അപ്രതീക്ഷിത ദുരന്തത്തിനു മുന്നില്‍ പകച്ചുനില്‍ക്കാതെ ജിസ്മി മുന്നോട്ട്
റെനീഷ് മാത്യു

കാഞ്ഞങ്ങാട്: ഒരിക്കലും ഓര്‍മിക്കാനാവാത്ത സംഭവങ്ങളാണ് എണ്ണപ്പാറയിലെ ഏത്തക്കാട്ട് ആന്റണിയുടെയും മേരിക്കുട്ടിയുടെയും മകള്‍ ജിസ്മിക്ക് 2008 ഏപ്രില്‍ 28 സമ്മാനിച്ചത്. സ്വപ്നങ്ങള്‍ക്കു ചിറകു മുളയ്ക്കുന്ന പ്രായത്തില്‍ കടന്നെത്തിയ ദുരന്തം നൊമ്പരമായി ഇന്നും മനസില്‍ അവശേഷിക്കുന്നു. എന്നാല്‍ വേദനയുള്ള നൊമ്പരങ്ങളെ മധുരതരമാക്കാന്‍ ശ്രമിച്ചതിനാല്‍ വീണ്ടും ജിസ്മിയുടെ പഴയ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

കാഞ്ഞങ്ങാട്ടുനിന്ന് എണ്ണപ്പാറയിലേക്കുള്ള ബസ് യാത്രയ്ക്കിടയിലുണ്ടായ അപകടത്തില്‍ ജിസ്മിയുടെ വലതുകൈ അറ്റുപോയി. സൈഡ് സീറ്റിലിരുന്ന ജിസ്മിയുടെ വലതുകൈ പാണത്തൂരില്‍നിന്നു വന്ന ബസില്‍ തട്ടിയാണ് അറ്റുപോയത്. തുടര്‍ന്ന് ജിസ്മിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറ്റുപോയ കൈയും ആംബുലന്‍സില്‍ കൂടെക്കൊണ്ടുപോയിരുന്നു. എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ അറ്റുപോയ കൈ തുന്നിച്ചേര്‍ത്തു. തുടര്‍ന്ന് മാസങ്ങളോളം ആശുപത്രിയില്‍.

അപകടം നടന്ന സമയത്ത് കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്നു ജിസ്മി. പഠനത്തിലും കലാപരമായ കാര്യത്തിലും മുന്നിലായിരുന്നു അവള്‍. പഠനരംഗത്ത് എല്‍കെജി മുതല്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള നിരവധി സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചിരുന്നു. കൂടാതെ ശാസ്ത്രീയനൃത്തത്തിലും അവള്‍ മിടുക്കിയായിരുന്നു. ഡോക്ടറാകണമെന്ന ലക്ഷ്യത്തോടെ മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത ദുരന്തം.


എന്നാല്‍, ഈ ദുരന്തമൊന്നും ജിസ്മിയെ തളര്‍ത്തിയില്ല. പ്രതിസന്ധികള്‍ തരണംചെയ്ത് അവള്‍ മുന്നേറുകയായിരുന്നു. മാതാപിതാക്കളുടെയും സഹോദരന്റെയും കൂട്ടുകാരുടെയും അധ്യാപകരുടെയും നാട്ടുകാരുടെയുമൊക്കെ പിന്തുണ അവളുടെ ധൈര്യം ഇരട്ടിപ്പിച്ചു. ഇതിനിടെ ഇടതുകൈ കൊണ്ട് എഴുതാന്‍ പരിശീലിച്ചു. നോട്ടുകള്‍ സഹപാഠികള്‍ എഴുതി നല്കി. അധ്യാപകര്‍ വീട്ടില്‍ വന്ന് പാഠങ്ങള്‍ പഠിപ്പിച്ചു. അങ്ങനെ പഴയ പ്രസരിപ്പോടെ ജിസ്മി വീണ്ടും സ്വപ്നങ്ങളുമായി പുതിയ ജീവിതത്തിലേക്ക് കടന്നുവന്നു. ഐസിഎസ്ഇ സിലബസില്‍ പത്താം ക്ളാസ് പരീക്ഷയും ഇടതുകൈ ഉപയോഗിച്ച് എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ് ജിസ്മിയിപ്പോള്‍. ഫിസിയോതെറാപ്പി ചെയ്ത് വലതുകൈയുടെ സ്വാധീനം വീണ്െടടുക്കാനും ശ്രമം നടക്കു ന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.