മൂന്നു ഗൂഢാലോചനക്കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്നു കേരളം
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ രാഷ്ട്രീയ ഗൂഢാലോചന കൂടാതെ 2009ല്‍ ചന്ദ്രശേഖരനെതിരേ നടന്ന വധശ്രമങ്ങളും ഗൂഢാലോചനകളും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നു കേരളം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍, വധവുമായി ബന്ധപ്പെട്ടു ചില ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. 2009 ഓഗസ്റിലും ഒക്ടോബറിലുമായി ചന്ദ്രശേഖരനെ വധിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണു ടേംസ് ഓഫ് റെഫറന്‍സില്‍ നിര്‍ദേശിക്കുന്നത്.

പോലീസ് അന്വേഷിച്ച ചന്ദ്രശേഖരന്‍ വധക്കേസില്‍ 76 പ്രതികളുടെ പട്ടികയാണു കോടതിയില്‍ സമര്‍പ്പിച്ചത്. വധക്കേസ് ഒഴിവാക്കി, ഇതുമായി ബന്ധപ്പെട്ടു നടന്ന ഗൂഢാലോചനകളും വധശ്രമ ഗൂഢാലോചനകളും സിബിഐ അന്വേഷിക്കണമെന്നാണു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. നിയമവകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു വധക്കേസ് ഒഴികെയുള്ളവ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു നിര്‍ദേശിച്ചത്.


ഗൂഢാലോചനക്കേസ് അന്വേഷിക്കാന്‍ കഴിയാത്തവിധം പോലീസ് രാഷ്ട്രീയ സമ്മര്‍ദത്തിലായതിനാല്‍ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

സിപിഎമ്മിന്റെ വടകര-ഒഞ്ചി യം മേഖലയിലെ ശക്തനായ നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ പാര്‍ട്ടി വിട്ടശേഷം 2009 ആദ്യം റവലൂഷനറി മാര്‍ക്സിസ്റ് പാര്‍ട്ടി രൂപവത്കരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ടി.പിയുടെ ഒഞ്ചിയം ഇഫക്ട് കാര്യമായി തുണച്ചു. ഇതില്‍ പ്രകോപിതരായ സിപിഎം ടി.പിയെ വധിക്കാന്‍ രണ്ടു തവണ പദ്ധതി തയാറാക്കിയിരുന്നുവെന്നാണ് ആരോപണം. ഗുണ്ടാസംഘാംഗമായ കിര്‍മാണി മനോജിന്റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു വധശ്രമങ്ങള്‍. അവിടെയെല്ലാം ചന്ദ്രശേഖരന്‍ കഷ്ടിച്ചു രക്ഷ പ്പെ ട്ടു. ചന്ദ്രശേഖരന്‍വധത്തിലെ ഗൂഢാലോചന കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കാന്‍ പ്രധാന കാരണം പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേയുണ്ടാ കു ന്ന ഭീഷണിയും രാഷ്ട്രീയ സമ്മര്‍ദവുമാണെന്നു സംസ്ഥാന സര്‍ ക്കാര്‍ കത്തില്‍ പറഞ്ഞിരുന്ന വിവരം ഇന്നലെ ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.