കണ്ണൂരില്‍ നഴ്സുമാര്‍ നിരാഹാരത്തിന്
കണ്ണൂര്‍: ജില്ലയിലെ നാലു സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. സമരം തുടങ്ങി നാലാഴ്ച ആയിട്ടും പ്രശ്നപരിഹാരമാകാത്ത സാഹചര്യത്തിലാണ് ഇന്നുമുതല്‍ നിരാഹാരസമരം. രാവിലെ ഒന്‍പതിനു കാല്‍ടെക്സ് ജംഗ്ഷനില്‍നിന്നു പ്രകടനവുമായി കൊയിലി ആശുപത്രിയിലേക്കു മാര്‍ച്ച് നടത്തിയ ശേഷമാണു നിരാഹാരം തുടങ്ങുക. മൂന്നു ഷിഫ്റ്റ് സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുക, ജോലിക്കാനുപാതികമായ ആനുകൂല്യം ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞ 27 ദിവസമായി ഐഎന്‍എയുടെ നേതൃത്വത്തില്‍ കണ്ണൂരിലെ നഴ്സുമാര്‍ സമരത്തിലായിരുന്നു.


ആശുപത്രികളില്‍ അനധികൃതമായി സ്റാഫ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതും നഴ്സിംഗ് വിദ്യാര്‍ഥികളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതും തടയുന്നതിനെക്കുറിച്ചും ഇന്നു തീരുമാനിക്കും. അനധികൃത നഴ്സുമാരെ തടയുന്നതിനാല്‍ സമരം നടത്തുന്ന നാല് ആശുപത്രികളിലെ ചികിത്സ പൊതുജനങ്ങള്‍ ഒഴിവാക്കണമെന്നും സമരസമിതി നേതാക്കള്‍ പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.