സാമൂഹിക പ്രതിബദ്ധതയോടെ സഭയെ പടുത്തുയര്‍ത്തണം: മാര്‍ പവ്വത്തില്‍
സാമൂഹിക പ്രതിബദ്ധതയോടെ സഭയെ പടുത്തുയര്‍ത്തണം: മാര്‍ പവ്വത്തില്‍
Thursday, November 15, 2012 11:16 PM IST
കാഞ്ഞിരപ്പള്ളി: ഈശോയുടെയും ശ്ളീഹന്മാരുടെയും കാലടികളെ പിന്തുടര്‍ന്നു സാമൂഹിക പ്രതിബദ്ധതയോടെ ജീവിതസാക്ഷ്യം നല്‍കുന്ന സഭാ സമൂഹത്തിന് രൂപം നല്‍കാന്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനും ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷനുമായ മാര്‍ ജോസഫ് പവ്വത്തില്‍ ആഹ്വാനം ചെയ്തു. പൌരോഹിത്യ സുവര്‍ണജൂബിലിയും മെത്രാഭിഷേക റൂബിജൂബിലിയുമാഘോഷിക്കുന്ന മാര്‍ പവ്വത്തിലിനു കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികസമൂഹം നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവം കൈപിടിച്ചു നടത്തിയതും ദൈവത്തിന്റെ കൈപിടിച്ചു നടന്നതുമാണു തന്റെ അജപാലനശുശ്രൂഷയുടെ വിജയത്തിനു നിദാനമെന്ന് മാര്‍ പവ്വത്തില്‍ അനുസ്മരിച്ചു.

വിശ്വാസവര്‍ഷത്തില്‍ ക്രൈസ്തവജീവിതത്തിന്റെ പുനര്‍ജീവനവും ജീവിതസാക്ഷ്യത്തിലൂടെയുള്ള വിശ്വാസ പ്രഘോഷണവുമാണ് നടക്കേണ്ടത്. വൈദികര്‍ക്കാണു സഭാപ്രബോധനങ്ങളെയും സഭാപഠനങ്ങളേയും വിശ്വാസസമൂഹത്തിലെത്തിക്കാനുള്ള ഉത്തരവാദിത്വമുള്ളത്. കുടുംബം മുതല്‍ സഭാശുശ്രൂഷയുടെ എല്ലാ തലങ്ങളിലും അഭിമുഖീകരിക്കുന്ന നിസംഗതയുടേയും ശൈഥല്യപ്രവര്‍ത്തനങ്ങളുടെയും നിരീശ്വരവാദത്തിന്റേയും വെല്ലുവിളികളെ നേരിടാന്‍ പഠനവും പ്രാര്‍ഥനയും നൈര്‍മല്യത്തിലൂന്നിയുള്ള ജീവിതസാക്ഷ്യവുമാണ് സഭാശുശ്രൂഷകര്‍ക്കുള്ള ഉപാധികളെന്ന് മാര്‍ പവ്വത്തില്‍ പറഞ്ഞു.


രൂപതയുടെ ഉപഹാരം സമര്‍പ്പിച്ചുകൊണ്ട് രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ കരിയാറ്റില്‍ മാര്‍ യൌസേപ്പ് മെത്രാപ്പോലീത്തായുടെ സഭൈക്യചിന്തയും പാറേമാക്കല്‍ തോമ്മാ കത്തനാരുടെ ധീരതയും നിധീരിക്കല്‍ മാണി കത്തനാരുടെ ദീര്‍ഘവീക്ഷണവും പ്ളാസിഡ് പൊടിപാറയച്ചന്റെ പാണ്ഡിത്യവുമാണു സഭാതാരമെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ച മാര്‍ പവ്വത്തിലില്‍ വിളങ്ങുന്നതെന്ന് മാര്‍ അറയ്ക്കല്‍ പറഞ്ഞു.

പ്രാര്‍ഥനയുടെ ഒരു മനുഷ്യനേയും ഒരു സത്യപ്രബോധകനേയും പങ്കാളിത്താധിഷ്ഠിത ശൈലിയുള്ള അജപാലകനേയുമാണ് മാര്‍ പവ്വത്തിലില്‍ തനിക്ക് കണ്ടുമുട്ടാനായതെന്ന് ആശംസാപ്രസംഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു വട്ടക്കുഴി പറഞ്ഞു. വൈദികരുടെ പ്രതിനിധി ഫാ.മാത്യു പിണമറുകില്‍, പ്രോട്ടോസിന്‍ചെല്ലൂസ് റവ.ഡോ.മാത്യു പായിക്കാട്ട്, സിന്‍ചെല്ലൂസ് റവ.ഡോ.ജോസ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.