തിരുവഞ്ചൂരിന്റെ ആശംസാപ്രസംഗം നെയ്യാറ്റിന്‍കര പ്രസംഗം പോലെയെന്നു മാര്‍ ക്രിസോസ്റം; സദസ് ചിരിയില്‍ മുങ്ങി
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആശംസാ പ്രസംഗം നെയ്യാറ്റിന്‍കര പ്രസംഗം പോലെ തോന്നിയെന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്ത.

ഇതു കേട്ടിരുന്ന മന്ത്രി തിരുവഞ്ചൂരും സദസ്യരുടെയൊപ്പം ചിരിയില്‍ പങ്കുചേര്‍ന്നു. ഇന്നു കാണുന്ന മന്ത്രി നാളെ കാണുമ്പോഴേക്കു വകുപ്പു മാറിയിട്ടുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതോടെ സദസ് ചിരിയില്‍ ഇളകിമറിഞ്ഞു.

നീതിയിലൂടെ സമാധാനം, സ്നേഹത്തിലൂടെ ഐക്യം എന്ന മുദ്രാവാക്യവുമായി മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ അമേരിക്കയിലെ ഷിക്കാഗോ വരെ നടത്തുന്ന ആഗോള സദ്ഭാവനാ പ്രാര്‍ഥനാ റാലിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെക്കുറിച്ചും അദ്ദേഹത്തിനു പറയാന്‍ ഏറെയുണ്ടായിരുന്നു. ജീവന്‍ ജീവിതമായി വളര്‍ന്ന് അനേക ജീവിതങ്ങള്‍ക്കു പ്രയോജനം ചെയ്ത മഹാത്മാവാണു മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്തയെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പറഞ്ഞു.പൊതുസമൂഹത്തി ന് അദ്ദേഹം നല്‍കുന്ന സന്ദേശം അതുല്യമാണെന്നും കാതോലിക്കാ ബാവ പറഞ്ഞു.


ഭഗവത്ഗീതയിലെ ശ്ളോകം ചൊല്ലിക്കൊണ്ട് ഉദ്ഘാടനപ്രസംഗം തുടങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ വലിയ മെത്രാപ്പോലീത്തയുടെ ഉദ്യമത്തിന് എല്ലാ ആശംസകളും നേര്‍ന്നു. താന്‍ കാമറയില്‍ എടുത്ത റോം, ഇംഗ്ളണ്ടിലെ സെന്റ് ആന്റണീസ് കത്തീഡ്രല്‍, കന്യാകുമാരിയിലെ ത്രിവേണി സംഗമം എന്നിവയുടെ ചിത്രങ്ങളും അദ്ദേഹം വലിയ മെത്രാപ്പോലീത്തയ്ക്കു സമ്മാനിച്ചു.

മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്തയെപ്പോലുള്ളവര്‍ തലമുറയ്ക്ക് മാര്‍ഗദര്‍ശകങ്ങളാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സിഎസ്ഐ മുന്‍ ബിഷപ് ഡോ. ജെ. ഡബ്ള്യു ഗ്ളാഡ്സ്റണ്‍, സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തിരുവനന്തപുരം മേയര്‍ അഡ്വ. കെ. ചന്ദ്രിക, ബോബി മാത്യു എന്നിവര്‍ പ്രസംഗിച്ചു. റെജി കോപ്പാറ പ്രോഗ്രാം അവതരിപ്പിച്ചു. ഡോ. ബെനറ്റ് എബ്രഹാം സ്വാഗതവും ഷെവലിയര്‍ എം. ജോര്‍ജ് നന്ദിയും പറഞ്ഞു.