കിവികൾ റാഞ്ചി
കിവികൾ റാഞ്ചി
Wednesday, October 26, 2016 12:05 PM IST
റാഞ്ചി: അവസാന നിമിഷം പൊരുതിക്കയറിയ അക്ഷർ പട്ടേലിനും ധവാൽ കുൽക്കർണിക്കും ഇന്ത്യയെ തോൽവിയിൽനിന്നു രക്ഷിക്കാനായില്ല. ന്യൂസിലൻഡിനെതിരെയുള്ള നാലാം ഏകദിനത്തിൽ ഇന്ത്യക്ക് 19 റൺസ് തോൽവി. നാലാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യൻ മോഹം കിവീസ് തകർത്തു. കിവീസിന്റെ കൃത്യതയാർന്ന ബൗളിംഗിനു മുന്നിൽ ഇന്ത്യൻ ബാറ്റിംഗ്നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. അജിങ്ക്യ രഹാനെയും വിരാട് കോഹ്ലിയും പിടിച്ചുനിന്നതും അക്സർ പട്ടേലിന്റെയും ധവാൽ കുൽക്കർണിയുടെയും രക്ഷാപ്രവർത്തനത്തിനുള്ള ശ്രമവും മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ എടുത്തുപറയാനുള്ളത്. ന്യൂസിലൻഡ് ഉയർത്തിയ 261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 48.4 ഓവറിൽ 241 റൺസിന് പുറത്തായി. ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ടാണെന്നു വിശേഷിപ്പിക്കപ്പെടുന്ന റാഞ്ചിയിലെ ആദ്യ തോൽവിയാണു നായകൻ ധോണിയും കൂട്ടരും നേരിട്ടത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2–2ന് തുല്യതയിലായി. ശനിയാഴ്ച നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിലെ ഫലം പരമ്പര വിജയികളെ നിർണയിക്കും. 72 റൺസെടുത്ത മാർട്ടിൻ ഗപ്ടലിലാണ് മാൻ ഓഫ് ദ മാച്ച്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന്റെ ഓപ്പണർമാർ പതിവിനു വിപരീതമായി മികച്ച തുടക്കമിട്ടു. നിർണായക മത്സരത്തിൽ മാർട്ടിൻ ഗപ്ടിൽ ഫോമിലെത്തിയത് കിവീസിന് ആശ്വാസമായി. ഗപ്ടിലും ടോം ലാഥവും ഫോമിലെത്തിയതോടെ റൺസ് ഒഴുകിയെത്തി. ഏകദിന പരമ്പരയിൽ ആദ്യമായാണു കിവീസ് ഓപ്പണിംഗിൽ അമ്പത് റൺസ് കടക്കുന്നത്. ഇന്ത്യക്കു ഭീഷണി ഉയർത്തിക്കൊണ്ട് അപകടകരമായി മുന്നോട്ടു കുതിക്കുകയായിരുന്ന ഈ സഖ്യം അക്ഷർ പട്ടേൽ ലാഥമിന്റെ (39) വിക്കറ്റെടുത്തുകൊണ്ട് തകർത്തു. അജിങ്ക്യ രഹാനെ പിടിച്ചു പുറത്താക്കുകയായിരുന്നു. ഇതിനു പിന്നാലെ ഗപ്ടിലിനൊപ്പം നായകൻ കെയൻ വില്യംസൺ ചേർന്നപ്പോൾ കിവീസ് മികച്ച സ്കോറിലെത്തുമെന്നു പ്രതീക്ഷിച്ചു. ഈ സഖ്യത്തിനു 42 റൺസിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. ഹർദിക് പാണ്ഡ്യ മികച്ചരീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന ഗപ്ടിലിനെ (72) ധോണിയുടെ കൈകളിലെത്തിച്ചു. പന്ത്രണ്ട് ഫോറുകളാണ് കിവീസ് ഓപ്പണറുടെ ബാറ്റിൽനിന്നു പിറന്നത്. പിന്നാലെയെത്തിയ റോസ് ടെയ്ലർ വില്യംസണു സ്ട്രൈക്ക് കൈമാറി കളിച്ചതോടെ ന്യൂസിലൻഡ് സ്കോർ ഉയർന്നുകൊണ്ടിരുന്നു. കിവീസിന്റെ നിർണായകമായ ഈ സഖ്യം പൊളിച്ചുകൊണ്ട് അമിത് മിശ്ര ഇന്ത്യക്ക് ആശ്വാസം നൽകി. വില്യംസണെ (41) ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെയെത്തിയവരിൽനിന്നു കാര്യമായ സംഭാവന ലഭിക്കാത്തതിനെത്തുടർന്ന് അവസാന ഓവറുകളിൽ കൂടുതൽ റൺസെടുക്കാൻ കിവീസിനായില്ല. ടെയ്ലറുടെ മെല്ലപ്പോക്ക് കിവീസ് സ്കോറിംഗിനെ ബാധിച്ചു. 58 പന്തിൽ 35 റൺസ് നേടിയ ടെയ്ലർ റണ്ണൗട്ടായി. ബി.ജെ. വാട്ലിംഗ് (14), അന്റോൺ ഡെവ്സിച് (11), മിച്ചൽ സാന്റ്നർ (17) എന്നിവരുടെ ചെറിയ സംഭാവനകൾ കിവീസിനു പൊരുതാനുള്ള സ്കോർ നൽകി.

അമിത് മിശ്ര രണ്ടും ഉമേഷ് യാദവ്, ധവാൽ കുൽക്കർണി, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഒട്ടും ശോഭനമല്ലായിരുന്നു. ഫോം കണ്ടെത്താൻ വിഷമിക്കുന്ന രോഹിത് ശർമയെ സൗത്തി വാട്ടലിംഗിന്റെ കൈകളിലെത്തിച്ചു. 11 റൺസായിരുന്നു രോഹിത്തിന്റെ സംഭാവന.

കഴിഞ്ഞ മത്സരത്തിലെ വിജയശില്പി കോഹ്ലിയും രഹാനെയും ഒന്നിച്ചതോടെ ഇന്ത്യയുടെ സ്കോർ ബോർഡ് അതിവേഗം ചലിച്ചുതുടങ്ങി. എന്നാൽ 45 റൺസെടുത്ത കോഹ്ലിയെ സോധി വിക്കറ്റ് കീപ്പർ വാട്ലിംഗിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ തകർച്ചയും തുടങ്ങി. പരമ്പരയിലെ ആദ്യ അർധ സെഞ്ചുറി കുറിച്ച രഹാനെയും (57) നാലാം നമ്പറിലിറങ്ങിയ ധോണിയെയും നീഷം പവലിയനിലേക്കയച്ചതോടെ ഇന്ത്യ തോൽവി മണത്തു. 31 പന്തുകളിൽ നിന്നും 11 റൺസാണ് ക്യാപ്റ്റൻ നേടിയത്.

പിന്നീടെത്തിയ മനീഷ് പാണ്ഡെയും, ഹർദിക് പാണ്ഡ്യയും കേദാർ യാദവും പോരാട്ടമൊന്നും കൂടാതെ കീഴടങ്ങിയപ്പോൾ കിവീസ് വിജയമുറപ്പിച്ചു. അമിത് മിശ്രയെ കൂട്ടുപ്പിടിച്ചു അക്ഷർ പട്ടേൽ സ്കോർ ഉയർത്തിയതോടെ ഇന്ത്യ അവിശ്വസനീയ ജയം സ്വപ്നം കണ്ടു. പക്ഷേ, പരസ്പരധാരണ പിശകിൽ അമിത് മിശ്ര റൺഔട്ടായതോടെ ഇന്ത്യയുടെ പരാജയം സുനിശ്ചിതമായി. അഞ്ചാം നമ്പറിലിറങ്ങിയ അക്ഷർ പട്ടേലിന്റെ ചെറുത്തുനിൽപ്പും തൊട്ടുപുറകെ അവസാനിച്ചു. ബോൾട്ടിന്റെ പന്തിൽ പുറത്താകുമ്പോൾ 38 റൺസ് അക്ഷർ കുറിച്ചിരുന്നു. അവസാനം പരാജയം സമ്മതിക്കാനൊരുങ്ങാതെ ധവാൽ കുൽക്കർണി ഉമേഷ് യാദവിന്റെ പിന്തുണയോടെ പൊരുതിയപ്പോൾ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷകളായി. ബോൾട്ട് യാദവിനെ ടെയ്ലറിന്റെ കൈകളിലെത്തിച്ചുകൊണ്ട് ഇന്ത്യൻ ഇന്നിംഗ്സിനു വിരാമംകുറിച്ചു. 25 റൺസോടെ ധവാൽ കുൽക്കർണി പുറത്താകാതെ നിന്നു.

സ്കോർബോർഡ്

ന്യൂസിലൻഡ്

ഗപ്ടിൽ സി ധോണി ബി പാണ്ഡ്യ 72, ലാഥം സി രഹാനെ ബി പട്ടേൽ 39, വില്യംസൺ സി രഹാനെ ബി മിശ്ര 41, ടെയ്ലർ റൺഔട്ട് 35, നീഷം 6, വാട്ലിംഗ് സി ശർമ ബി കുൽക്കർണി 14, ഡെവ്സിച്ച് സി പാണ്ഡ്യ ബി യാദവ് 11, സാന്റ്നർ നോട്ടൗട്ട് 17, സൗത്തി നോട്ടൗട്ട് 9 എക്സ്ട്രാസ് 16, ആകെ 50 ഓവറിൽ ഏഴു വിക്കറ്റിന് 260

ബൗളിംഗ്

ഉമേഷ് യാദവ് 10–1–60–1, ധവാൽ കുൽക്കർണി 7–0–59–1, ഹർദിക് പാണ്ഡ്യ 5–0–31–1, അമിത് മിശ്ര 10–0–42–2, അക്ഷർ പട്ടേൽ 10–0–38–1, കേദാർ യാദവ് 8–0–27–0

ഇന്ത്യ

രഹാനെ എൽബിഡബ്ല്യു ബി നീഷം 57, രോഹിത് ശർമ സി വാട്ലിംഗ് ബി സൗത്തി 11, കോഹ്ലി സി വാട്ലിംഗ് ബി സോധി 45, ധോണി ബി നീഷം 11, അക്ഷർ പട്ടേൽ ബി ബോൾട്ട് 38, മനീഷ് പാണ്ഡെ സി ലാഥം ബി സൗത്തി 12, കേദാർ യാദവ് എൽബിഡബ്ലിയൂ ബി സൗത്തി 0, ഹർദിക് പാണ്ഡ്യ സി ലാഥം ബി സാന്റ്നർ 9, അമിത് മിശ്ര റൺഔട്ട്(സാന്റനർ/വാട്ലിംഗ്) 14, ധവാൽ കുൽക്കർണി നോട്ട്ഔട്ട് 25, ഉമേഷ് യാദവ് സി ടെയ്ലർ ബി ബോൾട്ട് 7, എക്സ്ട്രാസ് 12, ആകെ 48.4 ഓവറിൽ 241 ഓൾഔട്ട്.

ബൗളിംഗ്

സൗത്തി 9–0–40–3, ബോൾട്ട് 9.4–1–48–2, നീഷം 6–0–38–2, സാന്റനർ 10–0–38–1, സോധി 10–1–52–1, ഡെവസിച്ച് 4–0–22–0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.