പുതിയ ബാറുകള്‍: വഞ്ചനയെന്നു കെസിബിസി മദ്യവിരുദ്ധസമിതി
Sunday, November 18, 2012 11:14 PM IST
കൊച്ചി: സംസ്ഥാനത്തു പുതുതായി 30 ഹോട്ടലുകള്‍ക്കുകൂടി ബാര്‍ അനുവദിക്കാനുള്ള നീക്കത്തില്‍ കെസിബിസി മദ്യവിരുദ്ധസമിതി പ്രതിഷേധിച്ചു. ഈ നീക്കം ആത്മഹത്യാപരമാണെന്നു മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല കൌണ്‍സലിംഗ് പരിശീലന ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യം ഉണ്ടാകുമെന്ന നിഗമനത്തില്‍ പുതിയ ബാറുകള്‍ അനുവദിക്കാനുള്ള നീക്കം അപലപനീയമാണ്. സര്‍ക്കാര്‍ മദ്യലോബികള്‍ക്കു കീഴടങ്ങിയതായി സമിതി നേതൃയോഗം കുറ്റപ്പെടുത്തി.

മദ്യ ഉപയോഗത്തില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തില്‍ ഇനിയും മദ്യഷാപ്പുകള്‍ അനുവദിക്കുന്നതു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല. മദ്യത്തിന്റെ ഉപഭോഗം എല്ലാ റിക്കാര്‍ഡുകളും ഭേദിച്ചു മുന്നേറുന്ന സാഹചര്യത്തില്‍ മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരികയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്. ഘട്ടംഘട്ടമായി മദ്യനിരോധനം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഘട്ടംഘട്ടമായി വീണ്ടും ബാറുകള്‍ അനുവദിക്കുന്നതു നയവ്യതിയാനവും ആത്മവഞ്ചനയുമാണ്. ഈ നീക്കത്തോടു കെസിബിസി മദ്യവിരുദ്ധ സമിതിക്കു യോജിക്കാനാവില്ല.

കോടതിവിധി മൂലമാണു ബാര്‍ അനുവദിക്കേണ്ടിവരുന്നതെന്ന വാദമുയര്‍ത്തുമ്പോള്‍ വൈകുന്നേരം അഞ്ചിനുശേഷം ബാറുകള്‍ മതി എന്ന കോടതി നിരീക്ഷണവും വ്യാജക്കള്ള് പെരുകുന്ന സാഹചര്യത്തില്‍ കള്ളുഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശവും ആത്മാര്‍ഥതയുണ്െടങ്കില്‍ സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതായിരുന്നു. മദ്യനിരോധനം വന്നാല്‍ വ്യാജമദ്യം ഒഴുകുമെന്ന നിലപാടും ശരിയല്ല. വ്യാജമദ്യം നിയന്ത്രിക്കേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണ്.


കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാനതല ദ്വിദിന കൌണ്‍സലിംഗ് പരിശീലന ക്യാമ്പ് സമാപന സമ്മേളനം മിഷന്‍ ലീഗ് ദേശീയ ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സമിതി അതിരൂപത പ്രസിഡന്റ് അഡ്വ.ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, ഫാ.പോള്‍ കാരാച്ചിറ, ഫാ.ജോര്‍ജ് പാറേമാന്‍, ഫാ.ജോസ് മാപ്പിളമാട്ടേല്‍, സി. ജോണ്‍കുട്ടി, വി.പി. ജോസ്, ചാണ്ടി ജോസ്, അഡ്വ.ജേക്കബ് മുണ്ടക്കല്‍, സിസ്റര്‍ മരിയൂസ, സിസ്റര്‍ ബെനീസി, കെ.വി. ജോണി, കെ.വി. ചാക്കോച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. കൌണ്‍സലിംഗ് നടത്തുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നല്‍കിയ ക്യാമ്പില്‍ ജാതി-മതഭേദമെന്യേ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മദ്യവിരുദ്ധ രംഗത്തു പ്രവര്‍ത്തിക്കുന്ന 175 പേര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.