ജേസീസ് അഖിലേന്ത്യാ സമ്മേളനം 27ന്
തൃശൂര്‍: ജേസീസ് ദേശീയ സമ്മേളനം 27നു വൈകുന്നേരം 5.30നു ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. 24 സംസ്ഥാനങ്ങളില്‍നിന്നായി അയ്യായിരത്തോളം പ്രതിനിധികള്‍ നാലുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.

ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, മലേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നായി നൂറോളം പ്രതിനിധികളും പങ്കെടുക്കും.

ഉദ്ഘാടനസമ്മേളനത്തില്‍ ജേസീസ് അഖിലേന്ത്യാ പ്രസിഡന്റ് നിലേഷ് സവാര്‍ അധ്യക്ഷനാകും. മികവു പുലര്‍ത്തിയവര്‍ക്കുള്ള കമല്‍പത്ര അവാര്‍ഡുകള്‍ സമ്മാനിക്കും. ദേശീയതലത്തില്‍ പത്തു ലക്ഷം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ടാലന്റ് സര്‍ച്ച് പരീക്ഷയിലെ ജേതാക്കള്‍ക്കുള്ള പുരസ്കാരങ്ങളും സമ്മാനിക്കും.


കേരളത്തിലെ ജേസീസ് ഘടകങ്ങള്‍ ഒന്നിച്ചാണ് ആതിഥേയത്വം വഹിക്കുന്നത്. 23 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് കേരളത്തില്‍ ജേസീസ് ദേശീയ സമ്മേളനം നടക്കുന്നതെന്നു സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. എ.വി. വാമനകുമാര്‍, വൈസ് ചെയര്‍മാന്‍ അഡ്വ. ഷൈന്‍ ടി. ഭാസ്കരന്‍, എന്‍.ബി. സ്വരാജ്, ജോണ്‍ പോള്‍ നെല്ലിശേരി, ജിയോ ജോബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.