ഓട്ടോ- ടാക്സി പണിമുടക്കു തുടങ്ങി
തിരുവനന്തപുരം: ഓട്ടോറിക്ഷ- ടാക്സി നിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു എന്നീ സംഘടനകളുടെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണു സമരം.

ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 12 ല്‍ നിന്നു 15 ആക്കി ഉയര്‍ത്തണമെന്ന് ഇതെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതോടൊപ്പം കിലോമീറ്റര്‍ ചാര്‍ജിലും വര്‍ധന വേണം. ടാക്സിയുടെ കിലോമീറ്റര്‍ ചാര്‍ജ് എട്ടില്‍ നിന്ന് ഒന്‍പതാക്കി ഉയര്‍ത്തണമെന്നും മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തിരുന്നു. പെട്രോള്‍- ഡീസല്‍ വിലവര്‍ധനയെത്തുടര്‍ന്നാണു നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യമുയര്‍ന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും ഓട്ടോ- ടാക്സി നിരക്ക് ഉയര്‍ത്താത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.