സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല: സിപിഎം
തിരുവനന്തപുരം: സംസ്ഥാനവും കേന്ദ്രവും ഒരേ കക്ഷി ഭരിച്ചാല്‍ വികസന വേലിയേറ്റമുണ്ടാകുമെന്ന യുഡിഎഫ് പ്രചാരണം പൊള്ളയായിരുന്നുവെന്നു പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ പ്രസ്താവനയോടെ തെളിഞ്ഞിരിക്കുകയാണെന്നു സിപിഎം. സര്‍ക്കാരിന്റെ കഴിവുകേടിനെ സാക്ഷ്യപ്പെടുത്തുന്നതാണ് ആന്റണിയുടെ പ്രസംഗം. ഇതിനെ നിസാരവത്കരിച്ചു തള്ളിക്കളയാനുള്ള ശ്രമമാണു മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും നടത്തുന്നത്. സംസ്ഥാനത്തിന്റെ വികസനം മുരടിച്ചിരിക്കുന്ന അവസ്ഥയിലാണ് ആന്റണിയുടെ പ്രസംഗമെന്നതു ഗൌരവമുള്ളതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


വ്യവസായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ എമേര്‍ജിംഗ് കേരള കൊട്ടിഘോഷിച്ചു സംഘടിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന് ഒരു പുതിയ പദ്ധതിയും നടപ്പാക്കാനായില്ല. തന്റെ വകുപ്പിനു കീഴിലുള്ള പദ്ധതികളെ കുറിച്ച് ആന്റണിയുടെ അഭിപ്രായം തന്നെ ഇതിനു തെളിവാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ പോലും മുന്നോട്ടു കൊണ്ടുപോകാന്‍ ഈ സര്‍ക്കാരിനു സാധിച്ചിട്ടില്ലെന്നും സിപിഎം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.