ബ്ലാസ്റ്റേഴ്സ് തോറ്റു
ബ്ലാസ്റ്റേഴ്സ് തോറ്റു
Saturday, October 1, 2016 11:36 AM IST
ഗോഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മൂന്നാം സീസന്റെ തുടക്കത്തിലേ കാലിടറി കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ്. പുതിയ ഭാവത്തിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി. 55–ാം മിനിറ്റിൽ കാറ്റ്സുമി യുസയാണ് നോർത്ത് ഈസ്റ്റിന്റെ വിജയഗോൾ സ്വന്തമാക്കിയത്. അർജന്റൈൻ താരം നിക്കോളാസ് വെലസിന്റെ പാസിൽനിന്നായിരുന്നു യുസയുടെ ഗോൾ. ഈ സീസണിലെ ആദ്യഗോളായിരുന്നു ഇത്.

മികച്ച മുന്നൊരുക്കത്തോടെ പുതിയ ഒരു ടീം കോമ്പിനേഷനാണ് ബ്ലാസ്റ്റേഴ്സ് പരീക്ഷിച്ചത്. എന്നാൽ, തുടക്കത്തിൽ അത് അല്പം പ്രതിരോധത്തിലൂന്നിയത് തിരിച്ചടിയായി. നോർത്ത് ഈസ്റ്റ് ആകട്ടെ മികച്ച മുന്നേറ്റത്തിലൂടെ ബ്ലാസ്റ്റേഴ്സ് നിരയിൽ ആക്രമണം നടത്തി. കേരളത്തിന്റെ മുന്നേറ്റനിരയിൽ അന്റോണിയോ ജർമനും മുഹമ്മദ് റാഫിയും ഇറങ്ങിയപ്പോൾ മൈക്കിൾ ചോപ്രയ്ക്ക് ആദ്യ ഇലവനിൽ സ്‌ഥാനം നഷ്‌ടപ്പെട്ടു. 10–ാം മിനിറ്റിൽത്തന്നെ നോർത്ത് ഈസ്റ്റിന് മികച്ച അവസരം ലഭിച്ചെങ്കിലും എമിലിയാനോ അൽഫാറോയ്ക്ക് ഷോട്ട് ഉതിർക്കാനായില്ല. പിന്നീട് നോർത്ത് ഈസ്റ്റിന്റെ മികച്ച മുന്നേറ്റവും ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ പ്രതിരോധവും കളിയിൽ ആവേശം ജ്വലിപ്പിച്ചു. പ്രത്യേകിച്ചും ഇന്ത്യൻ താരം സന്ദേശ് ജിങ്കന്റെ. 23–ാം മിനിറ്റിലാണ് നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ ഷോട്ട് വരുന്നത് കോഫി ക്രിസ്റ്റ്യന്റെ വകയായിരുന്നു ഇത്. 32–ാം മിനിറ്റിൽ മുഹമ്മദ് റാഫിക്കു ലഭിച്ച ഹെഡർ പുറത്തേക്കു പോയി. ആദ്യപകുതിയുടെ അവസാന 10 മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവയൊന്നും ഗോളിൽ കലാശിച്ചില്ല. അന്റോണിയോ ജർമന്റെ ചില മുന്നേറ്റങ്ങൾ നോർത്ത് ഈസ്റ്റിന്റെ ഗോൾ മുഖം വിറപ്പിച്ചു.


രണ്ടാം പകുതിയുടെ തുടക്കം മുതൽ നോർത്ത് ഈസ്റ്റ് ആക്രമിച്ചു കളിച്ചു. പലപ്പോഴും ഒരു ഗോൾ രഹിത സമനിലയ്ക്കായി ബ്ലാസ്റ്റേഴ്സ് കളിക്കുന്നതു പോലെ തോന്നിച്ചു. ഒടുവിൽ മികച്ച ഒരു നീക്കത്തിലൂടെ നോർത്ത് ഈസ്റ്റ് അർഹിച്ച ഗോൾ സ്വന്തമാക്കി. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നു തുടങ്ങിയ നീക്കം വെലസിന്റെ മികച്ച പാസിലൂടെ മുന്നോട്ട്. ഒടുവിൽ ബോക്സിന്റെ ഇടതു മൂലയിൽനിന്നു കൊടുത്ത കൃത്യതയാർന്ന പാസിൽ കാൽ വയ്ക്കേണ്ട ഉത്തരവാദിത്വം മാത്രമേ യുസയ്ക്കുണ്ടായിരുന്നുള്ളൂ.

നോർത്ത് ഈസ്റ്റിന് ആഹ്ലാദിക്കാൻ ഇതിൽക്കൂടുതൽ എന്തുവേണം. കഴിഞ്ഞ രണ്ടു സീസണിലും നിറം മങ്ങിയ അവർക്ക് ഏറ്റവും മികച്ച തുടക്കം ലഭിക്കാനും ഈ ഗോൾ വഴിവച്ചു.

74–ാം മിനിറ്റിൽ വിനിത് റായിക്കു പകരം ഗുർവീന്ദർ സിംഗും അന്റോണിയോ ജർമനു പകരം ഡക്കൻസ് നസോണും ഇറങ്ങി. 82–ാം മിനിറ്റിൽ മുഹമ്മദ് റാഫിക്കു കിട്ടിയ ഫ്രീ ഹെഡർ അദ്ദേഹം പുറത്തേക്കു കളഞ്ഞത് അവിശ്വസനീയതയോടെയാണ് ആരാധകർ കണ്ടത്.

പിന്നാലെയെത്തിയ മൈക്കിൾ ചോപ്രയ്ക്ക് കാര്യമായൊന്നും ചെയ്യാൻ സാധിക്കാതെ വന്നതോടെ ബ്ലാസ്റ്റേഴ്സ് പരാജയത്തിലേക്കു കൂപ്പുകുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.