റാങ്കുകളുടെ സ്വാമിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍
റാങ്കുകളുടെയും ഒന്നാംസ്ഥാനങ്ങളുടെയും റിക്കാര്‍ഡുകാരന് അംഗീകാരത്തിന്റെ മറ്റൊരു പൊന്‍തൂവല്‍കൂടി. ഗവണ്മെന്റ് സെക്രട്ടറിയും ഇപ്പോള്‍ സിവില്‍ സപ്ളൈസ് കമ്മീഷണറുമായ ഡോ.രാജു നാരായണ സ്വാമിക്കാണ് ഈ അപൂര്‍വ അംഗീകാരം. ലോകബാങ്കിന്റെ ദുരന്തനിവാരണ വിഭാഗമായ ഗ്ളോബല്‍ ഫസിലിറ്റി ഫോര്‍ ഡിസാസ്റര്‍ റിസ്ക് റിഡക്ഷന്‍(ജിഎഫ്ഡിആര്‍ആര്‍) ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റര്‍ മാനേജ്മെന്റുമായി ചേര്‍ന്ന് നടത്തുന്ന പത്ത് ഓണ്‍ലൈന്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഒരു അടിസ്ഥാന കോഴ്സും ഒമ്പതു പ്രത്യേക കോഴ്സുകളും ഉള്‍പ്പെടുന്നതാണിത്. ഈ പത്തു കോഴ്സുകളും പാസാകുന്ന രാജ്യത്തെ ആദ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമാണദ്ദേഹം. ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങി വ്യത്യസ്ത ദുരന്തങ്ങളെ നേരിടാനുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കിരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും ഇതര സഹായങ്ങളും ലോകബാങ്ക് പോലുള്ള ഏജന്‍സികളില്‍നിന്നു ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തടങ്ങിയവയാണ് ഈ കോഴ്സുകളിലൂടെ പഠനവിധേയമാക്കിയത്. നിരവധി പ്രോജക്ടുകളും ഓണ്‍ലൈന്‍ അസൈന്‍മെന്റുകളും ഇതിന്റെ ഭാഗമായി ചെയ്തു.


ഈ കോഴ്സ് പാസായതിന്റെ അടിസ്ഥാനത്തില്‍ രാജു നാരായണസ്വാമിയെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റര്‍ മാനേജ്മെന്റിന്റെ വിദഗ്ധസമിതിയില്‍ അംഗമായി ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക നിരീക്ഷകനായി നിരവധി സംസ്ഥാനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലും യുപിയിലും നിരീക്ഷകനായിരുന്നു. ചങ്ങനാശേരി എസ്ബി കോളജ് മുന്‍ അധ്യാപകന്‍ കെ.എസ്. വെങ്കിടാചലം അയ്യരുടെയും എല്‍. രാജമ്മാളുടെയും പുത്രനാണ്. അഡ്വ.എം.ഡി. ബീനയാണു ഭാര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.