ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞു
നെടുമ്പാശേരി: രാജ്യത്ത് 2012ല്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞു. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 534.14 ലക്ഷം ആഭ്യന്തര യാത്രക്കാരാണ് ഈ വര്‍ഷം സഞ്ചരിച്ചത്. അതേസമയം, ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം 550.33 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ്(ഡിജിസിഎ) ഇതുസംബന്ധിച്ച സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിപണി വിഹിതത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് ഇന്‍ഡിഗോ വിമാനക്കമ്പനിയാണ്. മൊത്തം യാത്രക്കാരില്‍ 27.3 ശതമാനം പേര്‍ ഇന്‍ഡിഗോയിലാണു സഞ്ചരിച്ചത്. ജെറ്റ് എയര്‍വെയ്സ്, ജെറ്റ് ലൈറ്റ് ഫ്ളൈറ്റുകളില്‍ മൊത്തം 25.2 ശതമാനം പേരും എയര്‍ ഇന്ത്യയില്‍ 20.7 ശതമാനം പേരുമാണു യാത്ര ചെയ്തിട്ടുള്ളത്. സമയനിഷ്ഠയിലും പിന്തള്ളപ്പെട്ടത് എയര്‍ ഇന്ത്യയാണ്. 67.9 ശതമാനം എയര്‍ ഇന്ത്യ ഫ്ളൈറ്റുകള്‍ മാത്രം സമയനിഷ്ഠ പാലിച്ചപ്പോള്‍ ഇന്‍ഡിഗോ 93 ശതമാനവും ജെറ്റ് എയര്‍വെയ്സ് 84.8 ശതമാനവും സമയനിഷ്ഠ പാലിച്ചു.