കബഡി... കബഡി...കബഡി; ഇന്ത്യക്കു മൂന്നാം തവണയും ലോകകിരീടം
കബഡി... കബഡി...കബഡി;  ഇന്ത്യക്കു മൂന്നാം തവണയും ലോകകിരീടം
Saturday, October 22, 2016 11:51 AM IST
അഹമ്മദാബാദ്: പാരമ്പര്യം കാത്ത് ഇന്ത്യയുടെ കബഡി ടീം. തുടർച്ചയായ മൂന്നാം തവണയും കബഡി ലോകകപ്പിൽ ഇന്ത്യക്കു കിരീടം. അത്യന്തം ആവേശകരമായ ഫൈനലിൽ ഇറാനെ തകർത്താണ് ഇന്ത്യ കിരീടം ഉയർത്തിയത്. ആദ്യ പകുതിയിൽ പിന്നിലായിരുന്ന ഇന്ത്യ (13– 18) രണ്ടാം പകുതിയിൽ ശക്‌തമായി തിരിച്ചടിച്ചാണ് (38–29) വിജയം പിടിച്ചെടുത്തത്. 12 പോയിന്റ് നേടിയ അജയ് ഠാക്കുറിന്റെ അസാമാന്യ പ്രകടനമാണ് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത്. പകരക്കാരനായി ഇറങ്ങി ആറു പോയിന്റ് സ്വന്തമാക്കിയ നിഥിൻ തോമറും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നിർണായക ഘട്ടത്തിൽ മൂന്നു ടാക്കിൾ പോയിന്റ് സ്വന്തമാക്കിയ സുർജിത്തിന്റെ പ്രകടനവും എടുത്തുപറയാതെ വയ്യ.

ആദ്യപകുതിയിൽ ഇന്ത്യ ഒരു തവണ ഓൾ ഔട്ട് ആയപ്പോൾ രണ്ടാം പകുതിയിൽ രണ്ടു തവണ ഇറാനെ ഓൾഔട്ടാക്കാൻ ഇന്ത്യൻ പടക്കുതിരകൾക്കായി. ഇതിലൂടെ നാലു പോയിന്റും ഇന്ത്യക്കു ലഭിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ ഒത്തിണക്കം കാണിച്ച ഇന്ത്യയുടെ ഓരോ താരത്തിന്റെയും റെയ്ഡുകൾ ഫലവത്തായി. അതോടെ ഓരോരുത്തരായി ഇറാനു നഷ്‌ടമായി. ഇതിനിടെ മികച്ച ടാക്കിളുകൾ കൂടിയായതോടെ ഇന്ത്യ അതിവേഗം മികച്ച ലീഡിലേക്കു മുന്നേറി.


ഇന്ത്യ 22 റെയ്ഡ് പോയിന്റുകൾ സ്വന്തമാക്കിയപ്പോൾ 16 പോയിന്റ് മാത്രമാണ് ഇറാനു ലഭിച്ചത്. ടാക്കിൾ പോയിന്റുകളുടെ (എതിരാളിയെ സ്വന്തം കോർട്ടിൽ പിടിച്ചിടുന്നത്) കാര്യത്തിൽ മാത്രം ഇറാൻ മുന്നിലായിരുന്നു. ഇന്ത്യക്ക് എട്ടും ഇറാന് ഒമ്പതും പോയിന്റുകൾ ഇതിലൂടെ ലഭിച്ചു. അധികപോയിന്റുകളുടെ കാര്യത്തിലും ഇന്ത്യയാണ് മുന്നിൽ, നാല്. ഇറാന് രണ്ടും.

ടൂർണമെന്റിലുടനീളം അജയ് ഠാക്കുർ നിറഞ്ഞു കളിച്ചതാണ് കിരീടനേട്ടത്തിൽ ഇന്ത്യക്കു നിർണായകമായത്. ഇന്ത്യയുടെ വിജയത്തിൽ അഭിനന്ദനവുമായി വിരേന്ദർ സെവാഗ്, ഹർഷ ഭോഗ്്ലെ, യൂസഫ് പഠാൻ, ജ്വാല ഗുട്ട തുടങ്ങിയവരെത്തി.
പ്രാഥമിക റൗണ്ടിൽ ദക്ഷിണകൊറിയയോടു മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.

തായ് ലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇറാൻ കശാലപ്പോരാട്ടത്തിൽ ഇടംപിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.