കൊക്കോ കൃഷി: കേരളത്തിനു മേല്‍ക്കോയ്മ നഷ്ടമാകുന്നു
ജോണ്‍സണ്‍ വേങ്ങത്തടം

തൊടുപുഴ: കൊക്കോ കൃഷി വ്യാപനത്തിനു സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവിടുന്നുണ്െടങ്കിലും ഈ മേഖലയില്‍ കേരളത്തിന്റെ മേല്‍ക്കോയ്മ നഷ്ടമാകുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ കൊക്കോ കൃഷിയില്‍ വന്‍ മുന്നേറ്റമാണു നടത്തിയത്.

1998-99 ല്‍ രാജ്യത്ത് ആകെ 12402 ഹെക്ടര്‍ കൊക്കോ കൃഷി ഉണ്ടായിരുന്നതില്‍ 72 ശതമാനവും കേരളത്തിലായിരുന്നു. എന്നാല്‍ 2008-09ല്‍ കേരളത്തിന്റെ വിഹിതം 26 ശതമാനമായി കുറഞ്ഞു. ഇപ്പോഴും ഇതേ നില തുടരുകയാണ്. കൃഷിവകുപ്പ്, ഡയറക്ടറേറ്റ് ഓഫ് കാഷ്യു ആന്‍ഡ് കൊ ക്കോ ഡെവലപ്മെന്റ് ബോര്‍ഡ് തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളാണ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 15 കോടി രൂപയാണു കൃഷി വ്യാപനത്തിനായി കൊക്കോ ഡെവലപ്മെന്റ് ബോര്‍ഡ് ചെലവിട്ടത്.

തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഉയര്‍ന്ന വില കൃഷിക്കാര്‍ക്കു ലഭിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. എന്നാല്‍, ഇവിടെ കൃഷിയിറക്കാനായി വന്‍തുക സബ്സിഡിയുള്‍പ്പെടെ കര്‍ഷകര്‍ക്കു നല്‍കുന്ന സര്‍ക്കാര്‍ കൊക്കോ ഉത്പന്നങ്ങളുടെ വിപണനത്തിനോ സംഭരണത്തിനോ വഴിയൊരുക്കുന്നേയില്ലാത്തതാണു കേരളത്തിനു തിരിച്ചടിയായത്. വിലയിടിവും സംഭരിക്കാന്‍ ഏജന്‍സികളില്ലാത്തതുമാണ് കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.


അതിനിടെ, കൊക്കോ കൃഷിയിലെ സംസ്ഥാനത്തിന്റെ മേധാവിത്വം തകര്‍ക്കാന്‍ അന്യസംസ്ഥാനങ്ങളിലെ വന്‍കിട കര്‍ഷക ലോബിയും കുത്തക കമ്പനികളും ചേര്‍ന്ന് ആസൂത്രിത നീക്കം നടത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം,120 രൂപയ്ക്കാണ് അന്യ സംസ്ഥാനങ്ങളില്‍ കൊക്കോ സംഭരണം നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഈ അന്താരാഷ്ട്രവിലയ്ക്ക് ഇപ്പോഴും കൊക്കോ വാങ്ങുന്ന കുത്തക കമ്പനികള്‍ സംസ്ഥാനത്തെ കൊക്കോയുടെ സംഭരണ രംഗത്തുനിന്നും മുന്നറിയിപ്പുമില്ലാതെ പിന്മാറുകയായിരുന്നു. സംസ്ഥാന ഗവണ്‍മെന്റ് അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നെല്ല്, തെങ്ങ്, റബര്‍, കാപ്പി വിളകളുടെ കാര്യത്തില്‍’ സംഭ’വിച്ചതുപോലെ കൊക്കോ കൃഷിയിലെ കേരളത്തിന്റെ മേല്‍ക്കോയ്മയും നഷ്ടപ്പെടുമെന്നു കര്‍ഷകര്‍ പറയുന്നു.