അനുമോൾക്കു ദേശീയ റിക്കാർഡ്
അനുമോൾക്കു ദേശീയ റിക്കാർഡ്
Thursday, May 26, 2016 12:17 PM IST
<ആ>എസ്. ജയകൃഷ്ണൻ

തേഞ്ഞിപ്പലം: ദേശീയ യൂത്ത് അത്ലറ്റിക്സിൽ കേരളത്തിന്റെ അനുമോൾ തമ്പിക്ക് 3000 മീറ്ററിൽ ദേശീയ റിക്കാർഡോടെ സ്വർണം. കാലിക്കട്ട് വാഴ്സിറ്റി സ്റ്റേഡിയത്തിലെ പുതിയ സിന്തറ്റിക് ട്രാക്കിലെ ആദ്യദിനം ഒരു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമടക്കം 32 പോയിന്റോടെ കേരളം രണ്ടാം സ്‌ഥാനത്ത്. 34 പോയിന്റുള്ള ഉത്തർ പ്രദേശാണ് ഒന്നാമത്. 24 പോയിന്റോടെ ഹരിയാന മൂന്നാമത്.

പെൺകുട്ടികളുടെ ലോംഗ്ജംപിൽ ആൽഫി ലൂക്കോസും ആൺകുട്ടികളുടെ ഹൈജംപിൽ ടി.ആരോമലും കേരളത്തിനു വേണ്ടി വെള്ളി നേടിയപ്പോൾ പെൺകുട്ടികളുടെ ലോംഗ്ജംപിൽ യു.രുഗ്മ ഉദയൻ വെങ്കലം സ്വന്തമാക്കി.

ഇന്നലെ രാവിലെ നടന്ന 3000 മീറ്ററിൽ 10:0:22 എന്ന സമയത്താണ് അനുമോൾ റിക്കാർഡിട്ടത്. മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവിന്റെ പേരിലായിരുന്നു നിലവിലെ റിക്കാർഡ് (10:08:29–2013). കേരളത്തിന്റെ തന്നെ പി.ആർ.അലീഷയുടെ പേരിലുണ്ടായിരുന്ന മീറ്റ് റിക്കാർഡും (10:08:45–2015) പഴങ്കഥയായി. കഴിഞ്ഞ സംസ്‌ഥാന സ്കൂൾ മീറ്റിലായിരുന്നു മികച്ച സമയമെങ്കിലും ((9:41.57) ഇവിടുത്തെ പ്രകടനം തൃപ്തികരമാണെന്ന് പരിശീലക ഷിബി മാത്യു പറഞ്ഞു. അടുപ്പിച്ച് അഞ്ച് മീറ്റുകളിൽ പങ്കെടുക്കേണ്ടി വന്നത് തീർച്ചയായും പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഡൽഹി–ബാംഗളൂർ–കോഴിക്കോട് എന്നിങ്ങനെ ദീർഘ യാത്രകളും വിഷമിപ്പിച്ചിട്ടുണ്ട്. ഇടുക്കി പാറത്തോട് കമ്പിളിക്കണ്ടം സ്വദേശിയാണ് കോതമംഗലം മാർ ബേസിൽ സ്കൂളിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ അനുമോൾ.

പെൺകുട്ടികളുടെ ലോംഗ് ജംപിൽ ആൽഫി ലൂക്കോസ് 5.68 മീറ്റർ ചാടി വെള്ളി നേടി. തിരുവനന്തപുരം സായിയിലാണ് ആൽഫി പരിശീലനം തേടുന്നത്. പശ്ചിമബംഗാളിന്റെ സോമ കർമാർക്കർക്കാണ് സ്വർണം. (5.86 മീറ്റർ). കേരളത്തിന്റെ രുഗ്മ ഉദയൻ വെങ്കലം നേടി. (5.64 മീറ്റർ). കേരളത്തിന്റെ തന്നെ ലിസ്ബത്ത് കരോളിൻ ജോസഫ് 5.63 മീറ്റർ ചാടി നാലാമതായി.

ആൺകുട്ടികളുടെ ഹൈജംപിൽ തിരുവനന്തപുരം സായിയിൽ നിന്നുള്ള കൊല്ലം സ്വദേശി ടി.ആരോമലാണ് കേരളത്തിനു വേണ്ടി മറ്റൊരു വെള്ളി നേടിയത്. ചാടിയത് 1.94 മീറ്റർ. ഹരിയാനയുടെ ഗുർജീത് സിംഗിനാണ് സ്വർണം.1.98 മീറ്റർ. ഡൽഹിയുടെ നിഷാന്ത് വെങ്കലം നേടി.

ഹരിയാനയുടെ രോഹിതും മഹാരാഷ്ട്രയുടെ സിദ്ധി സഞ്ജയ് ഹിരെയും മീറ്റിലെ വേഗമേറിയ താരങ്ങളായി. ആൺകുട്ടികളുടെ 100 മീറ്ററിൽ രോഹിത് 11.06 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. തമിഴ്നാടിന്റെ പ്രവീൺ കുമാറിന്റെ പേരിലുള്ള 10.75 എന്ന ദേശീയ റിക്കാർഡിനടുത്തെങ്ങും എത്താൻ രോഹിതിനായില്ല. മഹാരാഷ്ട്രയുടെ കിരൺ പാണ്ഡുരംഗ് ഭോസാലെ വെള്ളിയും കർണാടകത്തിന്റെ എസ്. മനീഷ് വെങ്കലവും നേടി. സിദ്ധി 12.31 സെക്കൻഡിൽ കുതിച്ചെത്തിയാണ് വേഗ– താരമായത്. തമിഴ്നാടിന്റെ തമിഴ്്ശെൽവി വെള്ളിയും തെലങ്കാനയുടെ ജി.നിത്യ വെങ്കലവും നേടി. കേരളത്തിന്റെ കെ.എം.നിഭ ഏഴാം സ്‌ഥാനത്തായി. ഈയിനത്തിൽ ദ്യുതി ചന്ദിന്റെ പേരിലാണ് ദേശീയ റിക്കാർഡ്.

<ശാഴ െൃര=/ിലംശൊമഴലെ/ലേമാ270516.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ആദ്യ ദിനം സ്വർണമൊന്നും നേടിയില്ലെങ്കിലും ഉത്തർപ്രദേശ് പോയിന്റ് നിലയിൽ ഒന്നാമതെത്തുകയായിരുന്നു. രണ്ടാം സ്‌ഥാനത്തുള്ള കേരളത്തിന് ഒരു സ്വർണം ലഭിച്ചപ്പോൾ മൂന്നാം സ്‌ഥാനത്തുള്ള ഹരിയാനയ്ക്ക് മൂന്നു സ്വർണമുണ്ട്. ആദ്യത്തെ ആറു സ്‌ഥാനങ്ങൾ പോയിന്റ് പട്ടികയിൽ ഇടം പിടിക്കും.


ഇന്ന് 14 ഫൈനലുകൾ നടക്കും. 400 മീറ്റർ, 1500 മീറ്റർ ഫൈനലുകൾ ഇന്നാണ്.

<ആ>ഉറച്ചമനസോടെ ഉയരങ്ങളിലേക്ക്

തേഞ്ഞിപ്പലം: കോതമംഗലം മാർ ബേസിൽ സ്കൂളിലൂടെയാണ് അനുമോൾ തമ്പി എന്ന അത്ലറ്റ് ശ്രദ്ധേയമാവുന്നത്. സ്കൂളിലെത്തുമ്പോൾ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഭാവിയുള്ള താരമാണെന്ന് പരിശീലക ഷിബി മാത്യു തിരിച്ചറിയുകയായിരുന്നു. പ്രതീക്ഷയ്ക്കുമപ്പുറത്തുള്ള പ്രകടനമാണ് അനുമോളിൽ നിന്നുണ്ടായതെന്ന് ഷിബി ടീച്ചർ അഭിമാനത്തോടെ പറയുന്നു. പരിശീലക ജീവിതത്തിൽ കണ്ടെത്തിയ മികച്ച പ്രതിഭകളിലൊരാൾ.

ഇടുക്കിയിലെ കമ്പിളിക്കണ്ടം എന്ന ഗ്രാമത്തിലെ കുന്നിൽ മുകളിലെ വീട്ടിൽ നിന്നാണ് അനുമോൾ തമ്പി എന്ന താരത്തിന്റെ തുടക്കം. കുന്നിൻ മുകളിലെ വീട്ടിലെത്തുക എന്നതു തന്നെയായിരുന്നു കായികപരിശീലനത്തിന്റെ ആദ്യപാഠവും. അവിടുന്ന് പടിപടിയായി ഉയർന്ന് രാജ്യത്തെ സീനിയർ അത്ലറ്റുകളോടൊപ്പം മത്സരിക്കാനുള്ള ചങ്കുറപ്പിലെത്തിയതിനു പിന്നിൽ കഠിനാധ്വാനത്തിന്റെ നാൾവഴികൾ. കഴിഞ്ഞ സംസ്‌ഥാന സ്കൂൾ മീറ്റിൽ 9:41.57 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ കോച്ച് പോലും അമ്പരന്നുപോയി. 9:40 ൽ താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യം. 2014ലെ ജൂണിയർ നാഷണൽസിൽ വെള്ളിയും ദോഹയിൽ നടന്ന ഏഷ്യൻ യൂത്ത് മീറ്റിൽ വെങ്കലവും നേടിയിരുന്നു.

തുടർച്ചയായ മത്സരങ്ങൾ ദേശീയ യൂത്ത് മീറ്റിൽ അല്പം തളർത്തിയെന്ന് പരിശീലക ഷിബി സമ്മതിക്കുന്നു. ഇനി 29ന് കാലിക്കട്ട് വാഴ്സിറ്റി സ്റ്റേഡിയത്തിൽ തന്നെ ഏഷ്യൻ സ്കൂൾ സെലക്്ഷൻ ട്രയൽസുണ്ട്. പിന്നെ സീനിയർ സ്റ്റേറ്റ് മീറ്റിലും പങ്കെടുക്കണം. ഗ്രാൻപ്രീ മീറ്റുകളിൽ മുതിർന്ന താരങ്ങളോടൊപ്പം മത്സരിച്ചത് മികച്ച അനുഭവമായെന്ന് അനുമോളും കോച്ചും എടുത്തു പറയുന്നു.

ഡച്ച് ദമ്പതികളുടെ സ്പോൺസർഷിപ്പിലാണ് ഇപ്പോൾ അനുമോൾ പരിശീലനം തുടരുന്നത്.

<ആ>ആവേശത്തോടെ ലക്ഷദ്വീപും

തേഞ്ഞിപ്പലം: ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയായ കാലിക്കട്ട്് സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ലക്ഷദ്വീപിന്റെ ആവേശവും. ലക്ഷദ്വീപിൽ നിന്ന് ചരിത്രത്തിൽ ആദ്യമായാണ് കായികതാരങ്ങൾ ദേശീയ യൂത്ത് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. ഒരു സിന്തറ്റിക് ട്രാക്കിൽ മാറ്റുരയ്ക്കുന്നതും ആദ്യമായാണ്.

സെക്കന്തരാബാദിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ പങ്കെടുത്തതല്ലാതെ മറ്റ് അനുഭവങ്ങൾ ഇല്ല ഇവർക്ക്. അമിനി, ആന്ത്രോത്ത്, കവരത്തി, മിനിക്കോയ് എന്നിവിടങ്ങളിൽ നിന്നായി പത്തംഗ സംഘമാണ് ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 400, 100, 200 മീറ്റർ, റിലേ, ജാവലിൻ, പോൾവോൾട്ട്, സ്റ്റീപ്പിൾ ചേയ്സ് എന്നീ ഇനങ്ങളിലാണ് ഇവരുടെ മത്സരം.

ടീം മാനേജർ നൗഫർ, പരിശീലകൻ ജഹദ് ഹസൻ, ടീം ക്യാപ്റ്റൻ മുഹമ്മദ് ജാബിർ എന്നിവരുടെ നേത്യത്വത്തിലാണ് ലക്ഷദ്വീപ് സംഘത്തിന്റെ വരവ്. കഴിഞ്ഞ 15ന് എറണാകുളത്ത് എത്തിയ സംഘം 10 ദിവസത്തെ പരിശീലനം മാത്രം നേടിയാണ് മത്സരിക്കുന്നത്. ലക്ഷദ്വീപിൽ സൗകര്യങ്ങളുള്ള ഗ്രൗണ്ട് ഇല്ലാത്തതിനാൽ ഒരൊറ്റ ദിവസത്തെ പോലും പരിശീലനം അവിടെ നിന്നും നേടാനായില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.