സൌമ്യതയുടെ പര്യായം; ഇതിഹാസമെഴുതിയ പ്രതിഭ
സൌമ്യതയുടെ പര്യായം; ഇതിഹാസമെഴുതിയ പ്രതിഭ
Tuesday, April 24, 2012 9:36 PM IST
ബിനീഷ് പണിക്കര്‍

കൊച്ചി: ചലച്ചിത്രത്തിന്റെ മായിക പ്രഭകളില്‍ മുങ്ങിത്താണിട്ടും അതിന്റെ നിറപ്പകിട്ടുകളൊന്നും സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമാക്കാതെ ലളിതമായും സൌമ്യമായും ജീവിച്ച ഇതിഹാസ സമാനമായ പ്രതിഭയാണു നവോദയ അപ്പച്ചന്‍. ഒരുപക്ഷെ കാലത്തിന് ഒരിക്കലും പകരം വയ്ക്കാനാവാത്ത, സമാനതകളില്ലാത്ത പ്രതിഭ.

പ്രതിസന്ധികളില്‍ പതറാതെ സൌമ്യമധുരമായി ചിരിച്ച് 80കളുടെ അപരാഹ്നത്തിലും തന്റെ ഭാവനയില്‍ വിഹരിക്കുകയും അതിന്റെ പരാഗങ്ങള്‍ തൂവുകയും ചെയ്ത അസാമാന്യമായ വ്യക്തിത്വം. കല്മഷങ്ങളില്ലാത്ത കാര്‍ഷികവൃത്തിയുടെ, ആലപ്പുഴക്കാരന്റെ ശീലങ്ങള്‍, അതിന്റെ നിഷ്ക്കളങ്കത ഒക്കെ അദ്ദേഹം കടന്നുപോകുന്ന വഴികളിലൊക്കെ പ്രസരിപ്പിച്ചു.

വെളുത്ത മുണ്ടും ജുബ്ബയും നിറഞ്ഞ ചിരിയുമായി മാസങ്ങള്‍ക്കു മുന്‍പൊരു രാത്രി ദീപികയിലേക്ക് അദ്ദേഹം കയറിവന്നത് സൌമ്യമധുരമായ വാക്കുകളുമായാണ്. ശിരസില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ തുകര്‍ത്ത്. തനി ഗ്രാമീണന്റെ മട്ട്. ഒരു പത്രക്കുറിപ്പുമായി പത്ര ഓഫീസുകളിലേക്ക് എത്താനുള്ള വിനയം രാജ്യം തന്നെ നമിക്കുന്ന നവോദയ അപ്പച്ചനെന്ന പ്രതിഭയ്ക്ക് ഉണ്ടായിരുന്നു. മലയാള സിനിമയുടെ സാങ്കേതിക, ഉള്ളടക്ക പരിണാമത്തില്‍ നവോദയ അപ്പച്ചന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഇടയ്ക്കെപ്പോഴോ തെല്ലുകാലം ചലച്ചിത്രലോകത്തു നിന്നു പല കാരണങ്ങളാല്‍ വിട്ടുനിന്നെങ്കിലും അദ്ദേഹത്തിന്റെ മനസു നിറയെ സിനിമയായിരുന്നു.

മലായാളം പല പ്രതിഭകളുടെ കാര്യത്തില്‍ എന്ന പോലെ നവോദയ അപ്പച്ചനെയും ആദരിച്ചതു തെല്ലു വൈകിയായിരുന്നു. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരം നവോദയ അപ്പച്ചനെ തേടിയെത്തിയത് കഴിഞ്ഞ വര്‍ഷം മാത്രമാണ്. അതിനുശേഷവും ചലച്ചിത്രത്തിന്റെ സാധ്യതകളില്‍ വിഹരിക്കുകയായിരുന്നു ആ പ്രതിഭ.

പതിനേഴാം വയസില്‍ ജ്യേഷ്ഠന്‍ കുഞ്ചാക്കോ ഉദയാ സ്റുഡിയോയുടെ പ്രധാന ചുമതലക്കാരനാക്കിയതുമുതല്‍ അപ്പച്ചന്‍ സിനിമയ്ക്കൊപ്പം തുടങ്ങിയ സഹയാത്രയാണു കഴിഞ്ഞ സായന്തനത്തില്‍ അവസാനിച്ചത്. ഗായകന്‍ യേശുദാസിന്റെ പിതാവും കുഞ്ചാക്കോയുടെ അടുത്ത സുഹൃത്തുമായ അഗസ്റിന്‍ ജോസഫ് അഭിനയിച്ച നല്ല തങ്കയാണ് അപ്പച്ചന്‍ ഭാഗമാഭാക്കായ ആദ്യ സിനിമ.

ഉദയ മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ ഏടാണ്. അപ്പച്ചന്‍ പിന്നീട് ഉദയയില്‍ നിന്നു നവോദയയിലേക്കു പരിണമിച്ചു. അപ്പോഴേക്കും ആ പ്രതിഭാശാലി വലിയ കുതിച്ചുചാട്ടത്തിനു ശേഷി നേടിയിരുന്നു. ചെറുപ്പത്തില്‍ തന്നെ സിനിമാ മേഖലയില്‍ ലഭിച്ച പരിചയസമ്പത്തായിരുന്നു അതിനു കൈമുതല്‍. ഹോളിവുഡ് സ്റുഡിയോ സമ്പ്രദായം മലയാളത്തില്‍ നടപ്പിലാക്കിയത് അപ്പച്ചന്റെ എടുത്തുപറയേണ്ട മികവാണ്. സിനിമയെ സുഘടിതമായ വ്യവസായമായി മാറ്റാന്‍ ഈ സമ്പ്രദായം ഉപകരിച്ചു.


അപ്പച്ചന്‍ ഒരു മുന്നോടിയായിരുന്നു. ആദ്യ സിനിമാസ്കോപ്പ്, 70 എംഎം, ത്രീഡി തുടങ്ങി പലതും മലയാളികളിലേക്ക് എത്താന്‍ അദ്ദേഹം കാരണായി. അതുപോലെ തന്നെ പ്രധാനമാണ് അദ്ദേഹം വളര്‍ത്തിയെടുത്ത പ്രതിഭകള്‍.

സംവിധായകരായ ഫാസില്‍, ടി.കെ. രാജീവ്കുമാര്‍, മകനായ ജിജോ, സംഗീത സംവിധായകരായ ജെറി അമല്‍ദേവ്, മോഹന്‍ സിത്താര, നടന്‍ മോഹന്‍ലാല്‍, ശങ്കര്‍ തുടങ്ങിവരുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും കൊടുത്തത് അപ്പച്ചനായിരുന്നു.

സിനിമയുടെ സാങ്കേതികമായ ഉള്ളടക്കത്തെകുറിച്ച് അദ്ദേഹം ഏറെ ചിന്തിച്ചിരുന്നു. അതിനൊപ്പം തന്നെ നിര്‍മാണത്തിന്റെ സമ്പദ്ശാസ്ത്രത്തെക്കുറിച്ചും അദ്ദേഹത്തിനു തന്റേതായ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും പരീക്ഷണ പരത യില്‍നിന്നും അദ്ദേഹത്തെ പിന്നോട്ടുവലിച്ചിരുന്നില്ല. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പിന്നാലെ ബൈബിള്‍ മെഗാസീരിയലായി നിര്‍മിച്ച് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തതും മറ്റൊരു നാഴികക്കല്ല്.

പഴയമയില്‍ നിന്നു മാറ്റം ആവശ്യമാണെന്നു തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു എല്ലാ പരീക്ഷണങ്ങള്‍ക്കും അദ്ദേഹം മുന്നിട്ടിറങ്ങിയത്. സിനിമാസ്കോപ്പ് ഒരു തുടക്കമായിരുന്നു. അതു പിന്നെ 70 എംഎം ചിത്രമായും ത്രീഡി ചിത്രമായും ഒക്കെ വളര്‍ന്നു. 70 എംഎമ്മിലുള്ള പടയോട്ടം എന്ന ചിത്രം മകന്‍ ജിജോയുടെ താല്‍പര്യപ്രകാരമാണു നിര്‍മിച്ചത്. 70 എംഎമ്മില്‍ ഇന്ത്യയില്‍ തന്നെ ഷൂട്ടു ചെയ്ത ആദ്യ സിനിമയും പടയോട്ടമായിരുന്നു. പടയോട്ടത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ജിജോ വിദേശത്തു പോയി പഠിച്ച സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിന് അദ്ദേഹം അരങ്ങ് ഒരുക്കികൊടുക്കുകയും ചെയ്തു. കുട്ടനാടിന്റെ മണ്ണാണു തന്നെ സിനിമയിലെത്തിച്ചതെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. ആ സൌമ്യതയും നിഷ്ക്കളങ്കതയും എന്നും അദ്ദേഹത്തിനു കൈമുതലായിരുന്നു. അവിടുത്തെ ജീവിതം മുഴുവന്‍ റിസ്ക്ക് നിറഞ്ഞതായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.