കേന്ദ്ര ടൂറിസം അവാർഡുകൾ കേരളം തൂത്തുവാരി
കേന്ദ്ര ടൂറിസം അവാർഡുകൾ കേരളം തൂത്തുവാരി
Saturday, July 30, 2016 11:14 AM IST
ന്യൂഡൽഹി: ടൂറിസം വിപണന മേഖലയിൽ സംസ്‌ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ പകുതിയും കേരളം സ്വന്തമാക്കി. ഇതിനുപുറമെ ഉത്തരവാദിത്ത ടൂറിസത്തിലേതുൾപ്പെടെ രണ്ട് അവാർഡുകളും കേരളത്തിലെ ടൂർ ഓപ്പറേറ്റർമാരും ഹോട്ടലുകളും ഒരു ആയുർവേദ സെന്ററും നേടിയ ഏഴ് അവാർഡുകളും ചേർന്നു കേരളത്തിന്റെ മൊത്തം അവാർഡുകളുടെ എണ്ണം 12 ആക്കി അതുല്യമായ പ്രകടനം കാഴ്ചവച്ചു.

ഡൽഹി വിജ്‌ഞാൻ ഭവനിൽ കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശർമയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ അവാർഡുകൾ സമ്മാനിച്ചു. കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ടൂറിസം ഡയറക്ടർ യു.വി. ജോസ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ടൂറിസം വിപണന, പ്രസിദ്ധീകരണ വിഭാഗങ്ങളിൽ സംസ്‌ഥാനങ്ങൾക്കായി നീക്കിവച്ചിരുന്ന അവാർഡിൽ പകുതിയും കേരളത്തിനാണ്. വിവരസാങ്കേതിക വിദ്യയുടെ മികച്ച ഉപയോഗത്തിനുള്ള അവാർഡും കേരള ടൂറിസത്തിനാണ്. ഉത്തരവാദിത്ത ടൂറിസം വിഭാഗത്തിലാണ് വയനാട് ഇനിഷ്യേറ്റീവ് അവാർഡ് സ്വന്തമാക്കിയത്. ഗ്രാമീണ ടൂറിസം വിഭാഗത്തിലെ അവാർഡ് കോഴിക്കോട്ടെ ഇരിങ്ങൽ സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിനാണ്.


കേരളത്തിന്റെ ശതാബ്ദങ്ങൾ നീണ്ട ബഹുസ്വരതയുടെ കഥ പറയുന്ന “കേരള ആൻഡ് ദ സ്പൈസ് റൂട്ട്സ്’ എന്ന കോഫി ടേബിൾ ബുക്ക് മികച്ച ഇംഗ്ലീഷ് പ്രസിദ്ധീകരണമായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ ജൈവസമ്പന്നമായ കായലുകളുടെ സചിത്ര വിവരണത്തിലൂടെ ശ്രദ്ധേയമായ ജർമൻ ഭാഷയിലുള്ള ‘ദ ഗ്രേറ്റ് ബാക്വാട്ടേഴ്സ്’ എന്ന ലഘുലേഖ മികച്ച വിദേശഭാഷാ പ്രസിദ്ധീകരണത്തിനുള്ള പുരസ്കാരം നേടി. വിവര സാങ്കേതികമേഖലയിലെ നൂതനത്വത്തിനുള്ള പുരസ്കാരം കേരള ടൂറിസം വെബ്സൈറ്റ് നേടി.

കേരളവുമായി ബന്ധമുള്ള മറ്റ് അവാർഡുകൾ ഇവയാണ്: മികച്ച പഞ്ചനക്ഷത്ര ഹോട്ടൽ–ടർട്ട്ൽ ഓൺ ദ ബീച്ച് കോവളം, പൈതൃക ഹോട്ടൽ– കോക്കനട്ട് ലഗൂൺ കുമരകം, ബെസ്റ്റ് ഇൻക്രെഡിബിൾ ഇന്ത്യ ബെഡ് ആൻഡ് ബ്രേക്ഫാസ്റ്റ് സ്‌ഥാപനം–കോക്കനട്ട് ക്രീക്ക് ഫാം ആൻഡ് ഹോംസ്റ്റേ, മികച്ച വെൽനെസ് കേന്ദ്രം– സോമതീരം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ആയുർവേദ ആശുപത്രി തിരുവനന്തപുരം, വ്യത്യസ്തമായ ഉത്പന്നങ്ങൾക്കുള്ള മികച്ച ടൂർ ഓപ്പറേറ്റർ– ലോട്ടസ് ഡെസ്റ്റിനേഷൻസ് കൊച്ചി, ടൂർ ഓപ്പറേറ്റർ/ട്രാവൽ ഏജന്റ്– കാലിപ്സോ അഡ്വഞ്ചേഴ്സ് കൊച്ചി, ഈ വിഭാഗത്തിൽ മൂന്നാംസ്‌ഥാനം ദ്രവീഡിയൻ ട്രെയ്ൽസ് ഹോളിഡെയ്സ് കൊച്ചി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.