ഫാ. പോള്‍ മൂഞ്ഞേലി കാരിത്താസ് ഇന്ത്യ അസി. എക്സിക്യൂട്ടീവ് ഡയറക്ടര്‍
കൊച്ചി: ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടറായി എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. മൂഞ്ഞേലി 30-നു ചുമതലയേല്‍ക്കും. ഡല്‍ഹിയിലാണ് കാരിത്താസ് ഇന്ത്യയുടെ ആസ്ഥാനം. അതിരൂപതയുടെ കീഴിലുള്ള എറണാകുളം ലിസി മെഡിക്കല്‍ സ്ഥാപനങ്ങളുടെ ഡയക്ടറായാണ് അദ്ദേഹം.

ഭാരതത്തിലെ സാമൂഹ്യക്ഷേമരംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കാരിത്താസ് ഇന്ത്യ. 160 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ തലത്തിലുള്ള കാരിത്താസ് സംഘടനയുടെ ഇന്ത്യന്‍ ഘടകമാണിത്. 200 രാജ്യങ്ങളില്‍ ഇതിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയിലെ 175 രൂപതകളിലെ സാമൂഹ്യക്ഷേമ സംഘടനകളും മറ്റു സന്നദ്ധ സംഘങ്ങളുമായി സഹകരിച്ചാണ് കാരിത്താസ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ കിടങ്ങൂര്‍ ഇടവകാംഗമായ ഫാ. മൂഞ്ഞേലി എംഎസ്ഡബ്ള്യു ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. ബിസിനസ് അഡ്മിനിസ്ട്രേഷനിലും മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. 2010 മുതല്‍ ലിസി ആശുപത്രി ഡയറക്ടറാണ്. പന്ത്രണ്ടു വര്‍ഷമായി സാമൂഹ്യ പ്രവര്‍ത്തനരംഗങ്ങളിലും ഫാ. മൂഞ്ഞേലി സജീവസാന്നിധ്യമാണ്. ബാംഗളൂരില്‍ 26-നു ചേര്‍ന്ന സിബിസിഐയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് ഫാ. മൂഞ്ഞേലിയെ കാരിത്താസ് ഇന്ത്യയുടെ അസിസ്റന്റ് എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചത്.