ചരിത്രയാത്ര പൂർത്തിയാക്കി സോളാർ ഇംപൾസ് 2
ചരിത്രയാത്ര പൂർത്തിയാക്കി സോളാർ ഇംപൾസ് 2
Tuesday, July 26, 2016 12:31 PM IST
അബുദാബി: ചരിത്ര ദൗത്യം പൂർത്തിയാക്കി സോളാർ ഇംപൾസ് 2 വിമാനം. ഹരിത സന്ദേശവുമായാണ് ഇംപൾസ് 2 ലോകം ചുറ്റാനിറങ്ങിയത്. സാഹസികതയുടെ നിർവചനമെന്നായിരുന്നു സോളാർ ഇംപൾസ് 2 വിനു നേതൃത്വം നൽകിയ പൈലറ്റ് യാത്രയെ വിശേഷിപ്പിച്ചത്. ഇന്നലെ പുലർച്ചെ 4.05ന് അബുദാബിയിലെ അൽബത്തിൻ വിമാനത്താവളത്തിലാണ് സൗരോർജ വിമാനം ദൗത്യം പൂർത്തിയാക്കിയെത്തിയത്. അബൂദബി അൽ ബതീൻ എക്സിക്യൂട്ടീവ് വിമാനത്താവളത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ലോകസഞ്ചാരം സോളാർ ഇംപൾസ് പൂർത്തിയാക്കിയത്.

42,000 കിലോമീറ്റർ ദൂരം പറന്നാണ് ഇംപൾസ് യാത്ര അവസാനിപ്പിക്കുന്നത്. പൂർണമായും സൗരോർജത്തിൽ ലോകംചുറ്റിയ ആദ്യ വിമാനമാണ് സോളാർ ഇംപൾസ്2. 2015 മാർച്ച് 9ന് അബുദാബിയിൽ നിന്നു തന്നെയാണ് സോളാർ ഇംപൾസ് പറന്നുയർന്നത്. ഒരു വർഷം നീണ്ട യാത്രക്കിടയിൽ 17 സ്ളങ്ങളിൽ വിമാനമിറങ്ങി. വലിയ വെല്ലുവിളികളെയും പ്രതിസന്ധിഘട്ടങ്ങളെയും മറികടന്നാണു പൈലറ്റുമാരായ ആന്ദ്രെ ബോഷ്ബെർഗും ബ്രെട്രാൻഡ് പിക്കാർഡും ചരിത്രയാത്ര പൂർത്തിയാക്കിയത്.

കഴിഞ്ഞ ശനിയാഴ്ച്ച കെയ്റോയിൽ നിന്നും അബുദാബിയിലേക്കുള്ള മടങ്ങാനാണ് ആദ്യ തീരുമാനിച്ചിരുന്നതെങ്കിലും പൈലറ്റ് ബെർട്രാൻഡ് പിക്കാർഡിന്റെ അനാരോഗ്യമാണ് യാത്ര വൈകാൻ ഇടയാക്കിയത്. ഹരിതോർജ സന്ദേശം ലോകത്തിനു കൈമാറിക്കൊണ്ടാണ് വെല്ലുവിളികളെ അതിജീവിച്ച് സോളാർ ഇംപൾസ്2 ചരിത്രമായിരിക്കുന്നത്.


“ഭാവി പൂർണമാണ്, നിങ്ങളാണ് ഇനി ഭാവി, ഞങ്ങൾ ദൗത്യം വിജയകരമായി പൂർത്തിയാക്കി, ഇനി ഇത് വ്യാപകമാക്കുക” എന്നാണ് പൈലറ്റും സോളാർ ഇംപൾസ് പദ്ധതിയുടെ ചുമതലക്കാരനുമായ ബെർട്രാൻഡ് പിക്കാർഡ് മാധ്യമങ്ങളോടു പറഞ്ഞത്.

അബൂദബിയിൽ നിന്ന് പുറപ്പെട്ട് ഒമാൻ, ഇന്ത്യ, മ്യാൻമർ, ചൈന, ജപ്പാൻ, അമേരിക്ക, സ്പെയിൻ, ഈജിപ്ത് രാജ്യങ്ങളിലൂടെയാണ് സോളാർ ഇംപൾസ് 16 പാദങ്ങളായി ലോക സഞ്ചരം നടത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് വിമാനം ഈജിപ്ത് തലസ്‌ഥാനമായ കെയ്റോയിൽ നിന്ന് മടങ്ങിയത്. 500 മണിക്കൂർ കൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്. 27000 അടി ഉയർത്തിൽ മണിക്കൂറിൽ 45 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാൻ കഴിയുന്ന ഇംപൾസിന് 2.3 ടണ്ണാണ് ഭാരം. 17000 സോളാർ സെല്ലുകളാണ് ഇംപൾസിന്റെ ചിറകുകളിൽ ഉണ്ടായിരുന്നത്.

സൗരോർജം മാത്രം ഉപയോഗിച്ച് രാവും പകലും ഇടവേളകളില്ലാതെ ഇംപൾസ് പറന്നു. ഇതിനു പുറമെ 18 റിക്കാർഡുകൾ കൂടി ഇംപൾസ് തകർത്തു. പസഫിക് സമുദ്രത്തിന് മുകളിൽ രാവും പകലും തുടർച്ചയായി അഞ്ച് ദിവസങ്ങൾ (118 മണിക്കൂർ) പറന്നതാണ് റിക്കാർഡുകളിൽ ഏറ്റവും പ്രധാനം. ജപ്പാനിൽ നിന്ന് അമേരിക്കയിലെ ഹവായിയിലേക്കായിരുന്നു 8,924 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്ര. 10 കോടിയിലേറെ ഡോളറാണ് സോളാർ ഇംപൾസിന്റെ നിർമാണ ചെലവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.