സേ പരീക്ഷ നടത്താന്‍ അനുമതി
Friday, March 30, 2012 10:19 AM IST
തിരുവനന്തപുരം: ഈ മാസം നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ ഏതെങ്കിലും രണ്ടു വിഷയങ്ങള്‍ക്ക് ഡി പ്ളസ് ഗ്രേഡെങ്കിലും ലഭിക്കാത്ത കുട്ടികള്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിന് മെയ്/ജൂണ്‍ മാസം സേ പരീക്ഷ നടത്തുന്നതിന് ചുവടെ കൊടുക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി പൊതുവിദ്യാഭ്യാസവകുപ്പ് അനുമതി നല്കി.

റഗുലര്‍ വിഭാഗത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി പ്ളസ് ഗ്രേഡെങ്കിലും ലഭിക്കാത്തതുമൂലം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ സേ പരീക്ഷയ്ക്ക്് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു. രണ്ട് പേപ്പറുകള്‍ക്ക് ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഹാജരാകാന്‍ സാധിക്കാതെ വന്ന റഗുലര്‍ വിദ്യാര്‍ഥികള്‍ക്കും സേ പരീക്ഷ എഴുതാം. ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും സേ പരീക്ഷ.

എന്നാല്‍ അപേക്ഷ വിദ്യാര്‍ഥി പരീക്ഷ എഴുതിയ സെന്ററില്‍ നല്‍കിയാല്‍ മതി. എഴുത്തു പരീക്ഷയുടെ സ്കോര്‍ മാത്രമേ സേ പരീക്ഷയിലൂടെ മെച്ചപ്പെടുത്താനാവു. ഐടി പരീക്ഷയില്‍ തീയറി പരീക്ഷ മാത്രമായിരിക്കും സേ പരീക്ഷയിലൂടെ ഉള്‍പ്പെടുത്തുക. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലത്തിന്റെ കംപ്യൂട്ടര്‍ പ്രിന്റൌട്ട് ഉപയോഗിച്ച് സേ പരീക്ഷയ്ക്ക് അപേക്ഷ നല്കാം. ഗള്‍ഫ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ കേരളത്തിലെ ഏതെങ്കിലും സേ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമര്‍പ്പിക്കണം. സേ പരീക്ഷയ്ക്ക് പുനര്‍മൂല്യനിര്‍ണയം അനുവദിക്കില്ല.


എസ്എസ്എല്‍സി പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷയെഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരുണ്െടങ്കില്‍ അവര്‍ക്ക് രണ്ടില്‍ കൂടുതല്‍ പേപ്പര്‍ പരീക്ഷയെഴുതുന്നതിന് അനുവാദമുണ്ടായിരിക്കും. ഇതിനായി വില്ലേജ് ഓഫീസര്‍/അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 100 രൂപ നിരക്കില്‍ ഫീസ് ഈടാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.