ഇറാക്കി നഗരത്തിൽ വ്യോമാക്രമണം; 60 മരണം
ഇറാക്കി നഗരത്തിൽ വ്യോമാക്രമണം; 60 മരണം
Thursday, December 8, 2016 2:39 PM IST
ബാഗ്ദാദ്: സിറിയൻ അതിർത്തിക്കു സമീപം ഇറാക്കിലെ അൽ ക്വെയിം നഗരത്തിൽ ബുധനാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇറാക്കിന്റെ യുദ്ധവിമാനമാണ് ആക്രമണം നടത്തിയതെന്ന് അൻബാർ പ്രവിശ്യാ കൗൺസിൽ വക്‌താവ് മാത്ത് അൽ ജുഗൈഫി പറഞ്ഞു. ബാഗ്ദാദിൽനിന്ന് 320 കിലോമീറ്റർ അകലെയുള്ള ഈ നഗരം അൻബാർ പ്രവിശ്യയിൽ ഐഎസ് നിയന്ത്രണത്തിലുള്ള അവശേഷിച്ച നഗരങ്ങളിലൊന്നാണ്. മരണസംഖ്യ 100 കവിയുമെന്ന് പ്രവിശ്യാ കൗൺസിൽ ചെയർമാൻ സാഭാ ക്രൗട്ട് അൽജസീറയോടു പറഞ്ഞു. ഇറാക്കി യുദ്ധവിമാനം നടത്തിയ ആക്രമണത്തിൽ 120 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് ഐഎസിന്റെ അമാക് വാർത്താ ഏജൻസി ആരോപിച്ചു.

ഒരു എക്സ്ചേഞ്ചിനുമുന്നിൽ ശമ്പളം വാങ്ങാൻ കാത്തുനിന്നവർക്കു നേരേയും മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയവർക്കു നേരേയും ആക്രമണമുണ്ടായി. നിരവധി പേർക്കു പരിക്കേറ്റിട്ടുമുണ്ട്. ഐഎസ് അനുഭാവികളെന്നു തെറ്റിദ്ധരിച്ചാണ് സാധാരണക്കാർക്കു നേരേ ആക്രമണം നടത്തിയതെന്നു പറയപ്പെടുന്നു. അൽക്വെയിം നഗരത്തിലെ വ്യോമാക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് ഇറാക്ക് പാർലമെന്റ് സ്പീക്കർ സലിം അൽജബൂരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നു സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


സാധാരണക്കാർക്കു നേരേ ആക്രമണമുണ്ടാവുന്നത് ഇതാദ്യമല്ലെന്ന് അൻബാറിൽനിന്നുള്ള എംപി മുഹമ്മദ് അൽകാർബൂളി ചൂണ്ടിക്കാട്ടി.

സിവിലിയന്മാർക്കു നേരേ തുടർച്ചയായി നടക്കുന്ന ആക്രമണത്തിനു പിന്നിലാരാണെന്നു കണ്ടെത്താൻ അന്വേഷണം നടത്തണം. ഇറാക്കി പൗരന്മാർക്കു നേരേ അബദ്ധത്തിലാണെങ്കിലും ആക്രമണമുണ്ടാവുന്നതു സൈന്യത്തിന്റെ യശസിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.