വിവാദ ചര്‍ച്ചകള്‍ക്കു പോകുന്നവര്‍ താമരാക്ഷന്റെ ഗതിവരാതെ നോക്കണം: ഷിബു ബേബിജോണ്‍
തിരുവനന്തപുരം: ടിവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാനായി വിവാദങ്ങളിലേക്കു പോകുമ്പോള്‍ ആര്‍എസ്പി നേതാവ് താമരാക്ഷന്റെ ഗതിവരാതെ നോക്കണമെന്നു മന്ത്രി ഷിബു ബേബിജോണ്‍. പി.ആര്‍. ചേംബറില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

എല്‍ഡിഎഫില്‍ നിന്നു യുഡിഎഫില്‍ എത്തിയ താമരാക്ഷന്‍ യുഡിഎഫിനെതിരേ നിരന്തരം പറഞ്ഞു നടന്നു. വേണ്െടങ്കില്‍ മുന്നണി വിട്ടുപോകാന്‍ യുഡിഎഫ് നേതാക്കള്‍ നിര്‍ദേശിച്ചു. മുന്നണിയില്‍ നിന്നു പുറത്തുപോയ താമരാക്ഷന്‍ ഒരിടത്തുമില്ലാതായി.

വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനായി പറയുന്നതു ചിലപ്പോള്‍ ഗതികേടായി മാറും. നെല്ലിയാമ്പതി മുതല്‍ കോവളം കൊട്ടാരം വരെ വിവാദം സൃഷ്ടിക്കുന്നവര്‍ക്കു സര്‍ക്കാര്‍ നയം മനസിലായിട്ടുണ്േടായെന്നു സംശയമാണ്. വിവാദമുണ്ടാക്കുന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വേദിയുണ്ടാക്കുകയാണു വേണ്ടത്.


24 മണിക്കൂറും മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതിന്റെ ഗുണം രാത്രിയില്‍ ഒരു മണിക്കൂര്‍നേരത്തെ ചര്‍ച്ച കൊണ്ട് ചില യുഡിഎഫ് എംഎല്‍എമാര്‍ ഇല്ലാതാക്കുന്നു. ഭരണനേട്ടം ജനങ്ങളിലേക്ക് എത്തുന്നില്ല. ജനങ്ങളിലെത്തുന്നതു വിവാദങ്ങള്‍ മാത്രമാണ്. ഇതു സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതായും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.