പ്ളസ്ടു തുല്യതാ കോഴ്സ് പരിഗണനയില്‍: മന്ത്രി
പ്ളസ്ടു തുല്യതാ കോഴ്സ് പരിഗണനയില്‍: മന്ത്രി
Monday, November 19, 2012 11:23 PM IST
മലപ്പുറം: പത്താംതരം തുല്യതാ കോഴ്സിന്റെ മാതൃകയില്‍ സംസ്ഥാനത്തു പ്ളസ്ടു തുല്യതാ കോഴ്സ് തുടങ്ങുന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്. പത്താം തരം തുല്യതാ കോഴ്സിന്റെ ഏഴാം ബാച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൌണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മിക്ക തുടര്‍വിദ്യാകേന്ദ്രങ്ങളും പ്രവര്‍ത്തനരഹിതമാണെന്നും വൃത്തിയായിസൂക്ഷിക്കുക പോലും ചെയ്യാത്ത കേന്ദ്രങ്ങളുണ്െടന്നും വിദ്യാഭ്യാസ മന്ത്രി കുറ്റപ്പെടുത്തി. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരക്മാര്‍ ശ്രദ്ധിക്കണം.

യുഎഇ, ഖത്തര്‍ തുടങ്ങി വിവിധ ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ തുല്യതാ കോഴ്സ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ആകുമ്പോഴേക്കും പത്താം തരം പാസാകാന്‍ ആഗ്രഹിക്കുന്ന എല്ലാ മലയാളികള്‍ക്കും സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണു ലക്ഷ്യം. 25ന് നടക്കുന്ന അക്ഷരലക്ഷം പരീക്ഷ വിപ്ളവാത്മകമാണെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷം പേര്‍ക്കു പ്രാഥമിക വിദ്യാഭ്യാസം നല്കുന്ന പദ്ധതിയില്‍ 30,000ത്തോളം പേരെയാണ് ആദ്യഘട്ടമായി നാലാംതരം പരീക്ഷ എഴുതിപ്പിക്കുന്നത്. ബാക്കിയുള്ളവര്‍ക്കു സമയബന്ധിതമായി പരീക്ഷ നടത്തും.

പഠിതാക്കള്‍ക്കുള്ള പാഠപുസ്തക വിതരണം ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. ഏഴാം ബാച്ചില്‍ 39,050 പഠിതാക്കളുള്ളതില്‍ കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയിലാണ്. 5,020 പേരാണ് മലപ്പുറം ജില്ലയില്‍ രജിസ്റര്‍ ചെയ്തത്. 3,440 പേര്‍ എറണാംകുളം ജില്ലയില്‍ രജിസ്റര്‍ ചെയ്തു.


കേരളത്തില്‍ എറ്റവും കുറവ് പേര്‍ ഏഴാം ബാച്ചിലേക്കു രജിസ്റര്‍ ചെയതത് പത്തനംതിട്ട ജില്ലയിലാണ്. 900 പേരാണു പത്തനംതിട്ടയില്‍ രജിസ്റര്‍ ചെയ്തത്. ലക്ഷദ്വീപില്‍ 403 പേരും രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ 136 പേര്‍ തമിഴ് മീഡിയത്തിലാണു പരീക്ഷ എഴുതുന്നത്.

പി. ഉബൈദുല്ല എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട്, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് ആര്‍. ശശികുമാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സി. മുഹമ്മദ് ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.എ. റസാഖ്, കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ടി.വി. ഇബ്രാഹിം, സാക്ഷരതാ മിഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.എം. റഷീദ് , സുകുമാര്‍ കക്കാട്, അഡ്വ.എ.റസാഖ്, വി.എം. അബൂബക്കര്‍, വി. ഉമ്മര്‍കോയ, കെ.സി. ഗോപി, കെ. അയ്യപ്പന്‍ നായര്‍, പി .അബ്ദുള്‍ റസാഖ്, ആര്‍. രമേശ്കുമാര്‍, യു. റഷീദ്, ടി.വി. ശ്രീജന്‍, സാക്ഷരതാമിഷന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.