പിണറായിയുടെ ആരോപണം ഫാസിസ്റ് നടപടി മറച്ചുവയ്ക്കാന്‍: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കണ്ണൂര്‍ പട്ടുവത്തെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുഷുക്കൂറിനെ കൊലപ്പെടുത്തിയ രീതിയടക്കമുള്ള ഫാസിസ്റ് നടപടികള്‍ മറച്ചുവയ്ക്കാനും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുമാണു ലീഗിനുമേല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തീവ്രവാദബന്ധം ആരോപിക്കുന്നതെന്നു മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പട്ടുവത്തെ ഷുക്കൂര്‍, കാസര്‍കോട്ടെ ജബ്ബാര്‍, പട്ടുവത്തെ തന്നെ അന്‍വര്‍, തലശേരിയിലെ ഫൈസല്‍ തുടങ്ങി വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ളവരും ശിക്ഷിക്കപ്പെട്ടവരും സിപിഎം നേതാക്കളോ, അവരുടെ ആജ്ഞാനുവര്‍ത്തികളോ ആണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇതു കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നതു സിപിഎമ്മിനെ വല്ലാ തെ അലോസരപ്പെടുത്തുന്നുണ്ട്. അണികള്‍ വര്‍ഗീയ നിലപാടിലേക്കു പോകുന്നുണ്േടാ യെന്നു സിപിഎം നേതൃത്വമാണു പരിശോധിക്കേണ്ടത്.

മുസ്ലിം ലീഗ് വര്‍ഗീയതയിലേക്കോ തീവ്രവാദത്തിലേക്കോ പോകുന്ന പ്രശ്നമുദിക്കുന്നില്ല. അന്നും ഇന്നും ഒരേ നിലപാടാണ് തീവ്രവാദത്തോടും വര്‍ഗീയതയോടും മുസ്ലിം ലീഗിനുള്ളത്. പൊന്നാനി ലോക്സഭാ സീറ്റില്‍ മുസ്ലിം ലീഗിനെ പരാജയപ്പെടുത്താനായി എല്ലാ തീവ്രവാദ സംഘടനകളെയും കൂട്ടുപിടിച്ചു സിപിഎം നടത്തിയ പാഴ്ശ്രമങ്ങള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ തീവ്രവാദങ്ങള്‍ക്കെതിരേ മുസ്ലിംലീഗ് കൈക്കൊണ്ട കടുത്ത നിലപാട് അന്നുംഇന്നും മാറിയിട്ടില്ല. 2011 ന് മുമ്പും ശേഷവും ലീഗിന് ഇക്കാര്യത്തില്‍ ഒരുനിലപാടുതന്നെയാണ്. ഒരു മാറ്റവും വന്നിട്ടില്ല.


ഭരണംകിട്ടിയശേഷം നിലപാടു മാറ്റേണ്ട ഒരു സന്ദര്‍ഭമോ ആവശ്യമോ ലീഗിനുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി, നടക്കാത്ത ഭൂമിദാനം സംബന്ധിച്ച് അന്വേഷണം ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ദാനംചെയ്തതും അപഹരിക്കപ്പെട്ടതുമായ സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയുടെ ന്യായാന്യായങ്ങള്‍ സംബന്ധിച്ച് ഏതുതരം അന്വേഷണത്തെയും മുസ്ലിംലീഗ് സ്വാഗതം ചെയ്യുന്നു. അത്തരം അന്വേഷണത്തിലൂടെ കൂടുതല്‍ സര്‍ക്കാര്‍ ഭൂമി അനര്‍ഹമായി എവിടെയാണ് എത്തിയെന്നു വെളിപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.