മുന്നണി നിലനിര്‍ത്താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തില്ല: ചെന്നിത്തല
ചരല്‍ക്കുന്ന്: മുന്നണി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയുള്ള ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ചരല്‍ക്കുന്നില്‍ കെഎസ്യു സംസ്ഥാന ക്യാമ്പില്‍ സമാപനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മതാന്ധതയുടെയും വര്‍ഗീയതയുടെയും പാതയിലേക്കു കേരളത്തെ കൊണ്ടുപോകാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണ്. കാമ്പസുകളില്‍ വര്‍ഗീയശക്തികള്‍ ശക്തിപ്രാപിക്കുകയാണെന്നും രമേശ് ചൂണ്ടിക്കാട്ടി. ഇതിനെതിരേ ജനാധിപത്യ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കെഎസ്യുവിന് ഇന്നുണ്ടായിരിക്കുന്ന മുരടിപ്പിനു കാരണം താനുള്‍പ്പെടെയുള്ള നേതാക്കന്‍മാരാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്യാമ്പില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സാമൂഹിക മണ്ഡലത്തില്‍ ശ്രദ്ധേയമായ ചലനമുണ്ടാക്കാന്‍ ഒരുകാലത്തു കെഎസ്യുവിനു കഴിഞ്ഞിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. എസ്. ജോയി അധ്യക്ഷത വഹിച്ചു.