമ പദ്ധതികൾ ആരംഭിച്ചു.

2014 മേയ്

തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 ൽ 37 സീറ്റും നേടി അണ്ണാ ഡിഎംകെ ലോക്സഭയിലെ മൂന്നാമത്തെ കക്ഷിയായി.

2014 സെപ്റ്റബംർ 27

അനധികൃത സ്വത്ത് സാമ്പാദക്കേസിൽ ജയലളിതയ്ക്കു നാലു വർഷം തടവും 100 കോടി രൂപ പിഴയും. മുഖ്യമന്ത്രിസ്‌ഥാനം നഷ്‌ടമായി. പരപ്പന അഗ്രഹാര ജയിലിൽ തടവ്. ഒ. പനീർശെൽവം മുഖ്യമന്ത്രി.

2014 ഓക്ടോബർ 17

ഒരു മാസത്തെ ജയിൽവാസത്തിനു ശേഷം ജയലളിതയ്ക്കു സുപ്രീംകോടതി ജാമ്യം നല്കി.

2015 മേയ് 11

വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയ കർണാടക ഹൈക്കോടതി അനധികൃത സ്വത്ത്സമ്പാദനക്കേസിൽ ജയലളിതയെ കുറ്റവിമുക്‌തയാക്കി.

2015 മേയ് 23

വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തു.

2015 ജൂലൈ

കർണാടക ഹൈക്കോടതി വിധിക്കെതിരേ കർണാടക സർക്കാർ സുപ്രീംകോടതിയിൽ.

2016 മേയ്

32 വർഷത്തിനു ശേഷം വീണ്ടും തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുന്ന തമിഴ്നാട് മുഖ്യമന്ത്രിയെന്ന ഖ്യാതി. 234 ൽ 134 സീറ്റ് അണ്ണാ ഡിഎംകെ നേടി.

2016 സെപ്റ്റംബർ 22

കടുത്തു പനി, നിർജലീകരണം എന്നിവയെത്തുടർന്ന് ചെന്നൈ അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുമാസത്തെ ആശുപത്രിവാസം. ലണ്ടനിൽനിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ. തീവ്രപരിചരണവിഭാഗത്തിൽനിന്ന് മുറിയിലേക്കു മാറ്റി.

12016 ഡിസംബർ 4

ഹൃദയാഘാതം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.