കെഎസ്യു ക്യാമ്പില്‍ സംഘര്‍ഷം
ചരല്‍ക്കുന്ന്: കെഎസ്യു സംസ്ഥാന ക്യാമ്പിന്റെ സമാപനദിവസത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ചേരിതിരിഞ്ഞു മുദ്രാവാക്യം മുഴക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കെ.സുധാകരന്‍ എംപി പ്രസംഗിക്കുന്നതിനായി വേദിയിലെത്തിയപ്പോഴാണു മുദ്രാവാക്യം വിളി ഉച്ചത്തിലായത്. ഇതിനിടെ ഒരുവിഭാഗം കസേര എടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രശ്നം രൂക്ഷമായി.

സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയി, യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ടി. സിദ്ദിഖ് തുടങ്ങിയ നേതാക്കള്‍ ഇടപെട്ടാണു പ്രശ്നം ഒത്തുതീര്‍പ്പിലെത്തിച്ചത്. ശനിയാഴ്ച രാത്രി രാഷ്ട്രീയപ്രമേയ ചര്‍ച്ചയ്ക്കിടയിലും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്യാമ്പിലെത്തിയപ്പോഴും മുദ്രാവാക്യം വിളി ഉണ്ടായി.


ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ചുള്ള മുദ്രാവാക്യം വിളി ശക്തമായപ്പോള്‍ ഇതു നിര്‍ത്താന്‍ അദ്ദേഹം തന്നെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം താന്‍ തിരികെപ്പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പ്രവര്‍ത്തകര്‍ ശാന്തരാകുകയായിരുന്നു.