ജീവന്‍ ടിവി കൈയടക്കാനുള്ള നീക്കത്തെ അപലപിച്ചു
ജീവന്‍ ടിവി കൈയടക്കാനുള്ള നീക്കത്തെ അപലപിച്ചു
Sunday, November 18, 2012 11:18 PM IST
തൃശൂര്‍: ദൃശ്യമാധ്യമരംഗത്തു കത്തോലിക്കാസഭയുടെ അനുഗ്രഹാശിസുകളോടെയും ഇതര വിഭാഗങ്ങളുടെ സഹകരണത്തോടെയും കേരള സമൂഹത്തിനു പ്രതീക്ഷയായി വളര്‍ന്നുവന്ന ജീവന്‍ ടിവി കച്ചവടതാല്പര്യങ്ങളോടെ കൈയടക്കാനും കൈമാറാനുമുള്ള ഏതാനും സ്ഥാപിത താത്പര്യക്കാരുടെ നീക്കങ്ങളെ തൃശൂര്‍ അതിരൂപത പാസ്ററല്‍ കൌണ്‍സിലിന്റെയും വിവിധ സംഘടനാ ഭാരവാഹികളുടെയും സംയുക്തയോഗം അപലപിച്ചു.

മാധ്യമരംഗത്തു ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സാധാരണക്കാരന്റെയും കാര്‍ഷിക മേഖലയുടെയും പ്രശ്നങ്ങള്‍ പൊതുസമൂഹത്തിന്റെയും ഭരണാധികാരികളുടെയും മുന്നില്‍ അവതരിപ്പിക്കുവാനും സഭാധ്യക്ഷന്മാരുടെ പിന്തുണയോടെ വിശ്വാസിസമൂഹം ധനസമാഹരണം നടത്തി ആരംഭിച്ച ജീവന്‍ ടിവിയെ തകര്‍ക്കാനുള്ള സംഘടിത ശക്തികളുടെ ഗൂഢാലോചന തിരിച്ചറിയണമെന്നു യോഗം ആഹ്വാനം ചെയ്തു.

ജീവന്‍ ടിവി പ്രശ്നത്തില്‍ ഓഹരിയുടമകളുടെ വിപുലമായ യോഗം വിളിച്ചുകൂട്ടാനും സേവ് ജീവന്‍ ടിവി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു.


തൃശൂര്‍ അതിരൂപത ഡിബിസിഎല്‍സിയില്‍ കൂടിയ അടിയന്തര യോഗത്തില്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ പേരാമംഗലത്ത് അധ്യക്ഷത വഹിച്ചു.

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ.ബിജു കുണ്ടുകുളം വിഷയാവതരണം നടത്തി. ജോഷി വടക്കന്‍ പ്രമേയം അവതരിപ്പിച്ചു. പി.ഐ. ലാസര്‍ മാസ്റര്‍ ചര്‍ച്ച നയിച്ചു.

വികാരി ജനറാള്‍ മോണ്‍.ഡോ.ഫ്രാന്‍സിസ് ആലപ്പാട്ട്, തൊമ്മി പിടിയത്ത്, ഷെവ.സി.എല്‍. ജോസ്, ഷെവ.ജോര്‍ജ് മേനാച്ചേരി, പ്രഫ. കെ.എം. ഫ്രാന്‍സിസ്, ഡോ.മേരി റെജീന, സി.എല്‍. ഇഗ്നേഷ്യസ്, ജോയ് മണ്ണൂര്‍, എ.എ. ആന്റണി, ഡെയ്സണ്‍ പാണേങ്ങാടന്‍, അഡ്വ.ജോഷി പാച്ചന്‍, അഡ്വ.ബി.ബി. ബ്രാഡ്ലി, അഡ്വ.സി.ജെ. ഡെന്നി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഫാ.ജിയോ കടവി സ്വാഗതവും എന്‍.പി. ജാക്സണ്‍ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.