മുഖപ്രസംഗം: ക്രിസ്മസിന്റെ ശോഭ കെടരുത്
Tuesday, December 25, 2012 10:10 PM IST
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്ത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്ത്വം'' (യോഹന്നാന്‍ 1, 14). ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടിയായിരുന്നു. വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടിയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി. ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല'' (യോഹന്നാന്‍ 1, 1-13).

ദൈവമായ വചനം മാംസം ധരിച്ചു മനുഷ്യനായി മരംകോച്ചുന്ന തണുപ്പില്‍ കന്യകയില്‍നിന്നു ജാതനായതിന്റെ ധന്യസ്മരണയുടെ പുണ്യദിനം - ക്രിസ്മസ്. ആ പുണ്യജന്മത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ ആറാടുകയാണു രാജ്യാതിര്‍ത്തികളും മതാതിര്‍ത്തികളും ഭേദിച്ചു ലോകമെങ്ങുമുള്ള ജനകോടികള്‍. അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാന''മെന്ന വളരെ അര്‍ഥവത്തായ മാലാഖാഗീതം കേട്ടാണ് അന്നു വചനത്തെ വരവേറ്റ ഇടയന്മാര്‍ ഉറങ്ങിയതും ഉറങ്ങിയവര്‍ പ്രഭാതത്തില്‍ ഉണര്‍ന്നെണീറ്റതും. ആ മാലാഖാഗാനത്തിന്റെ അലയൊലികള്‍ അന്തരീക്ഷമാകെ മുഴങ്ങട്ടെ, സന്മനസുള്ളവരുടെ മനസില്‍ അലൌകികാനന്ദവും സമാധാനവും വാരിവിതറിക്കൊണ്ട്. അന്നത്തെ ആ വിശുദ്ധരാത്രിയുടെ നിശബ്ദതയില്‍, ആ ശാന്തരാത്രിയില്‍, സംഭവിച്ചതൊന്നും കവിഭാവനയായിരുന്നില്ല, യാഥാര്‍ഥ്യമായിരുന്നു.

എന്നാല്‍, ഇന്നത്തെ പ്രകാശപൂരിതമായ പ്രഭാതത്തിലും വീണ്ടും ഇരുളുമായി വരുന്ന സായംസന്ധ്യയിലും അനേകരുടെ മനസിനെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട്: ആ വിശുദ്ധ രാത്രിയുടെ സന്ദേശത്തിന് എന്തു സംഭവിച്ചു? കാരണം, കണ്ണുതുറന്നിരിക്കുന്നവര്‍ ഇന്നു കാണുന്നതു സമാധാനഗാനമാലപിച്ചു പിറവിയറിയിപ്പു നടത്തുന്ന മാലാഖമാരെയല്ല; കേള്‍ക്കുന്നതു സ്വര്‍ഗീയ മന്ദ്രധ്വനിയുമല്ല. അവര്‍ പ്രഭാതപത്രങ്ങളില്‍ വായിക്കുന്നതു മനസിനു കുളിര്‍മയാകുന്ന, പ്രചോദനമാകുന്ന സമാധാന സംസ്ഥാപനത്തിന്റെ വാര്‍ത്തകളുമല്ല. അസ്വസ്ഥതയും അസമാധാനവും നീറിപ്പിടിക്കുന്ന മനുഷ്യമനസുകളുടെ വൈകൃതങ്ങളുടെ കഥകളാണ് അവര്‍ കേള്‍ക്കുന്നത്, വായിക്കുന്നത്. ദീപാലങ്കാരങ്ങളുടെയും വര്‍ണക്കടലാസുകളുടെയും സ്വപ്നലോകം സൃഷ്ടിച്ചു “"ഭൂമിയില്‍ സമാധാനം'' എന്ന് എഴുതിവച്ച് വര്‍ണച്ചിരി പരത്തിനില്‍ക്കുന്ന ലോകത്തിന്റെ പ്രസാദാത്മകത മായാന്‍ നിമിഷങ്ങള്‍ മതിയെന്ന് അവര്‍ക്കറിയാം. ചാരംമൂടിക്കിടക്കുന്ന നെരിപ്പോടുകളിലെ നൈരാശ്യത്തിന്റെ കനലുകള്‍ ഏതുനിമിഷവും കത്തിക്കാളാം. ചുറ്റുപാടുകളെ ആ അഗ്നി നിമിഷങ്ങള്‍കൊണ്ടു ചാമ്പലാക്കിയെന്നുമിരിക്കും. ഒരു ക്രിസ്മസ്നാളും അങ്ങനെയായിക്കൂടെന്നു നമുക്ക് അറിയാമെങ്കിലും എന്തുകൊണ്േടാ അങ്ങനെയായിപ്പോകുന്നുവെന്ന യാഥാര്‍ഥ്യത്തിന്റെ മുമ്പില്‍ മതനേതാക്കളും രാഷ്ട്രീയനേതാക്കളും വിദ്യാഭ്യാസപ്രവര്‍ത്തകരും സാമൂഹികസേവകരും ഇതികര്‍ത്തവ്യതാമൂഢരാകുന്നു.

പണവും മദ്യവും മദിരാക്ഷിയുമാണു ജീവിതത്തെ സമ്പന്നമാക്കുന്നതെന്നു വരുംതലമുറകളെ പ്രത്യക്ഷമായും പരോക്ഷമായും പഠിപ്പിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഒരിക്കലും ക്രിസ്മസിന്റെ സന്ദേശം വരുംതലമുറകള്‍ക്കു കൈമാറാനോ മാലാഖമാരുടെ സമാധാനഗാനം അവരെ പാടിക്കേള്‍പ്പിക്കാനോ അതിനെ ശക്തിദായകമായ ഒരു ഉണര്‍ത്തുഗാനമാക്കി മാറ്റാനോ സാധിക്കയില്ല.

ദൈവവചനം മനുഷ്യരൂപം സ്വീകരിച്ചത് അന്ധതയുടെ ഇരുട്ടില്‍ കഴിയുന്ന മനുഷ്യരെ മോചിപ്പിച്ചു തന്നോടൊപ്പം തന്നെപ്പോലെ മനുഷ്യപുത്രരാക്കി മണ്ണില്‍നിന്നു വിണ്ണിലേക്കുയര്‍ത്താന്‍, ഈ മണ്ണിനെ വിണ്ണാക്കി മാറ്റാന്‍, ആണ്. പക്ഷേ മനുഷ്യനു മണ്ണുതന്നെ മതിയെങ്കില്‍ എന്തുചെയ്യും? ഈ മണ്ണു വിണ്ണായി മാറിയാല്‍ സ്വാര്‍ഥതയെ പറിച്ചെറിയേണ്ടിവരും എന്നു മനസിലാക്കുന്നവര്‍ ആടയാഭരണങ്ങള്‍ അണിഞ്ഞു മേനി നടിക്കുകയും പുറംമോടികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന താത്പര്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഏതു കൊടുംക്രൂരകൃത്യവും ചെയ്യാന്‍ തയാറായി നില്‍ക്കുകയും ചെയ്യുന്നതാണ് എവിടെയും കാണാനാകുക. അവര്‍ മനുഷ്യപുത്രനു കുരിശു പണിയുകയും കാരിരുമ്പാണികള്‍ക്കു മൂര്‍ച്ച കൂട്ടുകയും തക്കംകിട്ടിയാല്‍ ആണിയടിക്കാന്‍ ഉറപ്പേറിയ ഇരുമ്പുചുറ്റിക തയാറാക്കി സൂക്ഷിക്കുകയും ചെയ്യുന്നു.

സ്വാര്‍ഥതാത്പര്യങ്ങള്‍ക്കു ക്ഷതമേല്‍ക്കുമെന്ന ഭീതി തോന്നുന്ന ആദ്യനിമിഷംതന്നെ ഈ കുരിശും കാരിരുമ്പാണിയും ചുറ്റികയും പ്രയോജനപ്പെടുത്താന്‍ അധികമാര്‍ക്കും ഭയമില്ല, മടിയില്ല. തന്റെ രാജത്വത്തിനു ഭീഷണിയായി ഒരു കുഞ്ഞു ജനിച്ചിരിക്കുന്നുവെന്നു കേട്ടപാടേ രണ്ടുവയസിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും നിഗ്രഹിക്കാന്‍ പട്ടാളക്കാരെ അയച്ച മഹാരാജാവിന്റെ മനോഭാവംതന്നെയല്ലേ, തങ്ങളുടെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കും മോഹങ്ങള്‍ക്കും ഭീഷണിയായി മാറിയേക്കാവുന്ന ഏതു ചിന്താഗതിയെയും വ്യക്തിയെയും തന്ത്രപൂര്‍വം ഇല്ലായ്മ ചെയ്യാന്‍ അധികാരം വിനിയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ വച്ചുപുലര്‍ത്തുന്നത്?

ക്രിസ്മസ്രാവില്‍ വചനം മാംസമായി മനുഷ്യരൂപം ധരിച്ചു നമ്മുടെയിടയിലേക്കു കടന്നുവന്നതു തിന്മയുടെ അന്ധകാരത്തില്‍നിന്നു മനുഷ്യനെ മോചിപ്പിച്ചു നന്മയുടെ സ്വര്‍ഗതലത്തിലേക്ക് അവനെ ഉയര്‍ത്താനാണ്. എന്നാല്‍, ഇന്ന് എന്താണു സംഭവിക്കുന്നത്? ഭൌതികതയാകുന്ന മാംസം പൈശാചിക വചനങ്ങള്‍ക്കു ജന്മം കൊടുത്തുകൊണ്ടിരിക്കുന്നു. ആ പൈശാചിക മാംസവചന ദര്‍ശനത്തിനാണ് ഇന്ന് എവിടെയും വില! പ്രത്യക്ഷമായും പരോക്ഷമായും മാംസസ്വാര്‍ഥതയെ ദര്‍ശനമാക്കിക്കൊണ്ട്, അല്ലെങ്കില്‍ വചനമാക്കിക്കൊണ്ട്, സ്വന്തം ധനദാഹവും മാംസദാഹവും ശമിപ്പിക്കപ്പെടുന്നു. ഭൌതിക, വൈകാരിക ദാഹശമനത്തിനായി എന്തും ചെയ്യാന്‍ തയാറുള്ളവര്‍ മനുഷ്യമനസുകളുടെ ആധിപത്യം ഏറ്റെടുക്കുകയും വിണ്ണിലേക്കുയരുന്നവരെ വലിച്ചുതാഴെയിടുകയും ചെയ്യുന്നു. പണത്തിലും സ്ഥാനമാനങ്ങളിലും അധികാരത്തിലുമാണ് അവര്‍ സായുജ്യം തേടുന്നത്.

ലക്ഷ്യസാക്ഷാത്കാരത്തിന് എന്തു കുത്സിതമാര്‍ഗവും സ്വീകരിക്കുന്നവര്‍ക്ക്, മദ്യസംസ്കാരത്തിന്റെ മദോന്മത്തതയില്‍ ക്രിസ്മസിന്റെ ആനന്ദം കണ്െടത്തുന്നവര്‍ക്ക്, മാംസമായ ദൈവവചനത്തെ സ്വീകരിക്കാനാവില്ല; സ്വന്തം മൃഗീയവാസനകളെ വചനമാക്കി ഒരു നരകം സൃഷ്ടിക്കാനായി പണവും മദ്യവും സ്വാധീനവും ഉപയോഗിക്കാതിരിക്കാനുമാവില്ല.


ഈ ക്രിസ്മസിലേക്കുള്ള നാളുകളില്‍, നോമ്പുകാലത്ത്, നമ്മുടെ നാട്ടില്‍ത്തന്നെ എന്തൊക്കെയാണു സംഭവിച്ചതെന്ന് ഇവിടെ എടുത്തെഴുതേണ്ടതില്ല. വിദേശങ്ങളില്‍ എന്താണു സംഭവിച്ചതെന്നും എഴുതിച്ചേര്‍ക്കേണ്ടതില്ല. ഭര്‍ത്താവുമായി പിരിഞ്ഞു മക്കളുമായി താമസിച്ച സ്വന്തം അമ്മയെ അവര്‍ സ്വയരക്ഷയുടെ പേരില്‍ സൂക്ഷിച്ചിരുന്ന തോക്കിനുതന്നെ ഇരയാക്കിയശേഷം, അവര്‍ പഠിപ്പിച്ചിരുന്ന വിദ്യാലയത്തിലെത്തി ഇരുപതു കുഞ്ഞിപ്പൈതങ്ങളെയും ഏഴ് അധ്യാപകരെയും വെടിവച്ചുകൊന്ന് അവസാനം സ്വന്തം ജീവനുമെടുത്തു തകര്‍ന്ന ഇരുപതുകാരന്റെ ലോകമാണിത്. ഇത് ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. എന്നിട്ടും തോക്കുസംസ്കാരത്തോടു വിടപറയാന്‍, മൃഗീയവാസനകളെ വചനദര്‍ശനമാക്കിക്കൊണ്ടിരിക്കുന്ന ഒരു ജനത തയാറല്ല.

ഒരാഴ്ചമുമ്പ് ഡല്‍ഹിയില്‍ അരങ്ങേറിയ കൂട്ടമാനഭംഗം സൃഷ്ടിച്ച ജനരോഷാഗ്നിയില്‍ ഡല്‍ഹി കത്തിക്കൊണ്ടിരിക്കേ, ഒത്തിരിയേറെ ചോദ്യങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ടു ചോദിക്കേണ്ടിവരും. അരുചികരമാകാം ആ ചോദ്യങ്ങള്‍. ആ രോഷാഗ്നി ആളിക്കത്തിക്കുന്നവരില്‍ ചിലരെങ്കിലും നെഞ്ചില്‍ കൈവച്ചു ചോദിക്കേണ്ടതുണ്ടാകും, തങ്ങളുടെ ഈ രോഷപ്രകടനം അഭിസാരികയുടെ ചാരിത്യ്രപ്രസംഗം പോലെയല്ലേ എന്ന്? ഡല്‍ഹിയില്‍ നിഷ്ഠുരമായ കൂട്ടമാനഭംഗത്തിലെ ഒരു പ്രതി 18 വയസു തികയാത്ത വിദ്യാര്‍ഥിയായിരുന്നുവെന്ന കാര്യം സമരം ചെയ്യുന്ന വിദ്യാര്‍ഥിലോകവും മറന്നുകൂടാ. നിയമം അവനോടും ദാക്ഷിണ്യം കാട്ടിയെന്നുവരും; കാരണം അവന്‍ മൈനറാണ്!

ഇതെഴുതുമ്പോള്‍, മുമ്പിലിരിക്കുന്ന പത്രങ്ങളില്‍ അച്ചടിച്ചുവച്ചിരിക്കുന്ന വാര്‍ത്തകള്‍ അറപ്പും വെറുപ്പും ഉണ്ടാക്കുന്നവയാണ്. ബസിലെ കൂട്ടപീഡനത്തിനെതിരേ തലസ്ഥാനം പ്രതിഷേധച്ചൂടില്‍ വെന്തുരുകുമ്പോള്‍ത്തന്നെ തലസ്ഥാനമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രൂരമായ സ്ത്രീപീഡനങ്ങളും ബാലപീഡനങ്ങളും അരങ്ങേറി. ത്രിപുരയില്‍ വീട്ടമ്മയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുക മാത്രമല്ല, അവരെ നഗ്നയായി വഴിനടത്തുകയും ചെയ്തു.

പ്ളേ സ്കൂളിലെ മൂന്നുവയസുകാരിയെ മയക്കുമരുന്നു നല്‍കിയ ശേഷം പീഡിപ്പിച്ച സംഭവവുമുണ്ടായി. കേരളത്തില്‍ അടുത്തകാലത്തു നടന്ന പീഡനങ്ങളിലെ പ്രതികള്‍ അച്ഛനും അമ്മയും സഹോദരരും അധ്യാപകരുമൊക്കെയാണെന്നോര്‍ക്കുമ്പോള്‍ മാംസതാത്പര്യങ്ങളെ അവര്‍ അവരുടെ ദൈവമാക്കി മാറ്റിയതിന്റെ ദുരന്തഫലങ്ങള്‍ എന്നല്ലാതെ ഇതേപ്പറ്റിയൊക്കെ എന്തുപറയാനാവും? അധാര്‍മികതയില്‍ വളര്‍ന്നുവരുകയാണൊരു തലമുറ, അസാന്മാര്‍ഗികതയില്‍ അവരെ വാര്‍ത്തെടുക്കുകയാണു സമൂഹം. പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും അഴിമതികളുടെയും എല്ലാം പിന്നിലുള്ളതു മദ്യവും പണമോഹവും അധാര്‍മികതയുമല്ലേ? മനുഷ്യനെ മൃഗമാക്കുന്ന അമിത മദ്യപാനത്തിന്റെ സൃഷ്ടികളാണു പല കുറ്റവാളികളും. കൂട്ടിക്കൊടുപ്പുകാരില്‍, ഉന്നത പദവികളിലുള്ള സ്ത്രീകളും പുരുഷന്മാരും ഉണ്െടന്ന വസ്തുതയും ആരും മറക്കേണ്ട. സദാചാരപ്പോലീസിന്റെ നാടാണിത്!

അച്ഛനും അമ്മയുംകൂടി പ്രായപൂര്‍ത്തിയാകാത്ത മകളെ പണത്തിനായി പീഡനത്തിനു വിട്ടുകൊടുത്തു പണമുണ്ടാക്കുന്ന നാടാണിത്. കൂട്ടിക്കൊടുപ്പിനായി ഏജന്‍സി നടത്തുന്ന മാന്യവനിതകളുടെ നാട്. എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ മാംസദാഹത്താല്‍ വലിച്ചുകീറുന്ന ബന്ധുക്കളുടെയും സ്വന്തക്കാരുടെയും നാട്. ഈ നാടിനു സാംസ്കാരിക നായകന്മാര്‍ കൊടുത്തിരിക്കുന്ന പേരാണ് 'ദൈവത്തിന്റെ നാട്' എന്നത്! ഈ നാട്ടിലും യേശു ജനിക്കുന്നു, പ്രകാശമായി, പ്രതീക്ഷയായി. സ്ത്രീശരീരത്തെ, ശരീരസൌന്ദര്യത്തെ, വില്പനച്ചരക്കാക്കുന്നവരുടെ നാട്ടില്‍, ടെലിവിഷന്‍ സ്ക്രീനില്‍ അടിവസ്ത്രംവരെ ഉരിയാന്‍ അറപ്പില്ലാത്ത യുവാക്കളുടെയും യുവതികളുടെയും ആവിഷ്കാരസ്വാതന്ത്യ്രത്തിന്റെ മുന്നില്‍, ഉണ്ണിയേശുവിന്റെ നാദം നിസഹായതയുടെ നിലവിളിയായിപ്പോകുമോ?

സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ തന്നെ ഈ അധാര്‍മികതയുടെ തേര്‍വാഴ്ചയുണ്െടന്ന കാര്യവും മറക്കേണ്ട. ഇതിനു പാര്‍ട്ടിവ്യത്യാസമില്ല, മതവ്യത്യാസമില്ല, ജാതിവ്യത്യാസമില്ല. എല്ലാവര്‍ക്കും ലോകത്തിന്റെ വിക്ടറി സ്റാന്‍ഡില്‍ സ്ഥാനമുണ്ട്. മദ്യസംസ്കാരവും അതിന്റേതായ സ്വാഭാവിക പ്രവണതകളും ഇന്ത്യന്‍ സമൂഹത്തിലാകെ, പ്രത്യേകിച്ചും കേരളസമൂഹത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ദയനീയ സ്ഥിതിവിശേഷം നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതിവിശേഷത്തില്‍നിന്നു നാം കരേറുകയും നമ്മിലെ ഇരുള്‍ അകലുകയും ചെയ്യുന്ന പുതുദിനമാകട്ടെ 2012-ലെ ഈ ക്രിസ്മസ് ദിനം.

"വ്യഭിചാരിക്കും അശുദ്ധനും ദ്രവ്യാഗ്രഹിക്കും മിശിഹായുടെയും ദൈവത്തിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ വ്യക്തമായും മനസിലാക്കിക്കൊള്ളുവിന്‍'' എന്ന വിശുദ്ധ പൌലോസിന്റെ വചനം ക്രൈസ്തവലോകത്തെയെങ്കിലും ഈ ക്രിസ്മസ് ദിനത്തില്‍ ചിന്തിപ്പിക്കണം.

"ഒരിക്കല്‍ നിങ്ങള്‍ ഇരുളായിരുന്നു, ഇന്നാകട്ടെ കര്‍ത്താവില്‍ പ്രകാശവും. അതുകൊണ്ടു പ്രകാശത്തിന്റെ മക്കളെപ്പോലെ ജീവിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണു കാണപ്പെടുന്നത്. കര്‍ത്താവിനെ പ്രസാദിപ്പിക്കുന്നത് എന്തെന്നു വിവേചിച്ചറിയുവിന്‍. അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവൃത്തികളില്‍ നിങ്ങള്‍ പങ്കുചേരരുത്, മറിച്ച് അവ തെറ്റാണെന്നു കാണിച്ചുകൊടുക്കുവിന്‍. രഹസ്യമായി അവര്‍ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമാണ്'' (എഫേ 5, 8-13).

"വീഞ്ഞു കുടിച്ച് ഉന്മത്തരാകരുത്, അതില്‍ ഭോഗാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാല്‍ നിറഞ്ഞവരാകുവിന്‍. സങ്കീര്‍ത്തനങ്ങളാലും സ്തോത്രങ്ങളാലും ആധ്യാത്മികഗീതങ്ങളാലും അന്യോന്യം സംഭാഷണം ചെയ്യുവിന്‍'' (എഫേ. 5, 18-19).

"അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം.'' ഓര്‍ക്കുക - സന്മനസുള്ളവരാകാനുള്ള ആഹ്വാനമാണു ക്രിസ്മസ്. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കുമുള്ള ആഹ്വാനമാണിത്; പ്രത്യേകിച്ചും യേശുവിനെ ദൈവമായി ആരാധിക്കുന്നവര്‍ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.