ഓണത്തിന്റെ തലേന്ന് അച്ഛന്‍ മരിച്ചു; ക്രിസ്മസ് തലേന്നു മകനും
കോട്ടയം: ഓണത്തിന്റെ തലേന്നാള്‍ ഹൃദ്രോഗബാധയെത്തുടര്‍ന്നു മരിച്ചയാളുടെ മകന്‍ ക്രിസ്മസ് തലേന്നു മുങ്ങിമരിച്ചു. മറിയപ്പള്ളി കുറുമണ്ണൂര്‍ പരേതനായ സനകന്റെ മകനും പള്ളം സിഎംഎസ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയുമായ കെ.എസ്. അരുണ്‍(14)ആണ് ഇന്നലെ രാവിലെ കൊടൂരാറ്റിലെ മണല്‍ക്കുഴിയില്‍ മുങ്ങിമരിച്ചത്. കഴിഞ്ഞ ഓണത്തിന്റെ തലേന്നാണ് പിതാവ് സനകന്‍ മരിച്ചത്.

ഇന്നലെ രാവിലെ 9.30നു കൊടൂരാറ്റില്‍ പാക്കില്‍ മുണ്ടകത്തില്‍ കടവില്‍ കുളിക്കാനെത്തിയതായിരുന്നു അരുണും മറ്റു മൂന്നു സുഹൃത്തുക്കളും. കടവിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ അരുണ്‍ കൊടൂരാറ്റിലെ കുളിക്കടവില്‍ ഇട്ടിരുന്ന തടിയില്‍നിന്നു തെറ്റി കാല്‍വഴുതി മണല്‍ക്കുഴിയില്‍ വീഴുകയായിരുന്നു. സുഹൃത്തുക്കളും അയല്‍വാസികളുമായ രാഹുല്‍, ശരത് എന്നിവര്‍ അരുണിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഓടിക്കൂടിയ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനവും ഫലവത്തായില്ല.


ചിങ്ങവനം എസ്ഐ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസും അഗ്നിശമന സേനയും എത്തിയാണു മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്നു മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോസ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഗീതയാണു മാതാവ്. ഏക സഹോദരി ഐശ്വര്യ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കൊടൂരാറ്റില്‍ വന്‍ തോതില്‍ ജെറ്റ് പമ്പ് ഉപയോഗിച്ച് അനധികൃത മണല്‍ ഖനനം നടക്കുന്നുണ്ട്.

രാത്രിയിലാണു മണല്‍ഖനനം നടക്കുന്നത്. ഖനനം നടത്തുന്ന മണല്‍ ആറ്റില്‍ത്തന്നെഒരു സ്ഥലത്തു നിക്ഷേപിക്കുകയാണ്. ഇങ്ങനെ നിക്ഷേപിച്ച മണല്‍കൂനയില്‍ കയറിയ വിദ്യാര്‍ഥികള്‍ ഇതിനോടു ചേര്‍ന്നുള്ള കുഴിയില്‍ അകപ്പെടുകയായിരുന്നു.