കുർദ് സൈനികർ മൊസൂളിന് എട്ടു കിലോമീറ്റർ അടുത്തെത്തി
കുർദ് സൈനികർ മൊസൂളിന് എട്ടു കിലോമീറ്റർ അടുത്തെത്തി
Sunday, October 23, 2016 11:35 AM IST
ബാഗ്ദാദ്: കുർദിഷ് പെഷ്മാർഗ സൈനികർ മൊസൂൾ നഗരത്തിന് എട്ടു കിലോമീറ്റർ അടുത്തെത്തിയെന്നു സിഎൻഎൻ റിപ്പോർട്ടു ചെയ്തു. ഐഎസിനെ തുരത്തി നൂറുചതുരശ്ര കിലോമീറ്റർ പ്രദേശം പിടിച്ചതായും ഹൈവേയുടെ ഒരു ഭാഗം കൈയടക്കിയതായും സൈന്യം അവകാശപ്പെട്ടു.ബാഷികാ പട്ടണവും സമീപമുള്ള എട്ടു ഗ്രാമങ്ങളുമാണു പിടിച്ചത്. ഇറാക്കി, കുർദിഷ് സൈനികരും ഷിയാ, സുന്നി പോരാളികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം സൈനികരാണ് കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച മൊസൂൾ യുദ്ധത്തിൽ പങ്കെടുക്കുന്നത്. യുഎസിന്റെയും ഇറാക്കിന്റെയും യുദ്ധവിമാനങ്ങൾ കനത്ത വ്യോമാക്രമണവും നടത്തുന്നു. 2014മുതൽ ഐഎസിന്റെ കൈവശമുള്ള മൊസൂൾ പൂർണമായി കീഴടക്കാൻ ആഴ്ചകൾ ദീർഘിക്കുന്ന യുദ്ധം വേണ്ടിവരുമെന്നാണു കരുതുന്നത്.

മൊസൂളിലേക്കുള്ള മാർഗമധ്യേ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളായ ഹംദാനിയ, ബാർട്ടെല്ല എന്നിവ നേരത്തെ കുർദ് സൈന്യം വിമോചിപ്പിച്ചിരുന്നു.

ഇതിനിടെ ഐഎസ് ഭീകരർ പടിഞ്ഞാറൻ ഇറാക്കിലെ റട്ബ പട്ടണത്തിൽ ആക്രമണം നടത്തി. മൊസൂൾ ആക്രമണത്തിൽനിന്നു സൈനികരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യം. ഭീകരർ മൂന്നു കാർബോംബ് ആക്രമണങ്ങൾ നടത്തി. വടക്കൻ ഇറാക്കിലെ കിർകുക്ക് നഗരത്തിലും വെള്ളിയാഴ്ച ഐഎസ് ഇത്തരത്തിൽ ആക്രമണം നടത്തുകയുണ്ടായി. യുദ്ധത്തിൽ സുരക്ഷാസൈനികർ ഉൾപ്പെടെ 80 പേർക്കു ജീവഹാനി നേരിട്ടു.


ഇതിനിടെ മൊസൂൾ യുദ്ധം സംബന്ധിച്ചു നേരിട്ടുള്ള അവലോകനത്തിനായി യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടർ ഇറാക്കിലെ കുർദ് നഗരമായ ഇർബിലിൽ എത്തി.

കാർട്ടറും വൈറ്റ്ഹൗസിന്റെ പ്രത്യേക ദൂതൻ ബ്രെറ്റ് മക്ഗുർക്കും കുർദിസ്‌ഥാൻ പ്രവിശ്യാ പ്രസിഡന്റ് മസൂദ് ബർസാനിയുമായി കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികൾ ചർച്ച ചെയ്തു. കാർട്ടർ ശനിയാഴ്ച ബാഗ്ദാദിലെത്തി പ്രധാനമന്ത്രി ഹൈദർ അൽ അബാദിയുമായി ചർച്ച നടത്തിയിരുന്നു.

മൊസൂൾ യുദ്ധത്തിൽ തുർക്കി സൈനികരെയും പങ്കെടുപ്പിക്കണമെന്നു കാർട്ടർ ആവശ്യപ്പെട്ടു. എന്നാൽ തുർക്കിയുടെ സഹായമില്ലാതെ മൊസൂൾ തിരിച്ചുപിടിക്കാൻ കുർദിഷ്, ഇറാക്കി സൈനികർക്കാവുമെന്നു അൽ അബാദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.