നഷ്ടപരിഹാരക്കേസ്: മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ നാവികരില്‍നിന്നുള്ള വെടിയേറ്റു രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ ഇറ്റലിക്കാരില്‍ നിന്നു നഷ്ടപരിഹാരത്തുക കൈപ്പറ്റിയ ആശ്രിതര്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വെടിയേറ്റു മരിച്ചവരുടെ ബന്ധുക്കള്‍ സായിപ്പിന്റെ പണം കണ്ടപ്പോള്‍ എല്ലാം മറന്നെന്നും അനാവശ്യമായി കോടതിയുടെ സമയം അപഹരിച്ചെന്നും കോടതി കുറ്റപ്പെടുത്തി.

നീണ്ടകര പോലീസ് സ്റേഷനില്‍ രജിസ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആര്‍ റദ്ദാക്കുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അനുമതി തേടുന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റീസ് പി.എസ്. ഗോപിനാഥന്‍. ഇറ്റാലിയന്‍ കോണ്‍സുലേറ്റും കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികസേനാംഗങ്ങളും കേസ് റദ്ദാക്കാനായി സമര്‍പ്പിച്ച ഹര്‍ജിയില്‍, കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കക്ഷിചേര്‍ന്നിരുന്നു. ഏറെ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ഇരുവരെയും കക്ഷിചേര്‍ത്തത്.

ഒടുവില്‍ കേസിന്റെ എല്ലാ നടപടിക്രമങ്ങളില്‍നിന്നും വാദങ്ങളില്‍നിന്നും പിന്മാറാന്‍ നഷ്ടപരിഹാരത്തിനായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി അവര്‍ തീരുമാനിക്കുകയായിരുന്നു.


ഹൈക്കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിനു കോടതിച്ചെലവു ചുമത്തേണ്ടിവരുമെന്നു നിരീക്ഷിച്ച കോടതി ക്രിമിനല്‍ കേസുകളില്‍ ഇത്തരം നിലപാട് ആവര്‍ത്തിക്കുന്നത് അനുവദിക്കാനാവില്ലെന്നും മുന്നറിയിപ്പു നല്‍കി.

ഒരു കോടി രൂപ വീതം കൈപ്പറ്റി നഷ്ടപരിഹാരക്കേസ് തീര്‍പ്പാക്കാന്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട വാലന്റൈന്റെ ഭാര്യ ഡോറമ്മയും അജീഷ് പിങ്കിന്റെ സഹോദരിമാരായ അഭിനയ, അഗുണ എന്നിവരും ഹൈക്കോടതിയുടെ ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ഭാഗമായ ലോക് അദാലത്തില്‍ ഇറ്റലിയുമായി ധാരണയിലെത്തിയിരുന്നു. കൊല്ലം ജില്ലാ മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും നിലവിലുള്ള കേസുകളില്‍ നിന്നു പിന്മാറുമെന്നു ധാരണാപത്രത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു.

ഇതു പ്രകാരമാണു ജസ്റീസ് പി.എസ്. ഗോപിനാഥന്റെ കോടതിയില്‍ പരിഗണനയിലിരുന്ന കേസില്‍ സമര്‍പ്പിച്ചിരുന്ന എതിര്‍ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു കുടുംബങ്ങളും അനുമതി ഹര്‍ജി ഫയല്‍ ചെയ്തത്. മറ്റു ഹര്‍ജികള്‍ക്കൊപ്പം ഇതു പരിഗണിക്കുമെന്നു സിംഗിള്‍ ബെഞ്ച്് അറിയിച്ചു. ഇക്കാര്യത്തില്‍ വാദം കേള്‍ക്കേണ്ടതുണ്െടന്നും കോടതി വ്യ ക്തമാക്കി.