ന്യൂനപക്ഷക്ഷേമവകുപ്പ് ന്യൂനപക്ഷ ആക്ഷേപവകുപ്പായി: അല്മായ കമ്മീഷന്‍
തൃശൂര്‍: യുഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമവകുപ്പ് ക്രൈസ്തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷ സമുദായങ്ങളെ ആക്ഷേപിക്കുകയാണെന്നും ക്ഷേമപദ്ധതികള്‍ ന്യൂനപക്ഷ വിഭാഗത്തിലെ ഭൂരിപക്ഷ സമുദായം തീറെഴുതിയെടുത്തിരിക്കുന്നതു കടുത്ത അനീതിയാണെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്യന്‍.

1993ലെ 816 (ഇ) നോട്ടിഫിക്കേഷനിലൂടെ കേന്ദ്രസര്‍ക്കാര്‍ മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധര്‍, പാര്‍സി എന്നീ അഞ്ചു സമുദായങ്ങളെ ഇന്ത്യയില്‍ ന്യൂനപക്ഷവിഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്ക് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി തുല്യ അര്‍ഹതയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ചില വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ഒഴികെയുള്ള എല്ലാ ക്ഷേമപദ്ധതികളും മുസ്ലിം സമുദായത്തിനു മാത്രമായിട്ടാണു കേരള സര്‍ക്കാരിന്റെ ന്യൂനപക്ഷക്ഷേമവകുപ്പ് നടപ്പിലാക്കുന്നത്. ക്രൈസ്തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നീതി നിഷേധിച്ചു.


ന്യൂനപക്ഷമെന്നതിന്റെ പേരില്‍ മറ്റുള്ളവരുടെ ആക്ഷേപങ്ങളേറ്റു വാങ്ങാന്‍ ക്രൈസ്തവ സമുദായവും ക്ഷേമപദ്ധതികള്‍ മറ്റു സമുദായത്തിനുമെന്ന കാട്ടുനീതി തുടരാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. ന്യൂനപക്ഷ ക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥനിയമനത്തിലും വിന്യാസത്തിലും ക്രമക്കേടും അഴിമതിയുമുണ്ട്. ക്രൈസ്തവ സമുദായമുള്‍പ്പെടെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും വകുപ്പില്‍ ഉള്‍പ്പെടുത്തണമെന്നും പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നീതിപൂര്‍വവുമാക്കണമെന്നും സെക്രട്ടറി ആവശ്യ പ്പെട്ടു.