മാർ ബേസിൽ ചാമ്പ്യൻ സ്കൂൾ; തിടമ്പേറ്റി പാലക്കാട്
മാർ ബേസിൽ ചാമ്പ്യൻ സ്കൂൾ; തിടമ്പേറ്റി പാലക്കാട്
Tuesday, December 6, 2016 1:37 PM IST
തേഞ്ഞിപ്പലം: കായികോത്സവത്തിൽ തിടമ്പേറ്റിയത് പാലക്കാട്. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ കല്ലടി സ്കൂളിന്റെ മികവിൽ എറണാകുളത്തെ പിന്തള്ളിയ പാലക്കാടിന് കായികകിരീടം. കോതമംഗലം മാർ ബേസിലാണ് ചാമ്പ്യൻ സ്കൂൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ രണ്ടാം തവണയാണ് പാലക്കാട് കിരീടത്തിൽ മുത്തമിടുന്നത്. മാർ ബേസിലിന് ഒന്നാം സ്‌ഥാനത്തിത് നാലാമൂഴം.

എട്ടു പോയിന്റ് വ്യത്യാസത്തിനാണ് പാലക്കാട് എറണാകുളത്തെ മറികടന്നത്. കോഴിക്കോടാണ് മൂന്നാം സ്‌ഥാനത്ത്. 13 വീതം സ്വർണവും വെള്ളിയും എട്ട് വെങ്കലവുമടക്കം 117 പോയിന്റോടെയാണ് മാർ ബേസിൽ ചാമ്പ്യൻ സ്കൂൾ പദവി നിലനിർത്തിയത്. കുമരംപൂത്തൂർ കല്ലടി എച്ച്എസ്എസ ആണ് രണ്ടാം സ്‌ഥാനത്ത്. 102 പോയിന്റ്. 14 സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവും. കഴിഞ്ഞ വർഷം രണ്ടാം സ്‌ഥാനത്തുണ്ടായിരുന്ന പറളി സ്കൂൾ നാലാമതായി. കോതമംഗലം സെന്റ് ജോർജിനാണ് മൂന്നാം സ്‌ഥാനം.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് പൊലിമ കുറഞ്ഞ അവസാനദിവസം പക്ഷേ കിരീടപ്പോരാട്ടം ആവേശകരമായിരുന്നു. സീനിയർ ആൺകുട്ടികളുടെ 200 മീറ്റർ തുടങ്ങുമ്പോൾ പാലക്കാടിന് 229. എറണാകുളത്തിന് 228. ഈയിനത്തിൽ പാലക്കാടിന്റെ മുഹമ്മദ് അഫ്സൽ ഒന്നാമതെത്തിയപ്പോൾ പാലക്കാടിന് മുന്നേറ്റം, 234 പോയിന്റ്. ടി.വി.അഖിലിന്റെ മൂന്നാം സ്‌ഥാനം വഴി എറണാകുളത്തിന് ഒരു പോയിന്റ് കൂടി, 229. അടുത്ത ഇനം ജൂണിയർ പെൺകുട്ടികളുടെ 200 മീറ്റർ. ഇതിൽ പാലക്കാടിനും എറണാകുളത്തിനും പോയിന്റൊന്ന്ും ലഭിച്ചില്ല. ജൂണിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ എറണാകുളം ഉണ്ടായിരുന്നില്ല. പാലക്കാടിന്റെ പി.എസ്.അഖിൽ സ്വർണം നേടിയതോടെ പാലക്കാട് 10 പോയിന്റ് മുന്നിൽ. സബ്ജൂണിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ രണ്ടു ടീമി്നും മെഡലൊന്നും കിട്ടിയില്ല. 200 മീറ്ററിലെ അവസാന സബ് ജൂണിയർ ആൺകുട്ടികളിൽ പി.കെ. അഭിനവിന്റെ വെള്ളിയിലൂടെ എറണാകുളത്തിന് ആശ്വാസം. പാലക്കാടിനായിരുന്നു വെങ്കലം. കെ. അഭിജിത്തിലൂടെ ഒരു പോയിന്റ്. ടീമുകൾ തമ്മിലുള്ള വ്യത്യാസം എട്ടു പോയിന്റായി കുറഞ്ഞു.

തുടർന്നു വന്ന ജൂണിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ കല്ലടിയുടെ സി. ചാന്ദ്നി സ്വർണമണിഞ്ഞതോടെ പാലക്കാട് ലീഡ് 13 പോയിന്റിലേക്കുയർത്തി. എറണാകുളത്തിന് ഏറെ പ്രതീക്ഷയുള്ളതായിരുന്നു ജൂണിയർ ആൺകുട്ടികളുടെ 800 മീറ്റർ. മത്സരത്തിനു മുമ്പെ സ്വർണവും വെള്ളിയും ഉറപ്പിച്ച മട്ടിലായിരുന്നു. എന്നാൽ അഭിഷേക് മാത്യുവിലൂടെ ഒന്നാം സ്‌ഥാനം ലഭിച്ചെങ്കിലും കെ.എ.അഖിൽ, ടി.പ്രണവ് എന്നിവരിലൂടെ രണ്ടും മൂന്നും സ്‌ഥാനങ്ങൾ പിടിച്ചെടുത്ത് പാലക്കാട് നില കൂടുതൽ ഭദ്രമാക്കി. വ്യത്യാസം 12 പോയിന്റ്.

ഒന്നാം സ്‌ഥാനത്തിന് പത്തു പോയിന്റുള്ള റിലേ മത്സരങ്ങൾ ഇതോടെ നിർണായകമായി. സീനിയർ പെൺകുട്ടികളുടെ 4–400 റിലേ ഫൈനലിൽ മത്സരിക്കാൻ പാലക്കാടുണ്ടായിരുന്നില്ല. എറണാകുളത്തിന് സുവർണാവസരം. രണ്ടു റിലേയും ജയിച്ചാൽ ചാമ്പ്യൻമാരാകാം. അപ്പോഴാണ് വില്ലനായി പരിക്ക് വന്നത്. റിലേ ഓടേണ്ട രണ്ടു പേർക്ക് പരിക്ക്. അതോടെ എറണാകുളം പിൻമാറി. ഒപ്പം പാലക്കാട് കിരീടം ഉറപ്പിക്കുകയും ചെയ്തു. മേളയിലെ അവസാന ഇനമായ സീനിയർ ആൺകുട്ടികളുടെ 4–400 മീറ്റർ റിലേയിൽ എറണാകുളം ഒന്നാം സ്‌ഥാനത്ത് കുതിച്ചെത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം സ്‌ഥാനം നേടിയ പാലക്കാട് 255 പോയിന്റോടെ ജേതാക്കളായി. 247 പോയിന്റോടെ എറണാകുളം രണ്ടാമത്.


മേളയിൽ കോതമംഗലം മാർ ബേസിലിന്റെ ബിബിൻ ജോർജ്, കല്ലടിയുടെ സി.ചാന്ദ്നി, ഉഷ സ്കൂളിലെ എൽഗ തോമസ് എന്നിവർ ട്രിപ്പിൾ സ്വർണം നേടി. അവസാനദിവസം രണ്ടു മീറ്റ് റിക്കാർഡുകൾ പിറന്നു. ജൂണിയർ പെൺകുട്ടികളുടെ ഹൈജംപിൽ കല്ലടി സ്കൂളിലെ എം.ജിഷ്ണ 1.70 മീറ്റർ ചാടി പുതിയ ഉയരം കുറിച്ചു. ഡൈബി സെബാസ്റ്റ്യന്റെ പേരിലായിരുന്നു പഴയ റിക്കാർഡ്. 1.64 മീറ്റർ. ഈയിനത്തിൽ ലിസ്ബത്ത് കരോളിൻ ജോസഫിന്റെ പേരിലുള്ള 1.65 മീറ്ററിന്റെ ദേശീയ റിക്കാർഡിനെ വെല്ലുന്ന പ്രകടനവുമായി.

ജൂണിയർ ആൺകുട്ടികളുടെ ഹാമർത്രോയിലായിരുന്നു മറ്റൊരു മീറ്റ് റിക്കാർഡ്. പറളി എച്ച്എസിലെ ശ്രീവിശ്വ 49.96 മീറ്റർ എറിഞ്ഞ് ശ്രീഹരി വിഷ്ണുവിന്റെ പേരിലുണ്ടായിരുന്ന റിക്കാർഡ് തകർത്തു.

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് ആദരവ് പ്രകടിപ്പിച്ചു കൊണ്ട് മേളയുടെ സമ്മാനദാനച്ചടങ്ങും സമാപന മാർച്ച്പാസ്റ്റും ഉപേക്ഷിച്ചു. സമ്മാനദാനച്ചടങ്ങ് മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

എസ്.ജയകൃഷ്ണൻ




പോയിന്റ് നില

ജില്ല


പാലക്കാട് 255

എറണാകുളം 247

കോഴിക്കോട് 101

തിരുവനന്തപുരം 73

മലപ്പുറം 59

തൃശൂർ 53

കോട്ടയം 33

ഇടുക്കി 23

കൊല്ലം 21

പത്തനംതിട്ട 16

കണ്ണൂർ 13

വയനാട് 6

ആലപ്പുഴ 6

കാസർഗോഡ് 3

സ്കൂൾ

കോതമംഗലം മാർ ബേസിൽ 117

കല്ലടി എച്ച്എസ് കുമരംപുത്തൂർ 102

സെന്റ് ജോർജ് കോതമംഗലം 50

പറളി എച്ച്എസ് 45

മുണ്ടൂർ എച്ച്എസ് 40

കടകശേരി ഐഡിയൽ 38

പൂവമ്പായി എഎം എച്ച്എസ് 37

മാതിരപ്പിള്ളി വിഎച്ച്എസ്എസ് 30

നാട്ടിക ഗവ.ഫിഷറീസ് 27

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് 24
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.