ഇളവ് അനുവദിക്കണമെങ്കിൽ ബാങ്കിൽ ബാധ്യത നിലനിൽക്കണം: ഹൈക്കോടതി
ഇളവ് അനുവദിക്കണമെങ്കിൽ ബാങ്കിൽ ബാധ്യത നിലനിൽക്കണം: ഹൈക്കോടതി
Thursday, May 26, 2016 11:27 AM IST
കൊച്ചി: ബാങ്കിൽ ബാധ്യത നിലനിൽക്കുന്ന സമയത്തു മാത്രമേ കാർഷിക കടാശ്വാസ കമ്മീഷന് ഇളവ് അനുവദിക്കാനാവൂ എന്നു ഹൈക്കോടതി. ഏറനാട് പ്രൈമറി കോ–ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റീസ് കെ. ഹരിലാലിന്റെ ഉത്തരവ്. 2016ലെ കാർഷിക കടാശ്വാസ കമ്മീഷൻ നിയമപ്രകാരം കർഷകർക്കു നിലവിലുള്ള ഇളവ് അനുവദിക്കുന്നതിനു മാത്രമേ കമ്മീഷന് അധികാരമുള്ളൂവെന്നു കോടതി പറഞ്ഞു. ബാങ്കിൽ ബാധ്യത നിലനിൽക്കാത്ത അവസരത്തിൽ കമ്മീഷനിൽനിന്ന് ആനുകൂല്യം ലഭിക്കുന്നതിനു കർഷകർക്ക് അർഹതയില്ല. ബാങ്ക് നടപടികളിലൂടെ തീർപ്പാക്കിയ കേസിൽ കമ്മീഷന് ഇടപെടാനാവില്ലെന്നും കോടതി വ്യക്‌തമാക്കി.

ഏറനാട് പ്രൈമറി കോ–ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ബാങ്കിൽ നിന്ന് ആധാരം പണയപ്പെടുത്തി ചില വ്യക്‌തികൾ വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കുന്നതിൽ ഇടപാടുകാർ വീഴ്ച വരുത്തി. തുടർന്നു നിയമപരമായ നടപടി ക്രമങ്ങളിലൂടെ വസ്തു ലേലം ചെയ്യുന്നതിനു ബാങ്ക് നടപടിയെടുക്കുകയും ലേലം നടത്തി തുക ഈടാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇടപാടുകാർ കാർഷിക കടാശ്വാസ കമ്മിഷനെ സമീപിക്കുകയും ലേലം നടന്നുവെന്ന വസ്തുത അറിയിക്കാതെ പരാതി സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്‌ഥാനത്തിൽ കാർഷിക കടാശ്വാസ കമ്മീഷൻ കർഷകർക്ക് തുക ഇളവ് ചെയ്ത് ഉത്തരവ് നൽകി. ഇതിനെതിരെ ബാങ്ക് കാർഷിക കടാശ്വാസ കമ്മീഷനെ സമീപിച്ചെങ്കിലും പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് കാർഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവ് ചോദ്യം ചെയ്തു ബാങ്ക് അധികൃതർ കോടതിയിലെത്തിയത്. ഹർജി അനുവദിച്ച കോടതി കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.