നാട്ടിലിറങ്ങിയ കടുവ കൂട്ടിലായി
നാട്ടിലിറങ്ങിയ കടുവ കൂട്ടിലായി
Thursday, November 15, 2012 10:57 PM IST
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ നാട്ടിലിറങ്ങി നാലു പശുക്കളെ കൊന്ന കടുവ ഒടുവില്‍ വനംവകുപ്പ് ഒരുക്കിയ കെണിയില്‍ കുടുങ്ങി. അപ്പപ്പാറ പുലിവാല്‍ മുക്കിന് സമീപത്തെ വനത്തില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച കൂട്ടില്‍ ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണു 12 വയസ് പ്രായം തോന്നിക്കുന്ന കടുവ കുടുങ്ങിയത്. രാവിലെ അഞ്ചോടെ കൂടിനടുത്തെത്തിയ വനപാലകരാണ് കടുവയെ ആദ്യം കണ്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൂട്ടിലെ കമ്പിയില്‍ തട്ടി കടുവയുടെ മുഖത്തിന് പരിക്കേറ്റു.

പനവല്ലി, അപ്പപ്പാറ പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കടുവപ്പേടിയിലായിരുന്നു നാട്ടുകാര്‍. പുലിവാല്‍മുക്കിലെ എടുമ്പിലശേരി ഇ.ആര്‍. ജയചന്ദ്രന്റെ വീട്ടിലെ രണ്ട് പശുക്കളെ തിങ്കളാഴ്ച രാത്രി കടുവ കൊന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സീനിയര്‍ വെറ്ററിനറി ഫോറസ്റ്റ് ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചത്. കടുവ കൊന്ന പശുവിന്റെ മാംസമാണ് ആഹാരമായി കൂട്ടില്‍ വച്ചിരുന്നത്.

കടുവയെ നോര്‍ത്ത് വയനാട് ഡിഎഫ്ഒ ഷാനവാസിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കേരള-തമിഴ്നാട്-കര്‍ണാടക വനാതിര്‍ത്തിയിലെ മുതുമലയോട് ചേര്‍ന്ന വനപ്രദേശത്ത് തുറന്നുവിട്ടു. കുറിച്യാട് വഴി മുത്തങ്ങയില്‍ കടക്കാതെ വനത്തിലൂടെയാണ് കടുവയെ കൊണ്ടുപോയതെന്ന് ഡിഎഫ്ഒ പറഞ്ഞു.


കടുവയെ ചെതലയം വനത്തില്‍ വിട്ടു എന്നാരോപിച്ച് നാട്ടുകാര്‍ കുറിച്യാട് റേഞ്ച് ഓഫീസും റോഡും ഉപരോധിച്ചു. മുത്തങ്ങ വനത്തിലേക്ക് കടുവയെ കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ നാട്ടുകാര്‍ മുത്തങ്ങ റേഞ്ച് ഓഫീസും ദേശീയ പാതയും ഉപരോധിച്ചു.

കടുവയെ വനത്തില്‍ വിട്ടു മടങ്ങിയ വനപാലക സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീകുമാര്‍, നോര്‍ത്ത് വയനാട് ഡിഎഫ്ഒ ഷാനവാസ്, വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, റേഞ്ച് ഓഫീസര്‍ കെ.കെ. ഗോപാലന്‍ എന്നിവരടങ്ങിയ സംഘത്തെയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ നാട്ടുകാര്‍ തടഞ്ഞത്.

അതേസമയം, വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുനെല്ലി പഞ്ചായത്തില്‍ ഇന്നലെ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇതേ ആവശ്യങ്ങളുന്നയിച്ച് ഇന്ന് സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ, പുല്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.