കിരീടപ്പോര് ഇഞ്ചോടിഞ്ച്
കിരീടപ്പോര് ഇഞ്ചോടിഞ്ച്
Monday, December 5, 2016 2:22 PM IST
തേഞ്ഞിപ്പലം: 28 വർഷം പഴക്കമുള്ള മീറ്റ് റിക്കാർഡ് പൊളിച്ചടുക്കി കോഴിക്കോടിന്റെ 4–100 റിലേ ടീം കായികോത്സവത്തിന്റെ മൂന്നാം ദിനത്തിന്റെ ആവേശമായി. ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 48.80 സെക്കൻഡിൽ പറന്നെത്തിയാണ് 1988ൽ കണ്ണൂർ സ്‌ഥാപിച്ച 49.30ന്റെ റിക്കാർഡ് മറികടന്നത്.

34 ഫൈനലുകൾ നടന്ന മൂന്നാം ദിവസം 73 ഇനങ്ങൾ പൂർത്തിയായപ്പോൾ പാലക്കാടിന്റെ കടുത്ത വെല്ലുവിളി മറികടന്ന് എറണാകുളംതന്നെ ഒന്നാം സ്‌ഥാനത്ത്. 207 പോയിന്റ്. 193 പോയിന്റോടെ പാലക്കാട് തൊട്ടുപിന്നിലുണ്ട്. 71 പോയിന്റോടെ കോഴിക്കോടാണ് മൂന്നാം സ്‌ഥാനത്ത്. സ്കൂളുകളിൽ കോതമംഗലം മാർ ബേസിൽ ലീഡ് വിട്ടുകൊടുക്കാതെ മുന്നിൽത്തന്നെ; 98 പോയിന്റ്. കുമരംപുത്തൂർ കല്ലടി സ്കൂളാണ് രണ്ടാം സ്‌ഥാനത്ത്– 73 പോയിന്റ്. മൂന്നാം സ്‌ഥാനത്തുള്ള സെന്റ് ജോർജിന് 47 പോയിന്റാണ്. ഇന്നലെ രാവിലെ നടത്ത മത്സരങ്ങളിൽ ഒമ്പതിൽ ആറു മെഡലുകൾ നേടി കുതിച്ച പാലക്കാട് ഒരു ഘട്ടത്തിൽ എറണാകുളത്തെ രണ്ടാംസ്‌ഥാനത്തേക്ക് പിന്തള്ളിയിരുന്നു.

ജൂണിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മിന്നുന്ന പ്രകടനമായിരുന്നു കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ അപർണ റോയിയുടേത്. ഡൈബി സെബാസ്റ്റ്യന്റെ 14.93 എന്ന മീറ്റ് റിക്കാർഡ് 14.29 സെക്കൻഡായി കുറച്ച അപർണ സ്വന്തം പേരിലുള്ള ദേശീയ റിക്കാർഡിനെ (14.49) വെല്ലുന്ന മിടുക്കും കാട്ടി.

സീനിയർ പെൺകുട്ടികളുടെ 1500 മീറ്ററിലാണ് മറ്റൊരു മിന്നും താരത്തെ കണ്ടത്, ഇടുക്കി വെള്ളയാംകുടിയിൽ നിന്നുള്ള സി.ബബിത. കുമരംപുത്തൂർ കല്ലടി സ്കൂളിനു വേണ്ടി മത്സരിച്ച ബബിത, അബിത മേരി മാനുവൽ, അനുമോൾ തമ്പി എന്നീ രണ്ടു ഗ്ലാമർ താരങ്ങളുടെ വെല്ലുവിളി മറികടന്നാണ് റിക്കാർഡിലേക്കു കുതിച്ചത്. നാലു മിനിറ്റ് 26.58 സെക്കൻഡിൽ പുതിയ മീറ്റ് റിക്കാർഡ്. പഴങ്കഥയായത് പി.യു.ചിത്ര മൂന്നു വർഷം മുമ്പ് സ്‌ഥാപിച്ച നാലു മിനിറ്റ് 26. 76 സെക്കൻഡിന്റെ റിക്കാർഡ്. അബിത മേരി മാനുവലിന്റെ പേരിലുള്ള ദേശീയ റിക്കാർഡിനെയും (4: 27.22) വെല്ലുന്നതായി ബബിതയുടെ പ്രകടനം.

ഏറ്റവും കൂടുതൽ മീറ്റ് റിക്കാർഡുകൾ പിറന്ന ദിവസമായിരുന്നു ഇന്നലെ. റിലേയിലെ രണ്ടെണ്ണമുൾപ്പെടെ ആകെ ഏഴു റിക്കാർഡുകളാണ് പിറന്നത്. എറണാകുളത്തിന്റെ സീനിയർ ആൺകുട്ടികളാണ് 4–400 റിലേയിൽ പുതിയ സമയം കുറിച്ചത്. 42.50 സെക്കൻഡിൽ ഫിനിഷ് ചെയ്ത അവർ 2010ൽ കോട്ടയം ടീം സ്‌ഥാപിച്ച 42.63 സെക്കൻഡിന്റെ റിക്കാർഡ് മറികടന്നു. ഷെറിൻ മാത്യു, എബിൻ ജോസ്, നിബിൻ ബൈജു, ടി.വി.അഖിൽ എന്നിവരാണ് എറണാകുളത്തിനു വേണ്ടി ഓടിയത്.


ജൂണിയർ പെൺകുട്ടികളിൽ റിക്കാർഡിട്ട കോഴിക്കോടിനു വേണ്ടി ബാറ്റണേന്തിയത് ടി.സൂര്യമോൾ, ബിസ്മി ജോസഫ്, കെ.ടി.ആദിത്യ, അപർണ റോയ് എന്നിവർ.

സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പറളി എച്ച്എസിന്റെ വി.എസ്.സുധീഷ് 48.71 മീറ്റർ എറിഞ്ഞ് മീറ്റ് റിക്കാർഡിട്ടു. മാർ ബേസിലിന്റെ എസ്.അഭിലാഷ്് 2012ൽ കുറിച്ച 46.93 മീറ്ററിന്റെ റിക്കാർഡാണ് വഴിമാറിയത്. ജൂണിയർ വിഭാഗം ആൺകുട്ടികളുടെ പോൾവോൾട്ടിലായിരുന്നു മറ്റൊരു റിക്കാർഡ്്. കോതമംഗലം മാർ ബേസിലിന്റെ അനീഷ് മധു ചാടിയത് 4.05 മീറ്റർ. നിലവിലുണ്ടായിരുന്ന റിക്കാർഡ് വിഷ്ണു ഉണ്ണിയുടെ പേരിൽ. 3.90 മീറ്റർ. പറളി എച്ച്എസിന്റെ എ. അനീഷ് സീനിയർ വിഭാഗം അഞ്ചു കിലോമീറ്റർ നടത്തം 21 മിനിറ്റ് 50.30 സെക്കൻഡിൽ പൂർത്തിയാക്കിയതും റിക്കാർഡായി. ഷിഹ്സാബുദ്ദീന്റെ പേരിലുണ്ടായിരുന്ന 21 മിനിറ്റ് 57 സെക്കൻഡിന്റെ റിക്കാർഡാണ് തിരുത്തിയത്.രാവിലെ നടന്ന നടത്ത മത്സരങ്ങളിൽ മൂന്നു സ്വർണവും മൂന്നു വെള്ളിയും നേടി പാലക്കാട് ജില്ല ആധിപത്യം പുലർത്തി. മീറ്റിന്റെ അവസാനദിനമായ ഇന്ന് 22 ഫൈനലുകളാണുള്ളത്. 200 മീറ്റർ, 800 മീറ്റർ, 4–400 മീറ്റർ റിലേ എന്നിവയാകും ചാമ്പ്യൻടീമുകളെ തീരുമാനിക്കുക.

എസ്. ജയകൃഷ്ണൻ




പോയിന്റ് നില

ജില്ല


എറണാകുളം – 207

പാലക്കാട് – 193

കോഴിക്കോട് – 71

തിരുവനന്തപുരം – 57

തൃശൂർ – 40

മലപ്പുറം – 36

കോട്ടയം– 29

ഇടുക്കി –22

പത്തനംതിട്ട – 16

കൊല്ലം – 15

കണ്ണൂർ – 13

വയനാട് – 6

കാസർഗോഡ് –3

ആലപ്പുഴ – 3

സ്കൂൾ

കോതമംഗലം മാർ ബേസിൽ – 98

കല്ലടി എച്ച്എസ് കുമരംപുത്തൂർ – 73

കോതമംഗലം സെന്റ് ജോർജ് – 47

മുണ്ടൂർ എച്ച്എസ് – 32

പറളി എച്ച് എസ് – 30

മാതിരപ്പിള്ളി ഗവ.വിഎച്ച്എസ്എസ് – 27

പൂവമ്പാടി എഎം എച്ച്എസ് – 26

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് – 21

കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് – 21

നാട്ടിക ഗവ.ഫിഷറീസ് എച്ച്എസ്എസ് – 17
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.