കമ്പനികൾ ഇന്ത്യയിലേക്ക്; ചൈന ഭയക്കണം!
കമ്പനികൾ ഇന്ത്യയിലേക്ക്; ചൈന ഭയക്കണം!
Monday, September 26, 2016 11:05 AM IST
ന്യൂഡൽഹി: ചൈനീസ് മൊബൈൽ കമ്പനി ഹുവായ് ഇന്ത്യയിൽ നിർമാണ യൂണിറ്റ് തുടങ്ങുന്നു. പ്രമുഖ കമ്പനികളെല്ലാം നിർമാണ പ്ലാന്റുകൾ ഇന്ത്യയിലേക്ക് മാറ്റുന്നു. ലോകത്തിലെതന്നെ സാമ്പത്തികശക്‌തിയായ ചൈനയിൽ പിച്ചവച്ച കമ്പനികൾ ഇന്ത്യയിൽ വളർച്ച നേടുന്നതു മുതലെടുക്കാൻതന്നെയാണ് കമ്പനികളുടെ തീരുമാനം. ഇത് ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചൈനയിലെ തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നതിനു വഴിയൊരുക്കുകയും ചെയ്യുമെന്നാണ് സാമ്പത്തികമേഖലയിലെ നിരീക്ഷണം.

എന്തൊക്കെയാണെങ്കിലും ചൈന ഭയക്കണം. ഇന്ത്യ മുന്നേറുകയാണ്. ആപ്പിൾ പോലുള്ള വൻകിട കമ്പനികൾ ഇന്ത്യയിലേക്ക് ചേക്കേറാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് മികച്ച സേവനം നല്കുന്ന ചൈനീസ് ഫോണുകളും ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാണ്. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഓപ്പോ, ലെനോവോ തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിൽനിന്ന് മികച്ച വരുമാനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ചൈനയിൽനിന്നുള്ള നിക്ഷേപങ്ങളും കൂടുന്നുണ്ട്. ഇന്ത്യൻ കമ്പനികളെക്കുറിച്ച് ശരിയായ പഠനം നടത്തിയിട്ടുതന്നെയാണ് ചൈനീസ് കമ്പനികൾ നിക്ഷേപം നടത്തുന്നതെന്ന് ചൈനീസ് പത്രം ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. എന്നാൽ, നിക്ഷേപങ്ങൾ ഇന്ത്യയിലേക്കു പോകുന്നതിൽ ചൈനക്കാർ ഭയക്കണമെന്നും പറയുന്നുണ്ട്.


ഇപ്പോൾ സാമ്പത്തികവളർച്ചയിൽ സ്‌ഥിരത പുലർത്താൻ ഇന്ത്യക്കു കഴിയുന്നുണ്ട്. ഇതുതന്നെയാണ് വിദേശ നിക്ഷേപങ്ങൾ കൂടുതൽ ആകർഷിക്കപ്പെടാനും കാരണം. ഇന്ത്യയിലെ ജനസംഖ്യയും കുറഞ്ഞ വേതനവും വിദേശ നിക്ഷേപകരെ ആകർഷിക്കാൻ മറ്റൊരു കാരണമായി. 2014ൽ ജപ്പാൻ ബാങ്ക് ഓഫ് ഇന്റർനാഷണൽ കോർപറേഷൻ (ജെബിഐസി) ഭാവിയിൽ ഏറ്റവും നിക്ഷേപസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്‌ഥാനം ഇന്ത്യക്കു നല്കിയിരുന്നു. 2015ൽ ചൈനയിൽനിന്നുള്ള നിക്ഷേപം 87 കോടി ഡോളറായിരുന്നു. 2014നേക്കാളും ആറു മടങ്ങ് അധികമാണിത്. എന്നാൽ, മറ്റു രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപങ്ങൾകൂടി വിലയിരുത്തിയാൽ ചൈനയുടെ നിക്ഷേപ ഓഹരി 2.2 ശതമാനമേയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.