കുമ്പളം ടോള്‍പ്ളാസയില്‍ വാഹനങ്ങളുടെ ടോള്‍നിരക്ക് കൂട്ടുന്നു
Friday, March 30, 2012 10:06 AM IST
മരട്: ദേശീയപാത 47 ഇടപ്പള്ളി-അരൂര്‍ ബൈപാസില്‍ കുമ്പളം ടോള്‍പ്ളാസയില്‍ വാഹനങ്ങളുടെ ടോള്‍നിരക്കുകള്‍ കൂട്ടി. കാറുകള്‍ക്കും ഇടത്തരം കമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങള്‍ക്കും ഇരുവശത്തേക്കുമുള്ള യാത്രയ്ക്കാണ് അഞ്ചു രൂപ വീതം ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഒരു വശത്തേക്കുള്ള ടോള്‍ നിരക്കില്‍ മാറ്റമില്ല.

പുതുക്കിയ നിരക്ക് (ബ്രാക്കറ്റില്‍ പഴയ നിരക്ക്): കാര്‍, ജീപ്പ്, എല്‍എംവി - ഒരു വശത്തേക്ക് 15 രൂപ, ഇരുഭാഗത്തേക്കും 25 രൂപ (20). ഇടത്തരം ചരക്കുവാഹനങ്ങള്‍ എല്‍സിവി - ഒരു വശത്തേക്ക് 25, ഇരുഭാഗത്തേക്കും 40 (35). ലോറി, മറ്റു ചരക്കുവാഹനങ്ങള്‍ - ഒരു വശത്തേക്ക് 85, ഇരുഭാഗത്തേക്കും 125 (120). ബസ്, യാത്രാവാഹനങ്ങള്‍ - ഒരു വശത്തേക്ക് 55, ഇരുഭാഗത്തേക്കും 80 രൂപ (75 രൂപ).


വര്‍ധിപ്പിച്ച നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ദേശീയപാത അഥോറിറ്റി അധികൃതര്‍ അറിയിച്ചു.

കുമ്പളത്തെ ടോള്‍ പിരിവിനെതിരേ ആറു മാസം മുന്‍പ് വമ്പിച്ച ജനകീയ സമരങ്ങള്‍ അരങ്ങേറിയിരുന്നു. ടോള്‍ ബൂത്തിനു പരിസരത്തു താമസിക്കുന്നവരെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം വന്നതിനെത്തുടര്‍ന്നാണ് സമരങ്ങള്‍ പിന്‍വലിച്ചത്.