എസി ലോ ഫ്ളോര്‍ ബസുകള്‍ അന്തര്‍ജില്ലാ ഓട്ടം തുടങ്ങി
കൊച്ചി: നഗരസൌന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊച്ചിക്ക് അനുവദിച്ച ലോ ഫ്ളോര്‍ എസി ബസുകള്‍ അന്തര്‍ജില്ലാ സര്‍വീസ് തുടങ്ങി. ഇന്നലെ വൈകുന്നേരം ആറിനു കോഴിക്കോട്ടേക്കും നിലമ്പൂരിലേക്കുമാണ് ആദ്യ സര്‍വീസുകള്‍ അയച്ചത്.

എറണാകുളത്തിനു പുറത്തേക്കു സര്‍വീസ് നടത്തുന്നതു സംബന്ധിച്ച ഉത്തരവ് ഇന്നലെ വൈകുന്നേരം ഡെപ്യൂട്ടി ചീഫ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഷറഫ് മുഹമ്മദ് ജില്ലാ കെഎസ്ആര്‍ടിസി അധികൃതര്‍ക്കു കൈമാറി. കോഴിക്കോടിനും നിലമ്പൂരിനും പുറമേ തൊടുപുഴ, പാലാ, കോട്ടയം എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇന്നു തുടങ്ങുമെന്നു കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി.എക്സ്. ആന്റണി അറിയിച്ചു.

ആറു ലോഫ്ളോര്‍ എസി ബസുകളാണ് അന്തര്‍ജില്ലാ സര്‍വീസുകള്‍ക്കായി അനുവദിച്ചിരുന്നത്. ഇതില്‍ നാലു ബസുകള്‍ മൂന്നാഴ്ച മുമ്പു കൊച്ചിയിലെത്തിയിരുന്നു. ശേഷിക്കുന്ന രണ്െടണ്ണം ശനിയാഴ്ച എത്തി. ഓരോ ബസും സര്‍വീസ് നടത്തുന്ന സ്ഥലത്തേക്കുള്ള പെര്‍മിറ്റ് ഉള്‍പ്പെടെയാണു എത്തിയത്. ഇതോടെ കൊച്ചിക്കു ലഭിച്ച ലോഫ്ളോര്‍ എസി ബസുകളുടെ എണ്ണം 48 ആയി.

കോഴിക്കോട്, നിലമ്പൂര്‍, കോട്ടയം, പാലാ എന്നിവിടങ്ങളിലേക്കു ദിവസേന മൂന്നുവീതവും തൊടുപുഴയ്ക്കു രണ്ടും സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കോഴിക്കോട്ടേക്കും നിലമ്പൂരിലേക്കുമുള്ള ബസുകള്‍ തൃശൂര്‍ വഴി പോകും. കോഴിക്കോട്ടും നിലമ്പൂരിലും രാത്രി തങ്ങിയശേഷം പുലര്‍ച്ചെ ആറിനു തിരിച്ച് എറണാകുളത്തേക്കു പുറപ്പെടും.

പുലര്‍ച്ചെ ഈ സ്ഥലങ്ങളില്‍നിന്നു ബസുകള്‍ പുറപ്പെടുന്ന അതേസമയം തന്നെ എറണാകുളത്തുനിന്നു രണ്ടു ബസുകള്‍ കോഴിക്കോട്ടേക്കും നിലമ്പൂരിലേക്കും പുറപ്പെടും. സൂപ്പര്‍ഫാസ്റ് ബസിന്റെ ടൈം ഷെഡ്യൂളും ഫെയര്‍ സ്റേജുമാണ് ഈ ഭാഗത്തേക്കുള്ള ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സൂപ്പര്‍ഫാസ്റ് ബസുകള്‍ക്ക് അനുവദിച്ചിട്ടുള്ള സ്റോപ്പുകളില്‍ മാത്രമേ ലോഫ്ളോര്‍ ബസുകള്‍ നിര്‍ത്തുകയുള്ളു.


കോട്ടയം ഭാഗത്തേക്കുള്ള ലോ ഫ്ളോര്‍ ബസ് ഫാസ്റ് പാസഞ്ചറിന്റെ ഫെയര്‍ സ്റേജിലും സമയക്രമത്തിലുമായിരിക്കും സര്‍വീസ് നട ത്തുക. ഫാസ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലത്തു മാത്രമേ ഈ ബസുകള്‍ നിര്‍ത്തൂ. അതേസമയം, പാലായ്ക്കും തൊടുപുഴയ്ക്കുമുള്ള സര്‍വീസുകളില്‍ ലിമിറ്റഡ് സ്റോപ്പ് ബസിന്റെ ഫെയര്‍ സ്റേജും സമയവുമാണ്. ബസ്ചാര്‍ജ് നിലവിലുള്ള രീതിയില്‍ തുടരും.

മൂന്നാഴ്ച മുമ്പു നാല് എസി ബസുകള്‍ എത്തിയപ്പോള്‍ത്തന്നെ അന്തര്‍ജില്ലാ സര്‍വീസുകള്‍ക്കുള്ള സൂചന അധികൃതര്‍ നല്കിയിരുന്നു. താത്കാലിക പെര്‍മിറ്റിലായിരുന്നു ഈ ബസുകള്‍ എത്തിയത്. എറണാകുളത്തിന്റെ സമീപ ജില്ലകളിലേക്കും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുമാണു സര്‍വീസിനായി ആ ദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, അനുമതി വന്നപ്പോള്‍ ആലപ്പുഴയെയും തിരുവനന്തപുരത്തെയും ഒഴിവാക്കി. കൊച്ചിക്ക് ഇനി ലഭിക്കാനുള്ള രണ്ട് എസി ബസുകള്‍ കിട്ടുമ്പോള്‍ ഈ ഭാഗത്തേക്ക് സര്‍വീസ് നടത്തിയേക്കും.

ജനറം ബസുകളുടെ തുടക്കം മുതലുള്ള ശ്രമമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. ജില്ലയിലേക്ക് ആദ്യം ജനറം ബസുകള്‍ എത്തിയപ്പോള്‍ തൊടുപുഴയ്ക്കു സര്‍വീസ് നടത്തുന്നതിനു ജില്ലയിലെ അധികൃതര്‍ മുഖ്യഓഫീസില്‍നിന്ന് അനുമതി തേടിയിരുന്നു. പല കാരണങ്ങളാല്‍ അന്ന് അനുമതി ലഭിച്ചില്ല. ഇപ്പോള്‍ ജില്ലാ അധികൃതര്‍ ആവശ്യപ്പെടാതെ തന്നെയാണ് അന്തര്‍ജില്ലാ സര്‍വീസുകള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. നഗരസഭയ്ക്ക് അനുവദിച്ച ബസുകള്‍ ആണെങ്കിലും കെഎസ്ആര്‍ടിസിയാണ് ഈ ബസുകളുടെ സര്‍വീസുകള്‍ കൈകാര്യം ചെയ്യു ന്നത്.