കുഞ്ഞാലിക്കുട്ടിയുടെ പ്രതിരോധം മറികടന്ന് ആന്റണിയുടെ ബ്രഹ്മോസ്
കുഞ്ഞാലിക്കുട്ടിയുടെ പ്രതിരോധം മറികടന്ന് ആന്റണിയുടെ ബ്രഹ്മോസ്
Sunday, November 18, 2012 11:34 PM IST
ഡിറ്റി വര്‍ഗീസ്

കാസര്‍ഗോഡ്: തലസ്ഥാനത്തു പ്രതിരോധമന്ത്രി എ.കെ.ആന്റണി തൊടുത്തുവിട്ട ബ്രഹ്മോസ് മിസൈലിനെ പ്രതിരോധിക്കാന്‍ വടക്കേയറ്റത്ത് കുഞ്ഞാലിക്കുട്ടി നടത്തിയ ശ്രമം ഫലംകണ്ടില്ല.

തന്റെ വിശ്വസ്തനായ ഉമ്മന്‍ ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയില്‍നിന്നു കരകയറ്റാന്‍ മുന്‍ പ്രസ്താവനയില്‍നിന്ന് ഇന്നലെ ഒരു പിന്‍വാങ്ങലുണ്ടാകുമെന്നു വിശ്വസിച്ചവര്‍ക്കൊക്കെ താന്‍ പഴയ ആള്‍തന്നെയാണെന്നു തെളിയിക്കുന്ന തരത്തിലാണു കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍പദം അരക്കിട്ടുറപ്പിച്ച ആന്റണി പ്രസംഗിച്ചത്. താന്‍ കൂടി വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ യുഡിഎഫ് സര്‍ക്കാരിനു തല്ലും തലോടലുമായി അദ്ദേഹം കേരളത്തില്‍ വന്നുപോയി.

കാസര്‍ഗോഡ് സീതാംഗോളിയില്‍ എച്ച്എഎല്‍ സ്ട്രാറ്റജിക്ക് ഇലക്ട്രോണിക്സ് ഫാക്ടറിയുടെ ഉദ്ഘാടനത്തിനാണു പ്രതിരോധമന്ത്രി എ.കെ. അന്റണി ഇന്നലെ കേരളത്തില്‍ ഹൃസ്വ സന്ദര്‍ശനം നടത്തിയത്.

തിരുവനന്തപുരത്ത് ആന്റണി നല്കിയ പ്രശംസയ്ക്ക് ഉപകാരസ്മരണയെന്നവണ്ണം ആദ്യം പ്രസംഗിച്ച കാസര്‍ഗോഡ് എംപി പി.കരുണാകരനും മുന്‍ വ്യവസായമന്ത്രി എളമരം കരീമും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചാണു സംസാരിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രിയായി എ.കെ.ആന്റണി ചുമതലയേറ്റ ശേഷം തുടങ്ങിയ ആറു വന്‍ വ്യവസായ സംരംഭങ്ങളേക്കുറിച്ചായിരുന്നു അവരുടെ പ്രശംസ. പിന്നീടു പ്രസംഗിക്കാനെത്തിയത് എല്ലാവരും കാത്തിരുന്ന വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയായിരുന്നു. ബ്രഹ്മോസില്‍ ഏറ്റ ആഘാതം തടുക്കാന്‍ പ്രതിരോധ മിസൈലുമായാണു കുഞ്ഞാലിക്കുട്ടി എത്തിയത്. ഗുജറാത്തു കഴിഞ്ഞാല്‍ വ്യവസായത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണു കേരളത്തിലുള്ളതെന്നു മാധ്യമറിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ചു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രസിദ്ധീകരിച്ച 'ഇന്ത്യാ ടുഡേ' വീക്കിലി ഉയര്‍ത്തിക്കാട്ടി അദ്ദേഹം ഇതു സമര്‍ഥിക്കുകയും ചെയ്തു. എല്ലാവര്‍ക്കും വളരെ സന്തോഷമുള്ള മുഹൂര്‍ത്തമാണിത്. വ്യവസായവത്കരണത്തില്‍ രാഷ്ട്രീയം ഒട്ടും കലരാത്ത ചടങ്ങ്. ഇങ്ങനെയാണെങ്കില്‍ ഇവിടെ ഒരുപാട് വികസനം വരുമെന്നും ആന്റണിക്കു മറുപടിയെന്നോണം കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യവസായവത്കരണം തുടര്‍ച്ചയാണെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതികളാണു ഈ സര്‍ക്കാരും തുടരുന്നതെന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി തുടര്‍ച്ചയും സമവായവും വികസനത്തിന് അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. എച്ച്എഎല്‍ തുടങ്ങാന്‍ സാഹചര്യം ഒരുക്കിയ കിന്‍ഫ്ര വ്യവസായ പാര്‍ക്കിനു രണ്ടായിരം ഏക്കര്‍ സ്ഥലം ഏറ്റെടുത്തതു താന്‍ വ്യവസായമന്ത്രിയായിരുന്ന കാലത്താണെന്നും അദ്ദേഹം വ്യക്തമാക്കി.


ഐടി കാമ്പസില്‍ പോകാന്‍ ആദ്യം മടിച്ച ആന്റണിയെ കേരളത്തില്‍ ഐടി വ്യവസായം കൊണ്ടുവരാന്‍ കാമ്പസിലേക്കു പോകാന്‍ താനാണു നിര്‍ബന്ധിച്ചതെന്നും അങ്ങനെയാണു ഇന്‍ഫോസിസ് കേരളത്തിലെത്തിയതെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. തന്റെ പ്രസംഗത്തിലുടനീളം മുന്‍ വ്യവസായമന്ത്രി എളമരം കരീമിനെ ഉദ്ധരിച്ചു കാര്യങ്ങള്‍ ബോധിപ്പിക്കാനും കുഞ്ഞാലിക്കുട്ടി മടികാണിച്ചില്ല. കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ക്കുള്ള നാഴികക്കല്ലായിരുന്നു എമേര്‍ജിംഗ് കേരള. ഉദ്ഘാടന ചടങ്ങിനു മുമ്പു താനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേരളത്തിലെ വ്യവസായ സംരംഭങ്ങളേക്കുറിച്ചു പ്രതിരോധമന്ത്രിയുമായി സംസാരിച്ചെന്നും വിശദമായി ചര്‍ച്ചകള്‍ക്കു ഡല്‍ഹിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്നു സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആന്റണിയെയും കുഞ്ഞാലിക്കുട്ടിയെയും അഭിനന്ദിച്ചാണു സംസാരിച്ചത്.

എന്നാല്‍, തിരുവനന്തപുരത്തു നടത്തിയതുപോലെതന്നെ വി.എസ്.അച്യുതാനന്ദനേയും എളമരം കരീമിനേയും പ്രകീര്‍ത്തിക്കുകതന്നെയാണു ആന്റണി സീതാംഗോളിയിലും ചെയ്തത്. കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയ വാദമുഖങ്ങള്‍ക്കൊന്നും നേരിട്ടു മറുപടി പറയാതെ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന ആന്റണി കിന്‍ഫ്ര പാര്‍ക്കിന്റെ കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് അരമനസാലെ അഭിനന്ദനംചൊരിഞ്ഞു. കിന്‍ഫ്ര പാര്‍ക്ക് തുടങ്ങിയതു കുഞ്ഞാലിക്കുട്ടിയാണെന്ന കാര്യം താനിപ്പോഴാണു മനസിലാക്കുന്നതെന്നും ആന്റണി പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും വ്യവസായമന്ത്രി എളമരം കരീമും വ്യവസായം തുടങ്ങാന്‍ തന്നെയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും നിരന്തരം സമീപിച്ച കാര്യം എടുത്തുപറഞ്ഞുകൊണ്ടാണു എ.കെ.ആന്റണി പ്രസംഗം തുടങ്ങിയതുതന്നെ. വ്യവസായം തുടങ്ങുന്നതിനു വിവാദമല്ല ആവശ്യമെന്നു പറഞ്ഞ അദ്ദേഹം താന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ നായനാരുടെ കാലത്തു എഡിബി വായ്പാ പ്രശ്നത്തില്‍ തന്നെ സമീപിച്ച അന്നത്തെ ധനമന്ത്രി ശിവദാസമേനോനു പൂര്‍ണ പിന്തുണ നല്‍കിയ കാര്യവും ഓര്‍മിപ്പിച്ചു. അന്നു തന്നോടൊപ്പം ഘടകകക്ഷി നേതാക്കളായ കെ.എം.മാണി, കുഞ്ഞാലിക്കുട്ടി, ടി.എം.ജേക്കബ് തുടങ്ങിയവരുണ്ടായിരുന്ന കാര്യവും പരാമര്‍ശിച്ചു. എന്നാല്‍ ബ്രഹ്മോസ് പോലുള്ള പദ്ധതിക്കെതിരേയുണ്ടാകുന്ന പ്രചാരണങ്ങള്‍ കേരളത്തില്‍ വ്യവസായം കൊണ്ടുവരുന്നതിനു തടസമാകുന്നതെന്നും അതുകൊണ്ടുതന്നെയാണു ഇതിനെല്ലാം പ്രതിരോധമായി താന്‍ പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.