ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെ പേരില്‍ തട്ടിപ്പ്; രണ്ടു പേര്‍ അറസ്റില്‍
ചങ്ങനാശേരി: ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെ പേരില്‍ ആയിരക്കണത്തിന് ആളുകളില്‍ നിന്നായി കോടിക്കണക്കിനു രൂപ തട്ടിപ്പു നടത്തിയ കേസില്‍ രണ്ടു പേരെക്കൂടി ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പി.പി. ജോസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സേവക് ഹെല്‍ത്ത് കെയര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം ഐശ്വര്യയില്‍ ശങ്കര്‍(38), ആലപ്പുഴ തത്തംപള്ളി കലാലയം വെളിപ്പറമ്പില്‍ ഫിലിപ്പോസ്(ഷാജി- 41) എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്തത്. ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ശ്രീകുമാറും സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ് ചെയ്തത്.

ഇടപാടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ ഡയറക്ടറും ഒന്നാം പ്രതിയുമായ ചീരഞ്ചിറ സ്വദേശി സക്കറിയ, മൂന്നാം പ്രതി റാണി എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രോഗം മൂലം ചികിത്സയിലായിരുന്ന ശങ്കറിനെയും ഫിലിപ്പോസിനെയും അന്ന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അഥോറിറ്റിയുടെ അനുമതിയില്ലാതെയാണ് സേവക് ഹെല്‍ത്ത് കെയര്‍ സര്‍വീസ് എന്ന സ്ഥാപനം ഇന്‍ഷ്വറന്‍സ് പോളീസിയുടെ മറവില്‍ ആളുകളില്‍ നിന്നു പണ ശേഖരണം നടത്തിയിരുന്നത്. തട്ടിപ്പിനിരയായ ഇടപാടുകാര്‍ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അഥേറിറ്റിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഥോറിറ്റി പരാതി പോലീസിനു കൈമാറുകയായിരുന്നു. 2011 ജൂണിലാണ് ആളുകള്‍ പരാതിയുമായി രംഗത്തെത്തിയത്. പരാതിയെത്തുടര്‍ന്ന് ഈ സ്ഥാപനം പോലീസ് അടച്ചു പൂട്ടിയിരുന്നു.


ഈ സ്ഥാപനം നടത്തിയ ലൈഫ് കെയര്‍ മള്‍ട്ടി ലെവല്‍ ചികിത്സാ സഹായ പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്. ആളുകളില്‍ നിന്നു 2000 രൂപ വാങ്ങിയിരുന്നുവെങ്കിലും 200 രൂപ മാത്രം ഇന്‍ഷ്വറന്‍സിനായി അടച്ചിരുന്നുള്ളു.

കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയും തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഉള്ളവരുമായ നിരവധിപ്പേര്‍ക്കാണ് ഇന്‍ഷ്വറന്‍സിന്റെ പേരില്‍ പണം നഷ്മായത്. നഗരത്തിലെ ഒരു ഷെഡ്യൂള്‍ ബാങ്കിലൂടെയാണ് ഇവര്‍ പണമിടപാടുകള്‍ നടത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ടു സേവക് ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിന്റെ കംപ്യൂട്ടറുകളും മറ്റ് രേഖകളും ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്ന ബാങ്കില്‍ നിന്നുള്ള രേഖകളും പോലീസ് നേരത്തെ പരിശോധനക്കായി കസ്റ്റഡിയിലെടുത്തിരുന്നു. ഇതു ഫോറന്‍സിക് വിഭാഗവും കംപ്യൂട്ടര്‍ വിദഗ്ധരും പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.